ഹോട്ടലിൽ കയറി ഒരു ഭക്ഷണം കഴിക്കണമെങ്കിലും സുഹൃത്തിനൊരു ഗിഫ്റ്റ് വാങ്ങണമെങ്കിലുമൊക്കെ ഒരു നൂറ് തവണ ചിന്തിച്ച് കൂട്ടുന്നവരാണ് നമ്മളോരോരുത്തരും. ഇന്ത്യക്കാരിൽ ഇത്തരത്തിൽ അമിത ചിന്ത സാധാരണമെന്നാണ് ഇപ്പോൾ പഠനങ്ങളും പറയുന്നത്. ഇന്ത്യക്കാരിൽ അമിതമായ ചിന്തയെ തുടർന്ന് സാങ്കേതികവിദ്യയിലേക്ക് തിരിയുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചുവരുന്നതായാണ് അടുത്തിടെ പുറത്തുവന്ന ഒരു സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അമിതമായി ചിന്തിക്കുന്നത് ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.
കൃത്യമായ തീരുമാനങ്ങളെടുക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ വ്യക്തതയ്ക്കായി ഇന്ത്യക്കാർ എഐ പ്ലാറ്റ്‌ഫോമായ ചാറ്റ്ജിപിടി, സെർച്ച് എഞ്ചിൻ ഗൂഗിൾ തുടങ്ങിയ പുതിയ കാല ഡിജിറ്റൽ ഉപകരണങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതായി സെന്റർ ഫ്രഷിന്റെയും യൂഗോവിന്റെയും സംയുക്ത റിപ്പോർട്ട് പറയുന്നു. 2,100 പേരുടെ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ സർവേയിൽ, 81 ശതമാനം ഇന്ത്യക്കാരും ഒരു ദിവസം മൂന്ന് മണിക്കൂറിലധികം സമയം അമിതമായി ചിന്തിക്കുന്നതിനായി ചെലവഴിക്കുന്നതായി കണ്ടെത്തി. അതിൽ നാലിൽ ഒരാൾ ഇത് ഒരു സ്ഥിരം ശീലമാണെന്ന് സമ്മതിക്കുന്നുമുണ്ട്.
ഇന്ത്യ ഓവർതിങ്കിംഗ് റിപ്പോർട്ട് അനുസരിച്ച്, ഒരു സന്ദേശം ഡീകോഡ് ചെയ്യുന്നത് മുതൽ ഒരു സമ്മാനം വാങ്ങുന്നത് വരെയുള്ള തീരുമാനങ്ങളെടുക്കുന്നതിനായി മൂന്നിൽ ഒരാൾ ഗൂഗിളോ ചാറ്റ്ജിപിടിയോ ഉപയോഗിക്കുന്നു. രാജ്യത്തുടനീളമുള്ള വിദ്യാർഥികൾ, പ്രൊഫഷണലുകൾ, സ്വയംതൊഴിൽ ചെയ്യുന്നവർ എന്നിവരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. പല നഗരങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. ഭക്ഷണ, ജീവിതശൈലി ശീലങ്ങൾ, ഡിജിറ്റൽ, സാമൂഹിക ജീവിതം, ഡേറ്റിംഗും ബന്ധങ്ങളും, കരിയറിന്റെയും പ്രൊഫഷണൽ ജീവിതത്തിന്റെയും നാല് പ്രധാന മേഖലകൾ എല്ലാം ഉൾപ്പെടുന്ന തരത്തിലുള്ള സർവേയാണ് നടത്തിയത്.
പ്രതിസന്ധി ഘട്ടങ്ങളിൽ മാത്രമല്ല, ചെറിയ തീരുമാനങ്ങളെടുക്കാൻ പോലും അമിതമായി ചിന്തിക്കുന്നത് ഇന്ത്യയിൽ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്ന് സർവേ കണ്ടെത്തി. റിപ്പോർട്ട് അനുസരിച്ച്, സർവേയിൽ പങ്കെടുത്ത 63 ശതമാനം പേരും റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം തെരഞ്ഞെടുക്കുന്നത്, ഒരു രാഷ്ട്രീയ നേതാവിനെ തെരഞ്ഞെടുക്കുന്നതിനേക്കാൾ സമ്മർദ്ദകരമാണ് എന്ന് അഭിപ്രായപ്പെട്ടു.