അവധിക്കാലം ആഘോഷിക്കാന്‍ ഒരു യാത്ര പോകണമെന്ന് വിചാരിച്ചാല്‍ ആദ്യം നമ്മള്‍ നോക്കുന്നത് എന്തായിരിക്കും? ടിക്കറ്റ് നിരക്ക്, ഹോട്ടല്‍ ബുക്കിങ്, താമസച്ചെലവ്... യാത്രയ്ക്ക് പോകുന്നതിന് മുമ്പേ പകുതി ബജറ്റും തീര്‍ന്നിട്ടുണ്ടാകും! എന്നാല്‍ ഹോട്ടലില്‍ ഒരു രൂപ പോലും ചെലവാക്കാതെ യാത്ര ചെയ്യാന്‍ കഴിഞ്ഞാലോ? അതും സ്വന്തം വീട്ടിന്റെ താക്കോല്‍ ഏതോ അപരിചിതന് കൈമാറി, അയാളുടെ വീട്ടില്‍ പോയി താമസിച്ചുകൊണ്ട്! കേള്‍ക്കുമ്പോള്‍ അല്‍പ്പം വിചിത്രമായി തോന്നുന്നില്ലേ?
പക്ഷെ, ചൈനയില്‍ ഇപ്പോള്‍ ഇതാണ് ട്രെന്‍ഡ്. അവിടെ പ്രായമായവര്‍ പുതിയ കാര്യങ്ങള്‍ എക്സ്പ്ലോര്‍ ചെയ്യുകയാണ്, ചെറുപ്പക്കാരുടെ ടെന്‍ഷനുകളൊന്നും അവരെ ബാധിക്കുന്നില്ല... അന്യന്റെ വീട് സ്വന്തം വീട് പോലെ കാണുക മാത്രമല്ല, സ്വന്തം വീട് വല്ലവര്‍ക്കും താമസിക്കാനും കൊടുത്താണ് ട്രിപ്പ്. വീടുകള്‍ പരസ്പരം കൈമാറി അവധിക്കാലം ആഘോഷിക്കുന്നു! ഹോട്ടല്‍ ബില്ലില്ല, താമസച്ചെലവില്ല. പകരം പുതിയൊരു സ്ഥലവും പുതിയ സൗഹൃദങ്ങളും!
പേര് തന്നെ ഹോം സ്വാപ്പിങ് എന്നാണ്. അതായത് വീടുകള്‍ പരസ്പരം കൈമാറുക. ഉദാഹരണത്തിന്, നിങ്ങള്‍ കൊച്ചിയിലാണ് താമസിക്കുന്നതെന്ന് കരുതുക. നിങ്ങള്‍ക്ക് ഡല്‍ഹി കാണാന്‍ പോകണം. അതേസമയം ഡല്‍ഹിയില്‍ താമസിക്കുന്ന ഒരാള്‍ക്ക് കൊച്ചിയും സന്ദര്‍ശിക്കണം. അപ്പോള്‍ നിങ്ങള്‍ രണ്ടുപേരും പരസ്പരം വീടുകള്‍ കൈമാറുന്നു.
നിങ്ങള്‍ ഡല്‍ഹിയിലുള്ളയാളുടെ വീട്ടില്‍ താമസിക്കുമ്പോള്‍ അയാള്‍ കൊച്ചിയിലെ നിങ്ങളുടെ വീട്ടില്‍ താമസിക്കും. രണ്ടുപേര്‍ക്കും താമസിക്കാന്‍ ഹോട്ടല്‍ വേണ്ട. പണം ചെലവാക്കേണ്ടതുമില്ല... ഇനി ഒരേ സമയത്ത് യാത്ര ചെയ്യാന്‍ കഴിയുന്നില്ലെങ്കിലോ? അതിനും വഴിയുണ്ട്.... ഒരാള്‍ക്ക് ആദ്യം മറ്റൊരാളുടെ വീട്ടില്‍ താമസിക്കാം. അത്രയും നാള്‍ ഏതെങ്കിലും ബന്ധുക്കളുടെ വീട്ടില്‍ സ്വന്തം താമസം ഒരുക്കാം. ഇങ്ങനെ വീടിന്റെ താക്കോല്‍ കൈമാറി യാത്ര ചെയ്യുന്നതാണ് ഹോം സ്വാപ്പിങ്.
