പപ്പടം അതൊരു വികാരമാണ്... പ്രത്യേകിച്ച് മലയാളികൾക്ക്. സാധാരണ ഭക്ഷണത്തിൽ തന്നെ പപ്പടം നിർബന്ധമാണ് പലർക്കും. സദ്യയാണെങ്കിൽ പറയുകയേ വേണ്ട. പുട്ടിനും, ഉപ്പുമാവിനും, മീൽസിനും, സദ്യക്കുമെല്ലാം പപ്പടം വേണം. പായസവും പപ്പടവുമാണ് ഏറെപ്പേർക്കും സദ്യയെന്നുതന്നെ പറയാം. പപ്പടം ചുമ്മാ ഒന്നോ രണ്ടോ പോരട്ടേ എന്നാണ് പതിവ് പറച്ചിൽ. എന്നാൽ അങ്ങനെ ചുമ്മാ കഴിക്കണോ എന്നാണ് ആരോഗ്യവിദഗ്ധരുടെ ചോദ്യം.
രണ്ടില്‍ കൂടുതല്‍ പപ്പടം കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ പപ്പടം ഉണ്ടാക്കുന്ന ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി അറിഞ്ഞിരിക്കുന്നതാണ് നല്ലത്. രുചിയൊക്കെ ശരിയാണ്, പക്ഷെ പപ്പടം പഴയ പപ്പടം അല്ലെന്നതാണ് വാസ്തവം. പണ്ട് വീടുകളില്‍ തന്നെ കടലമാവോ, ഉഴുന്ന് മാവോ ഉപയോഗിച്ച് ഉണ്ടാക്കുന്ന പപ്പടം പോലെ അത്ര ഹെൽത്തിയല്ല ഇപ്പോ വിപണിയിൽ വരുന്ന പപ്പടം. അതിൽ പലതരത്തിലുള്ള മായം ഒളിഞ്ഞിരിപ്പുണ്ട്.
35 മുതല്‍ 40 വരെ കലോറി, 3.3 ഗ്രാം പ്രോട്ടീൻ, 0.42 ഗ്രാം കൊഴുപ്പ്, പിന്നെ 228 മി.ഗ്രാം സോഡിയവും. ഇത്രയുമാണ് ഇന്ന് സാധാരണഗതിയിൽ ഒരു പപ്പടത്തിൽ അടങ്ങിയിരിക്കുന്നത്. എന്നാൽ ഫക്ടറികൾ വഴി നിർമിക്കുന്ന പപ്പടത്തിൽ സോഡിയം കൂടുതലാണെന്നാണ് കണ്ടെത്തൽ. പ്രിസര്‍വേറ്റീവുകളായ സോഡിയം കാര്‍ബണേറ്റ്, സോഡിയം ബൈകാര്‍ബണേറ്റ് എന്നിവയാണ് കൂടുതലും ചേർക്കുക.
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ ഇത് ധാരാളമാണ്. ഉയര്‍ന്ന രക്ത സമ്മര്‍ദത്തിനും വൃക്കരോഗങ്ങള്‍ക്കും ഹൃദയസംബന്ധിതമായ രോഗങ്ങള്‍ക്കും വരെ കാരണമായേക്കും. നേരത്തേ ഇത്തരം രോഗങ്ങളുള്ളവർക്ക് ദീഘകാല ആരോഗ്യപ്രശ്നങ്ങളാകും നേരിടേണ്ടി വരിക. അസ്പരാഗിന്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചൂടാക്കുമ്പോള്‍ രൂപപ്പെടുന്ന അക്രിലാമൈഡിന്റെ സാന്നിധ്യമാണ് പപ്പടങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരു അപകടം.
അക്രിലാമൈഡിൻ കാന്‍സര്‍ ഹൃദയസംബന്ധിതമായ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത ഉയർത്തും. കൃത്രിമ രുചികളും, പ്രിസര്‍വേറ്റീവുകളും, സോഡിയം സാള്‍ട്ടുകള്‍ തുടങ്ങിയവ കടകളിൽ നിന്ന് വാങ്ങുന്ന പപ്പടങ്ങളിൽ ഉപയോഗിക്കാറുണ്ട്. ഇവ ദഹനപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അമിതമായ സോഡിയത്തിൻ്റെ ഉപയോഗം ആരോഗ്യത്തിനും ദോഷകരമാണ്.