

ജോഥ്പൂർ: രാജസ്ഥാനിലെ ജോഥ്പൂരിൽ കാറിടിച്ച് പരിക്കേറ്റ ഒട്ടകം കാറിൻ്റെ ഉൾഭാഗത്ത് പരിക്കേറ്റ് കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂർ നേരമാണ്. സംഭവത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഫലോഡി-ഡെച്ചു റോഡിലെ കൊളു പബുജിക്ക് സമീപം ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അപകടത്തിൽ കാർ ഡ്രൈവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
ഒട്ടകം വളരെ അശ്രദ്ധമായി റോഡിലേക്ക് കടന്നുവന്നതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ സഡൺ ബ്രേക്കിട്ട് നിർത്താൻ ഡ്രൈവർക്ക് കഴിഞ്ഞില്ലെന്നും ഇവർ പറയുന്നു. ജോധ്പൂർ നിവാസിയായ രാംസിംഗ് ആണ് കാർ ഓടിച്ചിരുന്നത്. ശക്തമായ കൂട്ടിയിടിയിൽ കാറിൻ്റെ മുൻവശത്തെ വിൻഡ്‌സ്‌ക്രീനും മേൽക്കൂരയും തകർന്നതോടെ ഒട്ടകം വാഹനത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു.
നാട്ടുകാർ ഉടൻ തന്നെ സ്ഥലത്തെത്തി പരിക്കേറ്റ ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തെടുത്തു. കൂടുതൽ വൈദ്യസഹായത്തിനായി ജോധ്പൂരിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അവർ അദ്ദേഹത്തിന് പ്രഥമ ശുശ്രൂഷ നൽകി. അപകടത്തിൽ രാംസിങ്ങിന് ഗുരുതരമായി പരിക്കേറ്റു. ഒട്ടകം കാറിനുള്ളിൽ ഏകദേശം രണ്ട് മണിക്കൂറോളം കുടുങ്ങിക്കിടക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അധികാരികൾ എത്തി ഒട്ടകത്തെ പുറത്തെടുത്തു. ജെസിബി ഉപയോഗിച്ചാണ് വാഹനം പൊളിച്ച് ഒട്ടകത്തെ സുരക്ഷിതമായി പുറത്തെത്തിച്ചത്. ഒട്ടകം സാരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കാറിൽ നിന്ന് മോചിപ്പിച്ച ഉടനെ ഒട്ടകം ഓടിപ്പോയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.