ചൈനയില്‍ എന്തുകൊണ്ട് ഈ ട്രെന്‍ഡ്?
യഥാര്‍ത്ഥത്തില്‍ ഇതൊരു പുതിയ ആശയമല്ല. അമ്പതുകളില്‍ തന്നെ യൂറോപ്യന്‍മാര്‍ക്കിടയില്‍ ഇങ്ങനെയൊരു പതിവുണ്ടായിരുന്നു. 1950കളില്‍ യൂറോപ്പിലെ അധ്യാപകര്‍ക്കിടയിലാണ് വീടുകള്‍ പരസ്പരം കൈമാറിയുള്ള യാത്രയ്ക്ക് തുടക്കമായത്.
2006 ല്‍ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചിത്രമുണ്ട്, 'ദി ഹോളിഡേ'. രണ്ട് രാജ്യങ്ങളിലുള്ള രണ്ട് യുവതികള്‍, അവരുടെ പ്രശ്നങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ വീടുകള്‍ പരസ്പരം മാറി കുറച്ചുനാള്‍ താമസിക്കുന്നു. വ്യത്യസ്ത സാഹചര്യങ്ങല്‍ അവര്‍ പുതിയ ആളുകളെ പരിചയപ്പെടുന്നതും പ്രണയങ്ങളുണ്ടാകുന്നതുമൊക്കെയാണ് ഹോളിഡേയുടെ കഥ. കണ്ടിരിക്കാന്‍ പറ്റുന്ന ഒരു ഫീല്‍ ഗുഡ് സിനിമ. അതെന്തായാലും ഹോം സ്വാപ്പിങ് എന്ന ആശയത്തിന് അന്താരാഷ്ട്ര തലത്തില്‍ സ്വീകാര്യത നേടിക്കൊടുക്കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു... മടുപ്പിക്കുന്ന ജീവിത സാഹചര്യങ്ങളില്‍ നിന്ന് മാറി കുറച്ചുകാലം പുതിയൊരു മനുഷ്യനായി ജീവിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്.
ചൈനയില്‍ ഈ രീതി കൂടുതല്‍ പ്രചാരം നേടിയത് 2023 മുതലാണ്. ഹോട്ടല്‍ നിരക്കുകള്‍ ഉയര്‍ന്നതോടെ ചെലവുകുറഞ്ഞ യാത്രാമാര്‍ഗങ്ങള്‍ തേടിയ യുവാക്കളാണ് ആദ്യം ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. പിന്നീട് റിട്ടയര്‍മെന്റ് ആസ്വദിക്കുന്നവരിലേക്ക് ഇത് വ്യാപിച്ചു... അവര്‍ക്കത് നന്നായി ബോധിക്കുകയും ചെയ്തു. ഇതിന് മറ്റ് ചില കാരണങ്ങളുണ്ട്. ഒന്ന്, വിരമിച്ചവര്‍ക്ക് യാത്ര ചെയ്യാന്‍ കൂടുതല്‍ സമയമുണ്ട്. രണ്ട്, പലര്‍ക്കും സ്വന്തമായി വീടുകളോ ഉപയോഗിക്കാത്ത അപ്പാര്‍ട്ട്മെന്റുകളോ ഉണ്ട്. മൂന്നാമതായി, ഹോട്ടലുകള്‍ക്കായി വലിയ തുക ചെലവാക്കാതെ പുതിയ സ്ഥലങ്ങള്‍ കാണാന്‍ ഇവര്‍ക്ക് താല്‍പര്യവുമുണ്ട്.... അങ്ങനെ സ്വന്തം വീട് തന്നെ യാത്രയ്ക്കുള്ള ആസ്തിയായി മാറുന്നു!
