ജീരകം Source: Freepik
LIFE

ജീരകം എന്ന ഇത്തിരിക്കുഞ്ഞന്‍; ആ​ന്റി ഓ​ക്സി​ഡ​ന്റി​ന്റെ ക​ല​വ​റ, സൂക്ഷിച്ച് ഉപയോഗിച്ചാല്‍ ആരോഗ്യ ഗുണങ്ങളേറെ

കാത്സ്യം, ഇരുമ്പ്‌, പ്രോട്ടീന്‍, വൈറ്റമിന്‍ എന്നിവ അടങ്ങിയിരിക്കുന്നത്‌ കൊണ്ടാണ്‌ ജീരകത്തിന്‌ പ്രസവ ശുശ്രൂഷയില്‍ പ്രാധാന്യം ലഭിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

'വയറുവേദനയെന്നോ...? കുറച്ച് ജീരകം എടുത്ത് ചവയ്ക്ക്', 'ഗ്യാസ് ട്രബിളായിരിക്കും? കുറച്ച് ജീരകം വറുത്ത് വെള്ളം കുടിക്ക്...' നമ്മുടെ അമ്മമാര്‍ സ്ഥിരം പ്രയോഗിക്കാറുള്ള 'ഔഷധക്കൂട്ട്'. അമ്മമാര്‍ പറഞ്ഞത് ശരിയാണ്. ജീരകത്തിന് ഔഷധ ഗുണവും, പോഷക ഗുണവും ഏറെയുണ്ട്. അത് നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണവും ചെയ്യും. പക്ഷേ, കണ്ടും അറിഞ്ഞും ഉപയോഗിക്കണമെന്ന് മാത്രം.

ജീരകം തന്നെ നാല് തരത്തിലുണ്ട്. ശ്വേതജീരകം (വെളുത്തത്), കൃഷ്ണജീരകം (കറുത്തത്), സ്ഥൂലജീരകം (പെരുംജീരകം), പീതജീരകം (മഞ്ഞജീരകം). എല്ലാത്തിനും അനവധി ഗുണങ്ങളുമുണ്ട്. ആ​ന്റി ഓ​ക്സി​ഡ​ന്റി​ന്റെ ക​ല​വ​റ​യായ ജീ​ര​കം ആ​രോ​ഗ്യ​ദാ​യി​നി​യാ​ണ്. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വര്‍​ധി​പ്പി​ക്കാ​നു​ള്ള ക​ഴി​വുമുണ്ട്. ആ​ന്റി സെ​പ്‌​റ്റി​ക് ഗു​ണ​മു​ള്ളതിനാല്‍ ജ​ല​ദോ​ഷം അ​ക​റ്റു​ന്നതിന് സ​ഹാ​യി​ക്കും. സ​മൃ​ദ്ധ​മാ​യി ഇ​രു​മ്പ് അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാല്‍ വി​ളര്‍​ച്ച അ​ക​റ്റാനും ഉ​ത്ത​മ​മാ​ണ്. കൊഴുപ്പ്‌, മാംസ്യം, അന്നജം, നാര്‌ എന്നിവയെല്ലാം സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ (കരോട്ടിന്‍), കാത്സ്യം എന്നിവയും ധാരാളമുണ്ട്‌.

ഭക്ഷണത്തില്‍ ജീരകം ചതച്ചിടുകയോ വറുത്ത്‌ പൊടിച്ചിടുകയോ ചെയ്യാം. ചതച്ചിടുന്ന ജീരകത്തിന് വായുകോപം (ഗ്യാസ് സ്ട്രബിള്‍) ഇല്ലാതാക്കാന്‍ കഴിയും. വറുക്കുമ്പോള്‍ ജീരകത്തിലെ സുഗന്ധ എണ്ണകള്‍ സ്വതന്ത്രമാക്കപ്പെടുകയും, പോഷക മൂല്യം ഏറുകയും ചെയ്യുന്നു. ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്. ദഹന പ്രശ്നങ്ങള്‍ ഒരു പരിധി വരെ പരിഹരിച്ച് ദഹന പ്രക്രിയ സുഗമമാക്കും. അ​തി​രാ​വി​ലെ ഒരു ഗ്ലാസ് ജീരക വെ​ള്ളം കു​ടി​ക്കു​ന്ന​ത് അമിതവണ്ണം കു​റ​യ്ക്കാനും സഹായിക്കും. കായിക ശേഷി വര്‍ധിപ്പിക്കാനും, ശരീരത്തിന്‌ പ്രതിരോധ ശേഷി നല്‍കാനുമൊക്കെ ജീരകം ഉപയോഗിക്കാം. രക്ത ശുദ്ധീകരണത്തിനും ദഹനത്തിനും ജീരകം സഹായിക്കുന്നു. മു​ടി​യു​ടെ വ​ളര്‍​ച്ച ത്വ​രി​ത​പ്പെ​ടു​ത്താ​നും ജീ​ര​ക​വെ​ള്ളം കു​ടി​ക്കു​ന്ന​ത് നല്ലതാണ്.​ പൈല്‍സ്, ഉറക്കക്കുറവ് എന്നിവ അലട്ടുന്നവര്‍ക്കും ജീരകം ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

