LIFE

കുട്ടികളിലെ പൊണ്ണത്തടി; സൂക്ഷിച്ചാൽ, ദുഃഖിക്കേണ്ട!

പൊണ്ണത്തടി തടയുന്നതിനുള്ള ഏറ്റവും പുതിയ ആഗോള മാർഗനിർദേശങ്ങളിലാണ് റിപ്പോർട്ട് ഉള്ളത്.

Author : ന്യൂസ് ഡെസ്ക്

കുട്ടികളിലെയും കൗമാരക്കാരിലേയും പൊണ്ണത്തടി ഇക്കാലത്ത് വളരെ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള ഏകദേശം 18കോടി 80 ലക്ഷം കുട്ടികളും കൗമാരക്കാരും പൊണ്ണത്തടിയുള്ളവരായി ജീവിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. പൊണ്ണത്തടി തടയുന്നതിനുള്ള ഏറ്റവും പുതിയ ആഗോള മാർഗനിർദേശങ്ങളിലാണ് ഈ റിപ്പോർട്ട് ഉള്ളത്.

5നും 19നും ഇടയിൽ പ്രായമുള്ള ഏകദേശം 39 കോടി കുട്ടികൾ അമിതഭാരമുള്ളവരാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതിൽ 18 കോടി 80 ലക്ഷം പേർ പൊണ്ണത്തടിയുള്ളവരാണ്, ഇത് അവരെ പിന്നീടുള്ള ഉള്ള ജീവിതത്തിൽ പ്രമേഹം, ഹൃദ്രോഗം, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുടെ ഉയർന്ന അപകടസാധ്യതയിലേക്കാണ് നയിക്കുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെയും ടെലിവിഷനിലൂടെയുമുള്ള പരസ്യങ്ങള്‍ കുട്ടികളെ സ്വാധീനിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം പരസ്യങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുന്ന അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളാണ് ഇന്ന് കുട്ടികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളായി മാറുന്നതെന്നും ആരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിൽ ലഭ്യമാകുന്ന ഭക്ഷണസാധനങ്ങളുടെ എക്സ്പോഷർ, ആജീവനാന്ത ഭക്ഷണശീലങ്ങളെ രൂപപ്പെടുത്തുകയും ചെറുപ്പത്തിൽ തന്നെ പൊണ്ണത്തടി വർദ്ധിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു എന്ന് സംഘടന വ്യക്തമാക്കുന്നു. സമ്പന്ന രാജ്യങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു പ്രശ്നമല്ല ഇതെന്നും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡബ്ല്യൂഎച്ച്ഒ പറയുന്നു.

വീട്ടിൽ നിന്നും കഴിക്കുന്നതിനെക്കാൾ ജങ്ക് ഫുഡുകൾ കഴിക്കാനാണ് ആളുകൾ പൊതുവേ താൽപ്പര്യപ്പെടുന്നത്. ഇത്തരം ഭക്ഷണങ്ങൾ പൂർണമായും ഉപേക്ഷിക്കാൻ പലർക്കും പറ്റിയെന്ന് വരില്ല. എന്നാൽ, അനാരോഗ്യമായ ഭക്ഷണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നതേ ചെയ്യാൻ കഴിയൂ എന്നും സംഘടന വ്യക്തമാക്കുന്നു. അടിയന്തര നടപടി എന്നതിലൂടെ സംഘടന ആദ്യം ആവശ്യപ്പെടുന്നത് വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കേണ്ട ചില കാര്യങ്ങളാണ്.

ആരോഗ്യകരമായ ഭക്ഷണക്രമങ്ങൾ ചെറുപ്രായത്തിൽ തന്നെ ആരംഭിക്കുന്ന ഒന്നാണ്. കുട്ടികളെ സംബന്ധിച്ച് അവർ അവരുടെ സമയത്തിൻ്റെ ഏറിയ പങ്കും ചെലവഴിക്കുന്നത് വിദ്യാലയങ്ങളിലാണ്. അതിനാൽ കഴിക്കുന്ന ഭക്ഷണങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും സംഘടന അടിവരയിടുന്നു. ഭക്ഷണകാര്യങ്ങളെ കുറിച്ചുള്ള പദ്ധതികളിൽ മാത്രം പോരെന്നും, മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കാൻ സമിതിയെ നിയോഗിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

ശക്തമായ ഇടപെടലുകൾ ഇല്ലെങ്കിൽ, കുട്ടികളിലെ പൊണ്ണത്തടി വർദ്ധിച്ചുകൊണ്ടിരിക്കുമെന്ന് ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പ് നൽകുന്നു, ഇത് ആരോഗ്യ സംവിധാനങ്ങളിൽ ദീർഘകാലത്തേക്ക് സ്വാധീനം ചെലുത്തുമെന്നും ഭാവിയിലെ ഉൽപ്പാദനക്ഷമതയെ കുറയ്ക്കുകയും ചെയ്യുമെന്നും റിപ്പോർട്ട് ഉണ്ട്. ആജീവനാന്ത രോഗങ്ങളെ ചികിത്സിക്കുന്നതിനേക്കാൾ വളരെ എളുപ്പവും, ചെലവ് കുറഞ്ഞതുമായി നടപടി പൊണ്ണത്തടി നേരത്തേ തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കുക എന്നതാണ് എന്ന് ലോകാരോഗ്യ സംഘടന ഓർമപ്പെടുത്തുന്നു.

SCROLL FOR NEXT