ഹുനാൻ: മീൻ കൃഷിക്ക് ഇന്ന് വിപണിയിൽ ഏറെ സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ അവയെ നല്ലരീതിയിൽ വളർത്തിയെടുക്കാനും, കൃശി ലാഭകരമാക്കാനും കർഷകർ നിരവധി വഴികൾ സ്വീകരിക്കാറുണ്ട്. ടാങ്കുകൾ, കുളം തുടങ്ങി വളർത്തുന്ന ഇടങ്ങൾ മുതൽ അവയ്ക്ക് നൽകുന്ന തീറ്റയിൽ വരെ മാറ്റങ്ങൾ വരുത്തിയാണ് പലരുടേയും പരീക്ഷണം. ഇപ്പഴിതാ മത്സ്യങ്ങൾക്ക് രുചിയും, പോഷകവും വർധിക്കാൻ ഒരു ചൈനീസ് കർഷകൻ പ്രയോഗിച്ച തന്ത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
തെക്കൻ ചൈനയിലെ ഒരു മീൻകുളത്തിന്റെ ഉടമ എല്ലാ ദിവസവും തന്റെ മീനുകൾക്ക് തീറ്റയായി കൊടുക്കുന്നത് 5,000 കിലോ മുളകാണത്രേ. മുളക് തിന്നാൻ കൊടുക്കുന്നത് മത്സ്യത്തെ കൂടുതൽ പോഷകമുള്ളതാക്കുകയും അവയുടെ രുചി കൂട്ടുകയും ചെയ്യുന്നുവെന്നാണ് മത്സ്യ കർഷകർ പറയുന്നത്. സ്പൈസി ഫുഡ്ഡിന് പേര് കേട്ട സ്ഥലമായ ഹുനാൻ പ്രവിശ്യയിലാണ് ഈ രീതി നടപ്പാക്കുന്നത്.
മത്സ്യകർഷകനായ 40 കാരൻ ജിയാങ് ഷെങ്ങും അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന കുവാങ് കെയും ചേർന്നാണ് ചാങ്ഷയിലുള്ള മീൻകുളം നോക്കുന്നത്. മത്സ്യത്തിന് ദിവസവും 5,000 കിലോ മുളക് വരെ നൽകും എന്നാണ് കുവാങ് പറയുന്നത്. "ആളുകൾ കഴിക്കുന്ന അതേ തരം കോൺ കുരുമുളകും മില്ലറ്റ് കുരുമുളകും മീനുകൾക്ക് നൽകും. ഇത് കഴിച്ച് മീനുകൾ പുഷ്ടിപ്പെടുന്നു. അവയുടെ മാംസത്തിന് കൂടുതൽ രുചിയുണ്ടാകുന്നു, അവയുടെ ചെതുമ്പലുകൾ സ്വർണ്ണനിറത്തിൽ തിളങ്ങുന്നു" എന്നും ഈ കർഷകർ പറയുന്നു.
ആദ്യമൊക്കെ ഏരിവ് കഴിക്കാൻ മീനുകൾക്ക് മടിയായിരുന്നു. എന്നാൽ പിന്നീട് അത് ശീലമായി. മനുഷ്യർ എരിവുള്ള ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കും, എന്നാൽ, മത്സ്യങ്ങൾ വെള്ളത്തിൽ ജീവിക്കുന്നതിനാൽ തന്നെ എരിവുള്ള ഭക്ഷണം കഴിക്കുന്നത് അവയ്ക്ക് പ്രശ്നമല്ലല്ലോ എന്നാണ് കുവാങിന്റെ വാദം. മത്സ്യം രുചിമുകുളങ്ങളെക്കാൾ ഗന്ധത്തെയാണ് ആശ്രയിക്കുന്നതെന്ന് ജിയാങ് വിശദീകരിച്ചു. മുളക് വിറ്റാമിനുകളാൽ നിറഞ്ഞതാണ്, മത്സ്യങ്ങളും അവ ഇഷ്ടപ്പെടുന്നു.
ഇനി മുളകുകൾക്ക് മറ്റ് ഗുണങ്ങളും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അവ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, സമ്മർദ്ദം കുറയ്ക്കുന്നു, മാത്രമല്ല പരാദങ്ങളെ അകറ്റാൻ പോലും സഹായിക്കുന്നു. മുളകിലെ കാപ്‌സൈസിൻ ദഹനത്തെയടക്കം സഹായിക്കുന്നു, ഇത് മീനുകൾ വേഗത്തിൽ വളരാൻ സഹായിക്കുന്നു. സാധാരണ തീറ്റ കൊടുക്കുന്നതിനേക്കാൾ മുളക് കൊടുക്കുമ്പോൾ മീനിന്റെ മാംസം കൂടുതൽ മൃദുവും രുചികരവുമാകുന്നു എന്നെല്ലാമാണ് ഈ കർഷകരുടെ കണ്ടുപിടിത്തം.