Image: Freepik
LIFE

ഷവര്‍മ കഴിക്കുന്നത് നല്ലതാണോ ചീത്തയാണോ?

ഷവര്‍മ നല്ലതാണോ ചീത്തയാണോ എന്നത് അത് എങ്ങനെ തയ്യാറാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും

Author : ന്യൂസ് ഡെസ്ക്

ഷവര്‍മ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരെങ്കിലുമുണ്ടാകുമോ? ആഴ്ചയിലൊരു ഷവര്‍മയെങ്കിലും കഴിക്കാതെയിരുന്നാല്‍ എങ്ങനെയാ എന്നൊക്കെ ചിന്തിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. പക്ഷേ, ഷവര്‍മ ഇങ്ങനെ പതിവായി കഴിക്കുന്നത് നല്ലതാണോ?

ഷവര്‍മ നല്ലതാണോ ചീത്തയാണോ എന്നത് അത് എങ്ങനെ തയ്യാറാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അടിസ്ഥാനപരമായി പ്രോട്ടീനും പച്ചക്കറികളും അടങ്ങിയ ഭക്ഷണമാണ് ഷവര്‍മ. ഇതില്‍ ചിക്കനോ ബീഫോ മട്ടനോ ഗ്രില്‍ ചെയ്ത് ഉപയോഗിക്കുന്നതിനാല്‍ ധാരാളം പ്രൊട്ടീന്‍ അടങ്ങിയിട്ടുണ്ടാകും.

കാബേജ്, തക്കാളി, സവാള, വെള്ളരിക്ക എന്നീ പച്ചക്കറികളില്‍ ശരീരത്തിനാവശ്യമായ നാരുകള്‍ അടങ്ങിയിട്ടുണ്ട്. വറുത്തെടുക്കുന്ന ഭക്ഷണങ്ങളെ അപേക്ഷിച്ച് മാംസം ഗ്രില്‍ ചെയ്ത് ഉപയോഗിക്കുന്നതിനാല്‍ എണ്ണയുടെ ഉപയോഗം കുറവാണ്.

ഇത്രയും ആരോഗ്യ ഗുണങ്ങളുണ്ടായിട്ടും ഷവര്‍മ എങ്ങനെയാണ് അനാരോഗ്യകരമായ ഭക്ഷണമായി മാറുന്നത്? ഷവര്‍മയില്‍ ധാരാളമായി ഉപയോഗിക്കുന്ന മയോണൈസ് ആണ് പ്രധാന വില്ലനാകുന്നത്. മുട്ടയുടെ വെള്ളയും എണ്ണയും ഉപയോഗിച്ചാണ് മയോണൈസ് ഉണ്ടാക്കുകന്നത്. ഇതില്‍ ഉയര്‍ന്ന അളവില്‍ കലോറിയും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് അമിത വണ്ണത്തിനും കൊളസ്‌ട്രോളിനും കാരണമാകും.

മാംസം കൃത്യമായി വെന്തില്ലെങ്കില്‍ സാല്‍മൊണല്ല പോലുള്ള ബാക്ടീരിയകള്‍ വളരാനും ഭക്ഷ്യ വിഷബാധയക്കും കാരണമാകും. ഷവര്‍മയില്‍ ഉപയോഗിക്കുന്ന കുബ്ബൂസ് മൈദ കൊണ്ടാണ് നിര്‍മിക്കുന്നത്. ഇത് അമിതമായി കഴിക്കുന്നത് പ്രമേഹം പോലുള്ള പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാം.

ഷവര്‍മയ്ക്ക് രുചി കൂട്ടാന്‍ ഉപ്പും കൊഴുപ്പും അമിതമായി ഉപയോഗിക്കുന്നത് രക്തസമ്മര്‍ദമുള്ളവര്‍ക്കും ദോഷം ചെയ്യും.

എങ്ങനെ കഴിക്കണം?

മാംസം നന്നായി വെന്തിട്ടുണ്ടെന്ന് ഉറപ്പാക്കുക

മയോണൈസിനു പകരം തൈരോ പുതിന ചമ്മന്തിയോ ഉപയോഗിക്കുക

വൃത്തിയുള്ള കടകള്‍ തെരഞ്ഞെടുക്കുക

ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഷവര്‍മ വല്ലപ്പോഴും കഴിക്കുന്നത് കുഴപ്പമില്ല. പക്ഷേ ദിവസവും കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും.

SCROLL FOR NEXT