ഭക്ഷണം വിശപ്പിന് കഴിക്കുന്നതുമാത്രമല്ല, ഇഷ്ടം കൊണ്ട് കഴിക്കുന്നവരും, ഇനി ഇഷ്ടമില്ലാതെ കഴിക്കുന്നവരും ഏറെയുണ്ട്. വിവിധ രുചികളിറിയാൻ പല നാടുകളിൽ പോയി അവിടുത്തെ വിഭവങ്ങൾ ആസ്വദിച്ച് കഴിക്കുന്നവർ. ചിലരാകട്ടെ ഭക്ഷണം ബാക്കിയാകാതിരിക്കാൻ, ദേഷ്യം വരുമ്പോൾ, മാനസികമായി അസ്വസ്ഥത അനുഭവിക്കുമ്പോൾ അങ്ങനെയങ്ങനെ പലതരത്തിലാണ് മനുഷ്യർ ഭക്ഷണം കഴിക്കുന്നത്.
എന്നാൽ ഭക്ഷണം അധികമായാൽ ആരോഗ്യത്തിന് ദോഷമാണ്. അമിതഭാരം, മറ്റ് ജീവിതശൈലി രോഗങ്ങൾ, ഹോർമോൺ അസന്തുലിതാവസ്ഥ, ദഹനപ്രശ്നങ്ങൾ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് അത് നയിക്കും. ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിലാകും അമിതഭക്ഷണം ശരീരത്തെ പ്രതിസന്ധിയിലാക്കുന്നത്.
ആവശ്യമറിഞ്ഞുവേണം ഭക്ഷണം ഓർഡർ ചെയ്യാൻ, അല്ലെങ്കിൽ പാകം ചെയ്യാൻ. കഴിക്കുന്ന ആളുകളുടെ എണ്ണവും താൽപര്യവും മനസിലാക്കി ഭക്ഷണം എടുക്കുക. ഹോട്ടലുകളിൽ കയറി ആവേശത്തോടെ നിരവധി വിഭവങ്ങൾ ഓർഡർ ചെയ്യുന്നത് ഒഴിവാക്കുക. കുറച്ച് വാങ്ങി കഴിച്ചതിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ ഓഡർ ചെയ്യുക.
കൂടുതൽ ഭക്ഷണം ഒരുമിച്ച് കഴിച്ച് വയറു നിറയ്ക്കുന്നതിനേക്കാൾ നല്ലത് പല തവണയായി അളവുകുറച്ച് ഭക്ഷണം കഴിക്കുക എന്നതാണ്. അതുപോലെ തന്നെ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഭക്ഷണം അകത്തു ചെന്നു എന്ന് മനസിലാക്കിത്തരുന്ന ലക്ഷണങ്ങളുണ്ട്. അവ തിരിച്ചറിഞ്ഞ് നിയന്ത്രിച്ചാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സാധിക്കും.
1 - മൂക്കിൽ നിന്ന് വെള്ളം ഒലിക്കൽ
ആവശ്യത്തിലധികം ഭക്ഷണം അകത്തായാൽ മൂക്കിൽ നിന്ന് വെള്ളം വരാൻ തുടങ്ങും. ഇനി ഭക്ഷണം വേണ്ട, വിശ്രമവും ദഹനവും ആവശ്യമാണ് എന്ന് ശരീരം പറയുകയാണെന്ന് തിരിച്ചറിയണം.
2. ഭക്ഷണത്തിൽ നിന്ന് ശ്രദ്ധ മാറുക
ശരീരത്തിനാവശ്യമായ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നെ വിഭവങ്ങളിലേക്കുള്ള ശ്രദ്ധ കുറയും. പലരും സംസാരിക്കാനും, പരിസരം വീക്ഷിക്കാനും തുടങ്ങും. അതോടെ ഭക്ഷണം മതിയാക്കാൻ ശ്രമിക്കുക.
കഴിക്കാൻ തുടങ്ങുമ്പോൾ ഉണ്ടായിരുന്ന ഉത്സാഹം കുറയുക, വയറ് നിറഞ്ഞതായി തോന്നുക, കിതപ്പ്, സ്പൂണും, ഫോർക്കുമെല്ലാം പ്ലേറ്റിൽ വച്ച് കസേരയിലേക്ക് ചാഞ്ഞിരിക്കുക തുടങ്ങി ഭക്ഷണം മതിയായാൽ എല്ലാവരിലും ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കാണാം. അത് തിരിച്ചറിഞ്ഞ്, കഴിക്കുക. ഒപ്പം ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക.