ഏതുനേരവും ഇങ്ങനെ ഫോണും നോക്കിക്കൊണ്ടിരുന്നാൽ കണ്ണിൻ്റെ ഫിലമെൻ്റ് അടിച്ചുപോകും. നമ്മളിൽ പലരും ദിവസവും കേൾക്കുന്ന വാചകമാണിത്. മൊബൈൽ ഫോണിൻ്റെ അമിത ഉപയോഗം കണ്ണിനെ ദോഷകരമായി ബാധിക്കുമെന്ന ബോധ്യമാണ് നമ്മെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്.
എന്നാൽ, മൊബൈലിൻ്റെ അമിത ഉപയോഗം കൊണ്ടുണ്ടാകുന്ന മറ്റ് രോഗാവസ്ഥയെക്കുറിച്ച് എത്ര പേർക്ക് അറിയാം? ഭക്ഷണം കഴിക്കുമ്പോഴും, ഉറങ്ങാൻ കിടക്കുമ്പോഴും തുടങ്ങി എന്ത് ചെയ്യുമ്പോഴും മൊബൈൽ ഫോൺ ഒഴിവാക്കാൻ സാധിക്കാത്തവർ പലതരം രോഗാവസ്ഥകളിൽ കൂടിയാണ് കടന്നുപോകുന്നത്.
നോമോഫോബിയ
മൊബൈൽ ഫോണിനെ ശരീരത്തിലെ ഒരു ഭാഗമെന്നോണം കരുതപ്പെടുന്നവർക്ക് അതിനെ വിട്ടുപിരിഞ്ഞിരിക്കാൻ പറ്റാത്ത സ്ഥിതിയിലെത്തിക്കുന്നതാണ് നോമോഫോബിയ. ഫോണിലെ ചാർജ് തീർന്നുപോയാലോ, ഡേറ്റ തീർന്നാലോ ഓക്കെ വല്ലാതെ അസ്വസ്ഥരാകുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങൾ കടന്നുപോകുന്നത് നോമോഫോബിയ എന്ന അവസ്ഥയിലൂടെയാണ്. ആഗ്രഹിക്കുന്ന സമയത്ത് ഫോൺ കൈയ്യിൽ കിട്ടാതെ വരികയോ, മുതിർന്നവരോ, അല്ലെങ്കിൽ കൂടെ ഉള്ളവരാരെങ്കിലുമോ, ഫോൺ പിടിച്ചുവയ്ക്കുകയോ ചെയ്താൽ, ഫോണിനെ കുറിച്ച് ഓർത്ത് അനാവശ്യമായി ആധി തോന്നുന്ന അവസ്ഥയാണിത്.
ഒരുതരത്തിൽ മാനസിക വിഭ്രാന്തിയായി നൊമോഫോബിയയെ കണക്കാക്കാം. നോ മൊബൈൽ ഫോൺ ഫോബിയ എന്നാണ് ഇതിൻ്റെ മുഴുവൻ പേര്. യുകെയിലെ റിസേർച്ച് ഓർഗനൈസേഷനായ യുഗവിലെ ഗവേഷകരാണ് ഈ അവസ്ഥയെ നോമോഫോബിയ എന്ന് ആദ്യമായി വിളിച്ചത്. ഒരുതരത്തിൽ പറഞ്ഞാൽ ലഹരി മനുഷ്യരെ അടിമകളാക്കുന്നതുപോലെ മൊബൈൽ അഡിക്‌ഷനും മറിയിരിക്കുകയാണ്.
2008ലാണ് ഇത്തരമൊരു അവസ്ഥയെ ആദ്യമായി ലോകം തിരിച്ചറിയുന്നത്. ഒരു വ്യക്തിയെ നാം കൂടുതൽ ആശ്രയിക്കുന്നത് അവർ നമ്മൾക്ക് അത്രയും കംഫേർട്ട് ആയി തോന്നുമ്പോഴാണ്. ഇതിനുസമാനമായ അവസ്ഥ തന്നെയാണ് ഫോണുകളിലും സൃഷ്ടിക്കപ്പെടുന്നത്. ഫോണുകൾ കംഫേർട്ട് സോണായി മാറുന്നിടത്താണ് നമ്മൾക്ക് നോമോഫോബിയ പിടിപെടുന്നത്.
ഇൻസോംനിയ
ഇൻസോംനിയ അഥവാ ഉറക്കമില്ലായ്മ. ഉറങ്ങുന്നതിന് മുമ്പ് ഫോണിൽ സമയം ചെലവഴിക്കുകയെന്നത് പതിവാക്കിയവരാണ് നമ്മളിൽ പലരും. റീലോ, ഷോർട്ട് ഫിലിമോ, സിനിമയോ,അങ്ങനെ ഉറക്കം വരുന്നതുവരെ ഫോണിൽ ചെലവഴിക്കാൻ ഓരോരോ വഴികൾ. ഇത് കവരുന്നത് ഉറങ്ങാനുള്ള സമയത്തെയാണ്. ഇത് വ്യക്തികളുടെ മാനസിക ശാരീരിക ആരോഗ്യത്തെയാണ് ദോഷകരമായി ബാധിക്കുന്നത്.ഉറക്കക്കുറവ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ദൈനംദിന പ്രവർത്തനങ്ങളെ കൂടി ബാധിച്ചാൽ അത് കൂടുതൽ സങ്കീർണമായ അവസ്ഥയിലേക്കാണ് നയിക്കുക.
ഫാൻ്റം വൈബ്രേഷൻ സിൻഡ്രോം
എവിടെയെങ്കിലും വെച്ചിരിക്കുന്ന ഫോൺ റിങ് ചെയ്തോ, ആരെങ്കിലും മെസേജ് അയച്ചോ, എന്തോ സൗണ്ട് കേട്ടല്ലോ എന്ന് വെറുതെ അങ്ങ് തോന്നും, എന്നാൽ ഫോൺ എടുത്ത് നോക്കിയാലോ, അങ്ങന ഒരു മിസ് കോളും ഇല്ലാ, മെസേജ് ഇല്ലാ, ഇതാണ് ഫാൻ്റം വൈബ്രേഷൻ സിൻഡ്രോം എന്നറിയപ്പെടുന്നത്. തലച്ചോറിലേക്ക് വരുന്ന സെൻസറികൾ തെറ്റായി വ്യഖ്യാനിക്കുന്നതിൻ്റെ ഫലമായാണ് ഇത് ഉണ്ടാകുന്നതാണ്.
ഫാൻ്റം റിങ്ങിങ് സിൻഡ്രോം, എന്ന പേരിലും ഈ തോന്നൽ അറിയപ്പെടുന്നുണ്ട്. ഫോണിനോടുള്ള അടുപ്പം കാരണമാണ് ഇങ്ങനെ ഒരു തോന്നൽ ഉണ്ടാകുന്നത്. ഇത് ഒരു രോഗാവസ്ഥ അല്ലെങ്കിലും, പതിയെ അമിതമായ ഫോൺ ഉപയോഗത്തിലേക്കാണ് ഇത് നയിക്കുന്നത്. കൂടാതെ ഫോണിൽ വിരൽകൊണ്ട് നിരന്തരമായി ഉരസുമ്പോൾ കൈവിരലിലെ സൂക്ഷ്മപേശികൾക്ക് ക്ഷതം സംഭവിക്കുകയും രക്തയോട്ടം കുറഞ്ഞ് കൈവിരലുകളിൽ മരവിപ്പ് അനുഭവപ്പെടുകയും ചെയ്യുമെന്നും ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.
സ്‌ട്രെസ്
ഫോൺ സ്ക്രീനിലേക്ക് മാത്രമായി ആൾക്കാരുടെ ശ്രദ്ധ ചുരുങ്ങുമ്പോൾ നഷ്ടപ്പെടുന്നത് കുടുംബബന്ധങ്ങളും, നല്ല സുഹൃത്ത്ബന്ധങ്ങളും കൂടിയാണ്. പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ, വീട്ടിലെ കാര്യങ്ങൾ പോലും അറിയാതെ, തനിക്ക് ചുറ്റുമുള്ള ലോകത്ത് എന്താണ് നടക്കുന്നത് എന്ന് അറിയാതെ ചിലരുടെ ജീവിതവും ലോകവും ചുരുങ്ങി പോകുന്നു. ബന്ധങ്ങൾ ദുർബലമാകുന്നതോടെ അവർ കടുത്ത് മാനസിക സമ്മർദത്തിലേക്കാണ് കടക്കുന്നത്.
ഇൻസെക്യൂരിറ്റി
ഫോൺ മാത്രം ഉപയോഗിച്ച് ഒറ്റപ്പെട്ടുള്ള ജീവിതരീതി ഉപയോക്താക്കളിൽ ഇൻസെക്യൂരിറ്റി അനുഭവപ്പെടുന്നതിന് കാരണമാകുന്നു. ആരോടും യാതൊരു ബന്ധവും സൂക്ഷിക്കാതെ ഫോണുകളിൽ മാത്രം അഭയം പ്രാപിക്കുന്നവർ, പെട്ടെന്ന് എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ, ഒന്ന് തുറന്നുപറഞ്ഞ് ആശ്വാസം കണ്ടെത്താൻ പോലും പറ്റിയെന്ന് വരില്ല. അപ്പോഴാണ് ഫോണിൻ്റെ അമിതോപയോഗം വരുത്തിവെക്കുന്ന വിനയെക്കുറിച്ച് ആളുകൾ ചിന്തിച്ച് തുടങ്ങുന്നത്.
റെഡ്യൂസ്‌ഡ് കോഗ്‌നീഷ്യൻ
പുറംലോകത്ത് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാത്ത അവസ്ഥ, അത് മനുഷ്യരുടെ അറിവിൻ്റെ തലങ്ങളെ മോശമായാണ് ബാധിക്കുന്നത്. ചില കാര്യങ്ങൾ അറിയാത്ത അവസ്ഥ വരുമ്പോൾ അത് മനുഷ്യരിൽ ഉത്കണ്ഠയ്ക്ക് കാരണമാകുന്നു. ഇത് കാര്യങ്ങൾ വ്യക്തമായി മനസിലാകാതെ വരികയും, സോഷ്യൽ മീഡിയ കണ്ടെൻ്റുകളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുമ്പോഴാണ് യഥാർഥ ലോകത്ത് നടക്കുന്നത് എന്താണ് എന്ന് വ്യക്തമാകാത്ത അവസ്ഥ വരുന്നത്.
ഇത്തരത്തിൽ ഫോണിൻ്റെ അമിതോപയോഗം മൂലം ഉണ്ടാകുന്ന രോഗാവസ്ഥകൾ ഏറെയാണ്. സ്‌മാർട്ട് ഫോണുകളോ, സോഷ്യൽമീഡിയയോ നിത്യജീവിതത്തിൽ നിന്നും പൂർണമായും ഒഴിവാക്കേണ്ടതില്ല. അതിൻ്റെ ഉപയോഗത്തിൽ ആവശ്യാനുസരണം നിയന്ത്രണങ്ങൾ വരുത്തിയാൽ തന്നെ പല ആരോഗ്യപ്രശ്‌നങ്ങളേയും ഒഴിവാക്കാൻ സാധിക്കും.