മുട്ടയും മുട്ടവിഭവങ്ങളുമൊക്കെ ഇഷ്ടപ്പെടുന്ന നിരവധിപ്പേരുണ്ട്. എളുപ്പം തയ്യാറാക്കാവുന്ന ബജറ്റ് ഫ്രണ്ട്ലി ആയ ആരോഗ്യകരമായ ഭക്ഷണം. മുട്ട വിഭവങ്ങളുടെ പ്രത്യേകത ഇങ്ങനെയൊക്കെ ആകും. ഇക്കൂട്ടത്തിൽ സിംപിളാണ് തക്കാളി- മുട്ടത്തോരൻ അഥവാ ടൊമാറ്റോ സ്ക്രാംമ്പിൾഡ് എഗ്. ഇപ്പോഴിതാ ഈ വിഭവം സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിന്റെ തുടക്കമോ ചൈനയിൽ നിന്നും.
ചൈനക്കാരുടെ സ്ഥിരം വിഭവമാണ് തക്കാളി- മുട്ട മിക്സ്. എന്നാൽ എടുത്തിടെ ചൈനയിൽ ഒരു റെസ്റ്റോറന്‍റിൽ നിന്നും ഓർഡർ ചെയ്ത വിഭവത്തിന് വില നൽകേണ്ടി വന്നത് 520 യുവാൻ (ഏകദേശം 7,300-ലധികം ഇന്ത്യൻ രൂപ) ആണ്! ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവച്ചത്. ഈ വിചിത്ര വിലയുള്ള വിഭവത്തിന് എന്ത് മുട്ടയാണ് ഉപയോഗിച്ചതെന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്.
ഷാങ്ഹായിലെ ഹോങ്കോവ് ഡിസ്ട്രിക്റ്റിലുള്ള 'ജിൻലോങ് ദാബിയാൻലു' എന്ന റസ്റ്റോറന്‍റാണ് തങ്ങളുടെ മെനുവിലെ ഈ വില കൂടിയ മുട്ടത്തോരനിലൂടെ വൈറലായത്. വിഭവം തയ്യാറാക്കാൻ സാധാരണ കോഴിമുട്ടയോ താറാവുമുട്ടയോ അല്ല ഉപയോഗിക്കുന്നത്, 'എമു' (Emu) പക്ഷിയുടെ മുട്ടയാണ് ഇതിനായി എടുക്കുന്നത്. കട്ടിയുള്ള ഈ മുട്ടത്തോട് പൊട്ടിക്കാൻ ഷെഫ് ഒരു ചെറിയ ചുറ്റികയാണ് ഉപയോഗിക്കുന്നത്.
അതാണ് ഈ വിലയുടേയും ഗമയുടേയുമെല്ലാം പ്രധാന കാര്യം. 'രാജകീയ പ്രൗഢി' നൽകുന്നതിന് പ്രത്യേക വൈൻ ഗ്ലാസിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കും. നെതർലാൻഡ്‌സിൽ നിന്നുള്ള അതീവ സ്വാദും നീരുമുള്ള 'പ്രൊവിൻസ് ടൊമാറ്റോ' എന്ന പ്രീമിയം ഇനം തക്കാളിയാണ് കൂടെ ചേർക്കുക. പാചകം ചെയ്ത് കഴിഞ്ഞാൽ സാധാരണ തയ്യാറാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി അൽപ്പം രുചിയും മാർദവവും ഏറിത്തന്നെ നിൽക്കും.
ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എമു മുട്ടയ്ക്ക് 150 യുവാനും തക്കാളിക്ക് 50 യുവാനുമടക്കം 200 യുവാൻ (ഏകദേശം 2,800 രൂപ) ഇതിന്‍റെ നിർമ്മാണച്ചെലവായി മാത്രം വരുന്നുണ്ടെന്ന് റസ്റ്റോറന്‍റ് അധികൃതർ വ്യക്തമാക്കുന്നു. അപ്പോ പിന്നെ വിഭവത്തിന് വിലയേറുക എന്നത് സാധാരണ കാര്യമാണല്ലോ. ഇനി കഴിക്കണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യുകയും വേണമത്രേ. സാധാരണ തക്കാളി-മുട്ടത്തോരന്‍റെ വില വച്ച് അതിനെ താരതമ്യം ചെയ്യരുതെന്നാണ് വ്ളോഗർമാർ പറയുന്നത്.
സംഭവം വൈറലായെങ്കിലും നെറ്റിസൺസ് രണ്ട് തട്ടിലാണ്. പണം നൽകുന്നത് മണ്ടത്തരത്തിനാണെന്നും, ഇത് വീട്ടിലുണ്ടാക്കുന്നത് പോലെയാണെന്നും പലരും കമ്ന്റ് ചെയ്തു "റസ്റ്റോറന്‍റ് വില കൃത്യമായി പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കൾ സ്വന്തം ഇഷ്ടപ്രകാരമാണ് ഇത് വാങ്ങുന്നതെന്നും ഇതിൽ തെറ്റില്ലെന്നും പറഞ്ഞ് പലരും പിന്തുണച്ചും എത്തി. എന്തായാലും മുട്ടത്തോരൻ ഹിറ്റായി.