സതി ടീച്ചർ Source: News Malayalam 24x7
LIFE

വായിച്ച് ജീവിച്ച്... 78ാം വയസിലും വായനയുടെ ലോകത്ത് സതി ടീച്ചർ!

1500ഓളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി തന്നെ വീട്ടിലുണ്ട്. ഇപ്പോഴും ലോകത്തെവിടെ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളും വായിക്കാൻ കാത്തിരിക്കുകയാണ് ഈ ടീച്ചർ.

Author : ന്യൂസ് ഡെസ്ക്

വയസ് 78 പിന്നിടുമ്പോഴും ഒറ്റപ്പാലം മീറ്റ്ന സ്വദേശിനിയായ വി.എസ്. സതി വായനയുടെ ലോകത്താണ്. 1500ഓളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി തന്നെ വീട്ടിലുണ്ട്. ഇപ്പോഴും ലോകത്തെവിടെ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളും വായിക്കാൻ കാത്തിരിക്കുകയാണ് ഈ ടീച്ചർ.

സതി ടീച്ചർ

ബാല്യകാലത്തിൽ അമ്മയുടെ വായനാ ശീലം കണ്ടാണ് വി.എസ്. സതി വായിക്കാൻ തുടങ്ങിയത്. യുദ്ധവും സമാധാനവും എന്ന നോവലാണ് ആദ്യം വായിച്ചതായുള്ള ഓർമ. സിനിമയും, നോവലുകളും, ശാസ്ത്രവും, ഡിറ്റക്ടീവും, സാഹിത്യവും, വിപ്ലവവും, കമ്മ്യൂണിസവും അങ്ങനെ അങ്ങനെ നീളുന്നു സതി ടീച്ചറുടെ താല്പര്യങ്ങൾ. വായിച്ചു തീർക്കാൻ ഇനിയും ഏറെ പുസ്തകങ്ങളുണ്ടെന്നാണ് വിരമിച്ച അധ്യാപിക കൂടിയായ സതി ടീച്ചർ പറയുന്നത്.

സതി ടീച്ചർ

കാൾ മാർക്സ്, റോസാ ലക്സംബർഗ്, തകഴി, എംടി, ഷേക്സ്പിയർ തുടങ്ങിയവരെല്ലാം പ്രിയപ്പെട്ടവരാണ്. ജീവിതത്തിലും സമരം ചേർത്ത് വെച്ചു സതി ടീച്ചർ. ഇഷ്ടമില്ലാതെ ചെറുപ്രായത്തിൽ വിവാഹം കഴിക്കാൻ നിർബന്ധിതയായി. വിദ്യാഭ്യാസ കാലഘട്ടത്തിനുശേഷം അധ്യാപന ജോലി നേടിയപ്പോൾ അക്കാലത്ത് കുട്ടികളെ പഠിപ്പിക്കുന്നത് അയിത്തമാണെന്ന് മുദ്രകുത്തി ഭർത്തൃവീട്ടിൽ നിന്നും പടിയിറങ്ങേണ്ടി വന്നു. ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ കമ്മ്യൂണിസ്റ്റ് ആദർശങ്ങളോട് താല്പര്യം തോന്നി. പിന്നെ വായന ആ മേഖലകളിലേക്കും വ്യാപിപ്പിച്ചു. വീടിനു മുകളിലെ നിലയിൽ സജ്ജീകരിച്ച പുസ്തക ശേഖരങ്ങളിൽ പഴയതും പുതിയതുമായ അനേകം ഗ്രന്ഥങ്ങളുണ്ട്.

സൂക്ഷിച്ചവയിൽ ചിലതെല്ലാം ആവശ്യക്കാർക്ക് നൽകി. പല പുസ്തകങ്ങളും നഷ്ടപ്പെട്ടു. പക്ഷേ ഇപ്പോഴും അമേരിക്കൻ പബ്ലിക്കേഷനുകൾ ഉൾപ്പെടെ പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകങ്ങളെയും കാത്തിരിക്കുകയാണ് ഈ അധ്യാപിക.

SCROLL FOR NEXT