ഇനി ഈ ഹോം സ്വാപ്പിങ്ങിലൂടെ യാത്ര ചെയ്ത ചിലരുടെ അനുഭവങ്ങള്‍ നോക്കാം. ദി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത ഒരു അനുഭവം വുസിയാവോപിങ് എന്ന അധ്യാപികയുടേതാണ്. ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ വെന്‍ഷൗ സ്വദേശിയായ ഇവര്‍ റിട്ടയര്‍മെന്റിലേക്ക് അടുക്കുകയാണ്. നാന്‍ജിങ്ങില്‍ താമസിക്കുന്നയാളുമായി ഇവര്‍ വീട് കൈമാറി. ആ വ്യക്തിയുടെ മകള്‍ ജപ്പാനില്‍ പഠിക്കുന്നതിനാല്‍ വീട്ടില്‍ താമസിക്കാന്‍ മറ്റൊരാളുണ്ടാകുന്നത് അദ്ദേഹത്തിനും സഹായമായിരുന്നു.
മറ്റൊരു അനുഭവം ഗ്വാങ്ഡോങ് സ്വദേശിയായ 40 വയസ്സുള്ള ഷിയാവോ പിങ്ങിന്റേതാണ്. നേരത്തേ ജോലി ഉപേക്ഷിച്ച ഇദ്ദേഹം തന്റെ ഡ്യൂപ്ലെക്സ് വീട് കൈമാറി ഗുയിഷോയിലെ ഒരു സബര്‍ബന്‍ വില്ലയില്‍ താമസിക്കാനെത്തി. 20 ദിവസമായിരുന്നു ഇവിടെ കഴിഞ്ഞത്.
സാധാരണ ഹോട്ടല്‍ മുറിയില്‍ ലഭിക്കാത്ത അനുഭവങ്ങളായിരുന്നു അവിടെ കാത്തിരുന്നത്. മനോഹരമായ മുറ്റം, കുളം, പവലിയന്‍... അതിനൊപ്പം വീട്ടുടമയുടെ സുഹൃത്തുക്കളുമായി ഇടപഴകാനുള്ള അവസരവും! അതായത് ഒരു ടൂറിസ്റ്റായി ഒരു സ്ഥലം സന്ദര്‍ശിക്കുന്നതിനപ്പുറം അവിടുത്തെ ജീവിതത്തിന്റെ ഭാഗമാകാന്‍ കൂടി ഇവര്‍ക്ക് കഴിഞ്ഞു.
പക്ഷേ ഹോം സ്വാപ്പിങ് അത്രയ്ക്കങ്ങ് സുരക്ഷിതമാണോ?
ഇവിടെയാണ് കഥയില്‍ ഒരു ട്വിസ്റ്റ്! സ്വന്തം വീടിന്റെ താക്കോല്‍ ഒരു അപരിചിതന് കൈമാറുക എന്നത് അത്ര ചെറിയ കാര്യമല്ലല്ലോ? വീട് കൈമാറിയ ശേഷം എന്തെങ്കിലും സാധനങ്ങള്‍ നഷ്ടപ്പെട്ടാലോ? ഫര്‍ണിച്ചറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാലോ? സ്വകാര്യത ലംഘിക്കപ്പെട്ടാലോ? ഇത്തരം ആശങ്കകള്‍ ഹോം സ്വാപ്പിങ്ങിലുമുണ്ട്. ചിലര്‍ക്ക് ചിത്രങ്ങളില്‍ കണ്ട വീടും യഥാര്‍ത്ഥത്തില്‍ ലഭിച്ച സൗകര്യവും തമ്മില്‍ വലിയ വ്യത്യാസമുണ്ടായ അനുഭവങ്ങളുമുണ്ടായിട്ടുണ്ട്.
