ആളുകൾക്ക് ഏറെ ഇഷ്ടമുള്ള പലഹാരമാണ് ഉഴുന്നുവട. പ്രത്യേകിച്ചും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വെജിറ്റേറിയൻസ് ആണ് ഉഴുന്നുവടയുടെ ആരാധകരിൽ അധികവും. മെഡു വട എന്നും പേരുണ്ട്. കര്‍ണാടകയാണ് ഈ വിഭവത്തിന്റെ ജന്മദേശം എന്നാണ് കഥ. കന്നഡയില്‍ ഉദ്ദിന വട കേരളത്തിൽ ഉഴുന്നുവട, തമിഴില്‍ ഉളുന്തുവട തെലുങ്കിലാണെങ്കില്‍ ഗരേലു എന്നിങ്ങനെയാണ് പേരുകൾ.
പലപ്പോഴും ആളുകളെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളിലൊന്നാണ് ഉഴുന്നുവടയുടെ നടുവിലെ ദ്വാരം എന്തിനാണെന്നത്. വെറൈറ്റിയാണെന്നും, ആരോ വെറുതെ ചെയ്ത് നോക്കിയത് പിന്നീട് പിന്തുടർന്നതാണെന്നുമെല്ലാം പറഞ്ഞ് പലരും തടി തപ്പും. ചിലപ്പോൾ ചിരിച്ച് തള്ളാനുള്ള ഒരു കുസൃതി ചോദ്യമായി എടുക്കും.
എന്നാൽ സംഗതി നിസാരമല്ല. ഇത്ര രുചികരമായി ഉഴുന്നുവട മൊരിഞ്ഞ് വെന്ത് വരുന്നതിന് കാരണം തന്നെ അതിന് നടുവിൽ ദ്വാരമിട്ട് കൊടുക്കുന്നതുകൊണ്ടാണത്രേ. ഉഴുന്നുവട എണ്ണയില്‍ മൊരിയിച്ചെടുക്കുമ്പോള്‍ അകവും പുറവും ഒരുപോലെ വെന്ത് കിട്ടണം. നടുവില്‍ ദ്വാരമിടുമ്പോള്‍ ചൂടുളള എണ്ണ വടയുടെ അകത്തേക്ക് എത്തുകയും എണ്ണ നന്നായി മൊരിഞ്ഞുകിട്ടുകയും ചെയ്യും.
അങ്ങനെയല്ലെങ്കില്‍ നടുഭാഗം പൂര്‍ണമായി വേകാതെയിരിക്കും. ഇതാണ് ഉഴുന്നുവടയുടെ നടുവില്‍ ദ്വാരമിടുന്നതിന് പിന്നിലെ കാരണം. ഇനി ദക്ഷിണേന്ത്യ വിട്ടാൽ ചിലപ്പോൾ ഉഴുന്നുവടയ്ക്ക് ദ്വാരം കണ്ടിലെന്നും വരാം. ഉത്തരേന്ത്യയിൽ അതൊന്നും അത്ര പ്രശ്നമില്ല. അതൊരു സൈഡ് സ്നാക് മാത്രമാണ്. പക്ഷെ ദക്ഷിണേന്ത്യയിൽ അത് ഏറെ പ്രിയമുള്ള വിഭമാണ്. വെന്ത് മൃദുവായി പുറം നന്നായി മൊരിഞ്ഞ ഉഴുന്നുവട ചൂടോടെ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് അധികവും.
ഉഴുന്നുപരിപ്പ്, കറിവേപ്പില, പച്ചമുളക്, കുരുമുളക്, ചെറിയ ഉള്ളി എന്നിവ ചേര്‍ത്ത് മാവ് തയ്യാറാക്കിയാണ് വടയുണ്ടാക്കുന്നത്. കേരളത്തില്‍ ഉഴുന്നുവട സാമ്പാറിനും ചമ്മന്തിക്കുമൊപ്പമോ അല്ലെങ്കില്‍ വടമാത്രമായോ കഴിക്കുമ്പോള്‍ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വട മസാലകള്‍ ചേര്‍ത്ത തൈരിലോ രസത്തിലോ മുക്കിവച്ചാണ് കഴിക്കുന്നത്