ശ​രീ​ര​ത്തി​ലെ ചീ​ത്ത കൊ​ള​സ്‌​ട്രോ​ളി​നെ ഇ​ല്ലാ​താ​ക്കി ന​ല്ല കൊ​ള​സ്‌​ട്രോ​ളി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നതിലൂടെ ജീരകം ഹൃദയാരോഗ്യവും സംരക്ഷിക്കും. പലതരം ചര്‍മ പ്രശ്നങ്ങള്‍ക്കും ജീരകം പരിഹാരമാണ്. കണ്ണിന്റെ ആരോഗ്യത്തിനും, തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുമൊക്കെ ജീരകത്തിന് ശേഷിയുണ്ടെന്നാണ് പറയപ്പെടുന്നത്. പ്രകൃതി ചികിത്സയിലും, പ്രസവ ശുശ്രൂഷയിലുമൊക്കെ ജീരകം ധാരാളമായി ഉപയോഗിക്കാറുണ്ട്.

കാത്സ്യം, കൊഴുപ്പ്‌, ഇരുമ്പ്‌, പ്രോട്ടീന്‍, വൈറ്റമിന്‍ എന്നിവ അടങ്ങിയിരിക്കുന്നത്‌ കൊണ്ടാണ്‌ ജീരകത്തിന്‌ പ്രസവ ശുശ്രൂഷയില്‍ പ്രാധാന്യം ലഭിക്കുന്നത്. ജീരകം പൊടിച്ച് ചെറുനാരങ്ങാനീര് ചേര്‍ത്ത് കഴിച്ചാല്‍ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ചര്‍ദിക്ക് ആശ്വാസം കിട്ടും. ജീരകം, കൊത്തമല്ലി എന്നിവ സമമെടുത്ത് അരച്ച് കല്‍ക്കമാക്കി നെയ്യ് കാച്ചി കഴിച്ചാല്‍ കഫം, പിത്തം, ഛര്‍ദി, അരുചി ഇവ മാറിക്കിട്ടും. വിളര്‍ച്ച, ചെന്നിക്കുത്ത്‌, ദഹനക്കേട്‌, ഗ്യാസ്‌ സ്ട്രബിള്‍ എന്നിവ മൂലമുണ്ടാകുന്ന വയറുവേദന, അലര്‍ജി എന്നിവയ്ക്ക്‌ ജീരകത്തിന്‌ ആശ്വാസം നല്‍കാന്‍ കഴിയും.

ഇത്രയൊക്കെ ഗുണങ്ങള്‍ ഉള്ളപ്പോള്‍ തന്നെ, ദോഷങ്ങളും അനവധിയാണ്. അമിതമായതോ, കൃത്യമല്ലാത്തതോ ആയ ഉപയോഗമാണ് പലപ്പോഴും തിരിച്ചടിയാകുന്നത്. ജീരകമിട്ട വെള്ളം കുടിക്കുമ്പോഴോ, ജീരകം കഴിക്കുമ്പോഴോ പുളിച്ച് തികട്ടല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം. നെഞ്ചെരിച്ചില്‍ ഉള്ളപ്പോഴും ജീരകം കഴിക്കരുത്. കരളിന് പ്രശ്‌നമുണ്ടാക്കാനും ജീരകത്തിന് കഴിയും. കൂടുതല്‍ കാലം അമിതമായ തോതില്‍ ജീരകം ഉപയോഗിക്കുന്നത് കരളിനെ സാരമായി ബാധിക്കും. പ്രമേഹം വര്‍ധിപ്പിക്കുമെന്നതിനാല്‍ പ്രമേഹ രോഗികള്‍ ജീരകം സൂക്ഷിച്ച് മാത്രം ഉപയോഗിക്കണം. പലതരത്തിലുള്ള അലര്‍ജികള്‍ക്കും ജീരകം കാരണമാകുന്നുണ്ട്.

SCROLL FOR NEXT