ചായപ്രേമികൾക്ക് നാട്ടിൽ ഒരു കുറവുമില്ല. ഇനി അതും പോരാഞ്ഞ് പല തരം ചായകളും ലഭ്യമാണ്. ഇനി ചായ കുടിക്കുന്ന കാര്യത്തിലാകട്ടെ പലരും പല തരത്തിലാണ്. ദിവസവും രാവിലെ ശംഖുപുഷ്പ ചായ കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനം. ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ഉയർന്ന ആൻ്റിഓക്‌സിഡൻ്റ് ശംഖുപുഷ്പ ചായയിൽ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു.
പ്രകൃതിദത്ത പാനീയമായതിനാൽ ശരീരത്തിലെ ജലത്തിൻ്റെ ഭാരം കുറയ്ക്കാനും മൂത്രത്തിലൂടെ ശരീരത്തിലെ വിഷാംശങ്ങൾ പുറത്തേക്ക് കളയുവാനും നീല ചായ കുടിക്കുന്നത് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും നീല ചായ സഹായിക്കും.
ബ്ലൂ ടീ ഇലകൾ ഒരു ഔഷധ സസ്യമായി കണക്കാക്കുന്നതായി ജേണൽ ഓഫ് ക്രിയേറ്റീവ് റിസർച്ച് തോട്ട്സ് വ്യക്തമാക്കുന്നു. ശംഖുപുഷ്പം സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ കുറയ്ക്കുകയും നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ചെയ്യുന്നു. ഔഷധങ്ങളിലും സൗന്ദര്യവർദ്ധക വസ്തുക്കളിലും ഉപയോഗിക്കുന്ന വൈവിധ്യമാർന്ന സസ്യമാണ് ശംഖുപുഷ്പം.
ഫ്ലേവനോയ്ഡുകൾ, ആന്തോസയാനിനുകൾ, ട്രൈറ്റെർപെനോയിഡുകൾ, സൈക്ലോടൈഡുകൾ പോലുള്ള പെപ്റ്റൈഡുകൾ എന്നിവയാൽ സമ്പന്നമാണ് ബ്ലൂ ടീ. ഇതിൽ ആൻ്റിഓക്‌സിഡൻ്റ് , ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റി മൈക്രോബയൽ, നൂട്രോപിക്, കാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്.
ബട്ടർഫ്ലൈ പയർ പൂവിൽ കാണപ്പെടുന്ന പ്രകൃതിദത്ത സസ്യ പിഗ്മെൻ്റുകളാണ് ടെർനാറ്റിനുകൾ. ഇവ ശരീരത്തിലെ സ്ട്രെസ് ഹോർമോണുകളുടെ സ്രവണം കുറയ്ക്കുമെന്ന് പഠനം പറയുന്നു. ഈ സംയുക്തം ഒരു തരം ആന്തോസയാനിൻ കൂടിയാണ്. ഇത് പൂവിനും ചായയ്ക്കും തിളക്കമുള്ള നീല നിറം നൽകുന്നു. ബ്ലൂ ടീ കുടിക്കുന്നത് ആൻ്റി ഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയതിനാൽ ശരീരകോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കും.