നിയമവിദഗ്ധരും ഹോം സ്വാപ്പിങ്ങിലെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതുകൊണ്ട് ചില മുന്‍കരുതലുകള്‍ കൂടി സ്വീകരിക്കണം. വീട് കൈമാറുന്നതിന് മുമ്പ് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുക. വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങളുടെ പട്ടിക തയ്യാറാക്കുക. നാശനഷ്ടങ്ങള്‍ സംഭവിച്ചാല്‍ ആരാണ് ഉത്തരവാദിയെന്നതിന് ആദ്യമേ കരാര്‍ ഉണ്ടാക്കുക. വൈദ്യുതി, വെള്ളം, ക്ലീനിങ് തുടങ്ങിയ ചെലവുകള്‍ ആരാണ് വഹിക്കേണ്ടതെന്നും മുന്‍കൂട്ടി തീരുമാനിക്കാം. ചിലര്‍ യാത്രയ്ക്ക് മുമ്പും ശേഷവും വീടിന്റെ വീഡിയോ എടുത്ത് കൈമാറാറുമുണ്ട്. വാക്കാലുള്ള ധാരണകളെ മാത്രം ആശ്രയിക്കരുത്. വ്യക്തമായ കരാര്‍ തയ്യാറാക്കണം. വീട്ടുടമയുടെയും അതിഥിയുടെയും വിവരങ്ങള്‍ പരിശോധിക്കണം. കുടുംബാംഗങ്ങളെ യാത്രാവിവരങ്ങള്‍ അറിയിക്കുകയും വേണം.
മാറുന്ന ചൈന, മാറുന്ന യാത്രാശീലങ്ങള്‍
ഈ ട്രെന്‍ഡ് ചൈനയില്‍ വ്യാപിക്കുന്നതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. രാജ്യത്തെ വയോജന ജനസംഖ്യ അതിവേഗം വര്‍ധിക്കുകയാണ്. ചൈനയില്‍ 60 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം 32 കോടിയിലധികമായി ഉയര്‍ന്നിട്ടുണ്ട്.
ഇത് രാജ്യത്തെ ആകെ ജനസംഖ്യയുടെ ഏകദേശം 23 ശതമാനത്തോളം വരും. വരും വര്‍ഷങ്ങളില്‍ ഈ നിരക്ക് ഇനിയും വേഗത്തില്‍ വര്‍ധിക്കുമെന്നാണ് കണക്കുകള്‍. 2035 ആകുമ്പോഴേക്കും ചൈനയിലെ വയോധികരുടെ എണ്ണം 40 കോടിയായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവരില്‍ 60 ശതമാനത്തിലധികം പേര്‍ ആരോഗ്യത്തോടെ ജീവിക്കുന്നവരായിരിക്കുമെന്നാണ് പ്രവചനം.
അതായത് ജോലിയില്‍നിന്ന് വിരമിച്ചാലും ജീവിതത്തില്‍നിന്ന് വിരമിക്കാന്‍ ഇവര്‍ തയ്യാറല്ല! പുതിയ സ്ഥലങ്ങള്‍ കാണണം, പുതിയ മനുഷ്യരെ പരിചയപ്പെടണം, വ്യത്യസ്തമായ ജീവിതാനുഭവങ്ങള്‍ ഉണ്ടാക്കണം. അതിന് വലിയ തുക ചെലവാക്കണമെന്നുമില്ല.
സ്വന്തം വീട് എന്ന ചിന്താഗതി മെല്ലെ മെല്ലെ മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഏറ്റവും സ്വകാര്യമായ ഇടം ഇന്ന് മറ്റൊരു നഗരത്തിലേക്കുള്ള യാത്രയ്ക്കുള്ള ടിക്കറ്റായി മാറുകയാണ്! ഹോട്ടലുകള്‍ക്ക് പകരം വീടുകള്‍. അപരിചിതര്‍ പരിചിതരാകുന്നു. ചെലവേറിയ യാത്രകള്‍ക്ക് പകരം പരസ്പര വിശ്വാസത്തിലൂന്നിയ അവധിക്കാലം.