മദ്യപിക്കാനുള്ള ലൈസൻസ് അല്ല വ്യായാമം  Source: News Malayalam 24X7
LIFE

മദ്യപിച്ചാലെന്താ പ്രശ്നം, പതിവായി വ്യായാമം ചെയ്യുന്നുണ്ടല്ലോ? ഈ ആത്മവിശ്വാസം നല്ലതാണ്, പക്ഷെ പ്രയോജനം ഒന്നുമില്ല!

ഇതുവഴി പിന്നെ വ്യായാമം ചെയ്യാൻ പറ്റാത്ത സാഹചര്യമാകും ഉണ്ടാകുക. ക്രമേണ മറ്റ് അസുഖങ്ങളിലേക്കും എത്തും.

Author : ന്യൂസ് ഡെസ്ക്

എത്ര റെസ്പോൺസിബിൾ ആണെന്നു പറഞ്ഞാലും മദ്യപാനം ആരോഗ്യത്തിന് ഹാനീകരമാണ്. പിന്നെ അപൂർവമായി ചെറിയ അളവിൽ കഴിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾ വരുത്തുന്നില്ല എന്നു മാത്രം. ഇനി സ്ഥിരം മദ്യപിക്കുന്നതല്ലേ കുഴപ്പം, ഡെയ്ലി രണ്ട് പെഗ്, വീക്കെൻഡുകളിൽ മാത്രം, എന്നു തുടങ്ങിയ ഒഴിവുകഴിവുകളൊന്നും തന്നെ ഫലപ്രദമല്ല. മറ്റൊരു കൂട്ടരുണ്ട്. ധൈര്യമായി മദ്യപിക്കാം ഞാൻ ഹെൽത്തിയാണ്, പതിവായി വ്യായാമം ചെയ്യുന്നു അതുകൊണ്ട് മദ്യം ദോഷമില്ല എന്നൊക്കെ പറയുന്നവർ.

അത്തരം അമിത ആത്മവിശ്വാസമുള്ളവർ പ്രത്യേകം ശ്രദ്ധിക്കുക! മദ്യപാനം ഉണ്ടാക്കുന്ന ദോഷങ്ങൾ വ്യായാമം ചെയ്തതുകൊണ്ട് പ്രതിരോധിക്കാനാകില്ല. പതിവായി വര്‍ക്കൗട്ട് ഒക്കെ ചെയ്ത് ശരീരം ഫിറ്റായി നിലനിര്‍ത്തുന്നവര്‍ക്ക് രോഗം വരാന്‍ സാധ്യത കുറവാണെന്നും അങ്ങനെയുള്ളവരില്‍ മദ്യപിക്കുന്നതുകൊണ്ടുളള ദോഷങ്ങളെല്ലാം ഇല്ലാതാകുമെന്നും പറയുന്നതില്‍ വാസ്തവമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

പതിവായ വ്യായാമം ശരീരത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ് അതിൽ തർക്കമില്ല. ജീവിത ശൈലി രോഗങ്ങളെയും മറ്റും നിയന്ത്രിക്കാൻ സാധിക്കുന്നതിനാൽ അതുമൂലമുള്ള അപകടങ്ങൾ കുറഞ്ഞേക്കും എന്നു മാത്രം. പക്ഷെ മദ്യപാനം എൽപ്പിക്കുന്ന ആഘാതങ്ങൾ വ്യായാമം ചെയ്തതുകൊണ്ട് തടയാനാകില്ല. പതിവായി മദ്യം ഉപയോഗിക്കുന്നവരില്‍ നിര്‍ജ്ജലീകരണം, ശരീരത്തിന് നീര്‍വീക്കം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയെല്ലാം സംഭവിക്കുന്നു. ഇതുവഴി പിന്നെ വ്യായാമം ചെയ്യാൻ പറ്റാത്ത സാഹചര്യമാകും ഉണ്ടാകുക. ക്രമേണ മറ്റ് അസുഖങ്ങളിലേക്കും എത്തും.

പതിവായി വ്യായാമം ചെയ്യുന്നത് രക്തചംക്രമണം, കരളിന്റെ പ്രവര്‍ത്തനം, ഇന്‍സുലിന്‍ ഉല്‍പ്പാദനം എന്നിവയെ മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്നാൽ മദ്യം എല്ലാത്തരം ഉപാപചയ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. മദ്യം കൊഴുപ്പ് കത്തുന്നത് പതുക്കെയാക്കുന്നു. പ്രോട്ടീന്‍ ലയിപ്പിക്കുന്നതിനെ തടസ്സപ്പെടുത്തുന്നു. ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിനും പേശികളെ നന്നാക്കുന്നതിനും സഹായിക്കുന്ന പോഷകങ്ങളായ മഗ്നീഷ്യം, സിങ്ക്, ബി വിറ്റാമിനുകള്‍ തുടങ്ങിയവയെ ഇല്ലാതാക്കുന്നു.

വ്യായാമം മദ്യപാനവുമായി ബന്ധപ്പെട്ട മരണസാധ്യത കുറയ്ക്കുന്നു എന്ന് പറയാം. പക്ഷെ അതിനർഥം മദ്യം ഉപയോഗിക്കുന്നതുകൊണ്ടുളള അപകടങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും എന്നല്ല. ചിട്ടയായ ജീവിതശൈലി പിന്തുടുമ്പോള്‍ രോഗങ്ങളുടെ ചില പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കപ്പെടും എന്നുമാത്രം. അതുകൊണ്ട് വ്യായാമെ ചെയ്യുന്നത് കൊണ്ട് മദ്യപിച്ചാൽ പ്രശ്നമില്ല എന്ന ധാരണ മാറ്റുന്നതാകും ഉത്തമം.

SCROLL FOR NEXT