LIFE

ലോകത്തിലെ ഏറ്റവും പ്രായമുള്ള ഗൊറില്ല..! ബെർലിനിലെ മൃഗശാലയിൽ 69ാം ജന്മദിനം ആഘോഷിച്ച് ഫാറ്റൂ

1959ൽ ഒരു ഫ്രഞ്ച് കപ്പൽ ജീവനക്കാരനാണ് ഫാറ്റുവിനെ യൂറോപ്പിലെത്തിച്ചത്

Author : ന്യൂസ് ഡെസ്ക്

ജർമനി ബെർലിനിലെ മൃഗശാലയിൽ ജീവനക്കാർക്കും സന്ദർശകർക്കുമൊപ്പം 69ാം ജന്മദിനം ആഘോഷിച്ച് ഫാറ്റൂ എന്ന ഗൊറില്ല. ആറ് പതിറ്റാണ്ട് പിന്നിട്ട് എഴുപതുകളിലേക്ക് കടക്കുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും പ്രായമുള്ള ഗൊറില്ല എന്ന റെക്കോർഡും ഈ ഗൊറില്ല മുത്തശ്ശി സ്വന്തമാക്കി. കാലം വരച്ച ചുളിവുകളും വെള്ളിനക്ഷത്രം പോലെ തിളങ്ങുന്ന മുടികളുമായി 69 വർഷം ജീവിച്ച ഫാറ്റൂ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. വാർധക്യത്തിലേക്ക് കടന്നതോടെ അല്പം പിടിവാശികൾ ഒക്കെയുണ്ടെങ്കിലും തന്നെ കാണാനെത്തിയവർക്ക് മുന്നിലെത്താൻ അവൾ മടികാണിക്കാറില്ല.

ഏകാന്തതയിൽ കഴിയാനാണ് ഫാറ്റുവിന് ഇഷ്ടം. അതുകൊണ്ട് മറ്റുള്ള ഗോറില്ലകളുടെ ബഹളങ്ങളിൽ നിന്ന് മാറി സ്വസ്ഥമായി വിശ്രമിക്കാൻ ഫാറ്റൂവിനായി ഒരു പ്രത്യേകയിടം ഒരുക്കിയിട്ടുണ്ട്. വാർധക്യത്തിലേക്ക് കടന്നതോടെ മനുഷ്യരെപ്പോലെ തന്നെ സന്ധിവാതം ഫാറ്റൂവിനെയും അലട്ടുന്നുണ്ട്. അത് നടത്തത്തിന്റെ വേഗതയെയും ബാധിച്ചു. പല്ലുകൾ കൊഴിഞ്ഞുപോയതോടെ പ്രത്യേകമായി വേവിച്ച പച്ചക്കറികളാണ് ഭക്ഷണം. ആളൊരു ഇൻട്രോവേർട്ട് ആണെങ്കിലും ജീവനക്കാർക്കിടയിൽ ബോസ് ലേഡിയാണ്. പ്രായത്തിന്റെ ആനുകൂല്യം ഉപയോഗിച്ച് കെയർടേക്കർമാരെക്കൊണ്ട് തന്റെ കാര്യങ്ങൾ കൃത്യമായി ചെയ്യിപ്പിക്കാനുള്ള തന്ത്രമൊക്കെ ഫാറ്റുവിന്റെ കൈവശമുണ്ട്.

1959ൽ ഒരു ഫ്രഞ്ച് കപ്പൽ ജീവനക്കാരനാണ് ഫാറ്റുവിനെ യൂറോപ്പിലെത്തിച്ചത്. ഭക്ഷണശാലയിലെ ബില്ല് അടയ്ക്കാൻ പണമില്ലാത്തതിനാൽ പകരം ഫാറ്റൂവിനെ നൽകി. അവിടെനിന്നാണ് ബെർലിൻ മൃഗശാലയിലേക്ക് എത്തിച്ചേർന്നത്. കാട്ടിൽ ജനിച്ചു വളരുന്ന ഗൊറില്ലകൾ സാധാരണയായി 35 വയസുവരെയേ ജീവിക്കാറുള്ളൂ. എന്നാൽ മനുഷ്യരുടെ കരുതലും ശാസ്ത്രീയമായ പരിചരണവും ഫാറ്റുവിനെ ആയുസിന്റെ ഇരട്ടി ദൂരം താണ്ടാൻ സഹായിച്ചു. ബെർലിൻ മൃഗശാലയിലെ ആദ്യ ഗൊറില്ല കുഞ്ഞിന് ജന്മം നൽകിയ ഫാറ്റുവിന് അഞ്ചാം തലമുറയിൽപ്പെട്ട കുട്ടികൾ വരെയുണ്ട്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിലെ 'ഏറ്റവും പ്രായം കൂടിയ ഗോറില്ല' എന്ന റെക്കോർഡ് കൂടി ലഭിച്ചതോടെ അതിജീവനത്തിന്റെ അടയാളമായി മാറിയിരിക്കുകയാണ് ഈ ഗൊറില്ല മുത്തശ്ശി.

SCROLL FOR NEXT