ചില സമയങ്ങളില്‍ മറവി നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ? ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവുന്നില്ലേ? പേടിക്കാന്‍ വരട്ടെ, ചിലപ്പോള്‍ ഇതിനൊക്കെ പിന്നിലെ കാരണക്കാരന്‍ നിര്‍ജലീകരണമാണെങ്കിലോ? വെള്ളം കൂടുതല്‍ കുടിക്കുന്നതും, കുടിക്കുന്നതിന്റെ അളവ് വല്ലാതെ കുറയ്ക്കുന്നതും ശരീരത്തിന് ഒരുപോലെ ദോഷം ചെയ്യുമെന്നാണ് പല പഠനങ്ങളും പറയുന്നത്.
ശരീരത്തില്‍ നിന്ന് 1-2% വരെ ജലാംശം നഷ്ടപ്പെടുമ്പോള്‍ തന്നെ അത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് പോഷകാഹാര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നമ്മുടെ തലച്ചോറില്‍ 75% ത്തോളം വെളളത്തിന്റെ അംശമുണ്ട്. ന്യൂറോണാകളുടെയും ന്യൂറോട്രാന്‍സ്മിറ്ററുകളുടെയും പ്രവര്‍ത്തനം സമതുലിതാവസ്ഥയില്‍ നിലനിര്‍ത്തുന്നതിന് തലച്ചോറില്‍ ജലാംശം ആവശ്യമാണ്.
നിര്‍ജ്ജലീക്കരണം സംഭവിക്കുമ്പോള്‍, തലച്ചോറിലെ കലകള്‍ ചുരുങ്ങുകയും അത് ആശയ സംവേദനത്തെയും ചിന്ത, പഠനം, ഓര്‍മ്മശക്തി തുടങ്ങിയ മാനസിക പ്രവര്‍ത്തനങ്ങളെയും മന്ദഗതിയിലാക്കുകയും ചെയ്യുന്നു. വെള്ളം കുടിക്കുന്നത് മാത്രമല്ല ഹൈഡ്രേഷന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത് ശരീരത്തില്‍ സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ കൃത്യമായി സംഭരിക്കപ്പെടുക എന്നതുകൂടിയാണ്.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും തലച്ചോറിന്റെ ജലാംശത്തിനും പ്രവര്‍ത്തനത്തിനും നല്ലതാണ്. ഇതോടൊപ്പം, ശരീരത്തിലെ ഓക്‌സീകരണ പ്രവര്‍ത്തനവും (oxidation) പ്രതിരോധ പ്രവര്‍ത്തനവും തമ്മിലുള്ള ബാലന്‍സ് തെറ്റുന്ന അവസ്ഥയായ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് ആന്റിഓക്‌സിഡന്റ അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നതും നല്ലതാണ്.