Image: Freepik
LIFE

സ്വവര്‍ഗാനുരാഗം നോര്‍മലാണ്, മനുഷ്യരില്‍ മാത്രമല്ല മൃഗങ്ങളിലും പക്ഷികളിലും

ഏകദേശം 1500-ല്‍ അധികം ജീവിവര്‍ഗ്ഗങ്ങളില്‍ സ്വവര്‍ഗ്ഗ ലൈംഗികബന്ധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

ഒരു വ്യക്തിക്ക് അയാളുടെ ലിംഗത്തില്‍പെട്ടവരോട് തോന്നുന്ന ലൈംഗികപരമായ ആകര്‍ഷണവും പ്രണയവുമാണ് സ്വവര്‍ഗ ലൈംഗികത. സ്വവര്‍ഗ പ്രണയം അല്ലെങ്കില്‍ ഹോമോസെക്ഷ്വാലിറ്റി ഒരാളുടെ തെരഞ്ഞെടുപ്പല്ല. ജനിതകപരമായതും ഹോര്‍മോണുകളുമായി ബന്ധപ്പെട്ടതും മറ്റ് നിരവധി ജൈവശാസ്ത്രപരമായ കാരണങ്ങളാണുമാണ് ഇതിനു പിന്നിലെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്. ഇതൊരു മാനസിക രോഗമോ ചികിത്സ നല്‍കേണ്ട അസുഖമോ അല്ല. ലോകാരോഗ്യസംഘടനയും മറ്റ് പ്രമുഖ മനഃശാസ്ത്ര സംഘടനകളും സ്വവര്‍ഗ്ഗലൈംഗികതയെ മാനസിക രോഗങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എതിര്‍ ലിംഗത്തോട് ആകര്‍ഷണം തോന്നുന്നതു പോലെ സാധാരണമായ അവസ്ഥയാണ് ഇതെന്ന് ശാസ്ത്രം പറയുന്നു.

ചില ആളുകള്‍ക്ക് എതിര്‍ലിംഗത്തില്‍പ്പെട്ടവരോടായിരിക്കും ആകര്‍ഷണം തോന്നുന്നത് (ഹെട്രോസെക്ഷ്വാലിറ്റി). ചിലര്‍ക്ക് ഇരു ലിംഗത്തില്‍പ്പെട്ടവരോടും ആകര്‍ഷണം തോന്നാം (ബൈസെക്ഷ്വാലിറ്റി). മനുഷ്യന്റെ സ്വാഭാവിക ലൈംഗിക വ്യക്തിത്വം മാത്രമാണെന്ന് ശാസ്ത്രലോകം അംഗീകരിച്ചിട്ടുണ്ട്. മനുഷ്യരില്‍ മാത്രമല്ല, ഭൂമിയിലെ മറ്റ് ജീവജാലങ്ങളിലും സ്വവര്‍ഗ ലൈംഗികത സാധാരണമാണെന്നാണ് ശാസ്ത്രത്തിന്റെ കണ്ടെത്തല്‍.

സ്വവര്‍ഗ സ്വഭാവം പ്രകടിപ്പിക്കുന്ന ചില ജീവിവര്‍ഗ്ഗങ്ങളെ ശാസ്ത്രലോകം ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

ബോണോബോകളില്‍ സ്വവര്‍ഗ്ഗ ലൈംഗികത വളരെ സാധാരണമാണ്. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്താനും ഇത് അവരെ സഹായിക്കുന്നു. മനുഷ്യരുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന ജീവി വര്‍ഗങ്ങളില്‍ ഒന്നായ ബൊണോബോകള്‍ ലിംഗഭേദത്തെ അടിസ്ഥാനമാക്കി വിവേചനം കാണിക്കാറില്ല. സ്ത്രീ-സ്ത്രീ, പുരുഷ-പുരുഷ ജോഡികള്‍ ഇവയ്ക്കിടയില്‍ സാധാരണമാണ്.

ജാപ്പനീസ് മക്കാക്കുകള്‍

ജാപ്പനീസ് മക്കാക്കുകളിലെ പെണ്‍ കുരങ്ങുകള്‍ സാധാരണയായി മറ്റ് പെണ്‍ കുരങ്ങുകളുമായി ഇണചേര്‍ന്ന് 'കണ്‍സോര്‍ട്ട്ഷിപ്പ്' (consortships) എന്നറിയപ്പെടുന്ന താല്‍ക്കാലികമായ ലൈംഗിക ബന്ധങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇതില്‍ പ്രണയാഭ്യര്‍ത്ഥനയും ലൈംഗിക ബന്ധങ്ങളും ഉള്‍പ്പെടുന്നു. സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് വേണ്ടി പെൺ കുരങ്ങുകൾ ആണ്‍ കുരങ്ങുകളുമായി മത്സരിക്കാറുണ്ട്. ഒരു ആണ്‍ കുരങ്ങ് പങ്കാളിയായി ഉണ്ടായിട്ടും, അവര്‍ ഒരു പെണ്‍ പങ്കാളിയെ തിരഞ്ഞെടുക്കുകയും ചെയ്യാറുണ്ട്.

ജാപ്പനീസ് മക്കാക്കു

പക്ഷികളിലും സ്വവര്‍ഗാനുരാഗികളെ കണ്ടെത്തിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കിലെ റോയ്, സിലോ എന്നിവര്‍ ലോക പ്രശസ്തരാണ്. രണ്ട് ആണ്‍ പെന്‍ഗ്വിനുകള്‍ ഏറെക്കാലം ഇണകളായാണ് ജീവിച്ചിരുന്നത്.

1998 ലാണ് പാര്‍ക്കിലെ ജീവനക്കാര്‍ റോയിയും സിലോയും പരസ്പരം അടുപ്പം കാണിക്കുന്നതായി ശ്രദ്ധിച്ചു തുടങ്ങിയത്. പെണ്‍-ആണ്‍ പെന്‍ഗ്വിനുകള്‍ക്കിടയില്‍ കാണുന്ന കഴുത്ത് ചുറ്റിവയ്ക്കുക, ശബ്ദമുണ്ടാക്കി ഇണചേരാനുള്ള ആഹ്വാനം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ക്കിടയിലും ഉണ്ടായിരുന്നു.

1999 ല്‍ ഇരുവരും ഒരു കല്ലിന് അടയിരിക്കാന്‍ തുടങ്ങി. മറ്റ് പെന്‍ഗ്വിനുകളുടെ മുട്ട മോഷ്ടിക്കാന്‍ ഇവര്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ക്കിലെ ജീവനക്കാര്‍ ഇവര്‍ക്ക് ഒരു പെന്‍ഗ്വിന്‍ മുട്ട അടയിരിക്കാനായി നല്‍കി. റോയിയും സിലോയും 34 ദിവസം അടയിരുന്ന് ആ മുട്ട വിരിയിച്ചു. അങ്ങനെ വിരിഞ്ഞ കുഞ്ഞിന് ടോംഗോ എന്നാണ് പാര്‍ക്ക് ജീവനക്കാര്‍ പേരിട്ടത്. രണ്ടര മാസത്തോളം റോയിയും സിലോയും ചേര്‍ന്നാണ് ടോംഗോയെ വളര്‍ത്തിയത്. ഇവരുടെ കഥ പിന്നീട് ആന്‍ഡ് ടാംഗോ മേക്ക്‌സ് ത്രീ' എന്ന പേരില്‍ കുട്ടികളുടെ പുസ്തകമായി പുറത്തിറങ്ങിയിട്ടുണ്ട്.

മൃഗങ്ങളുടെ ലോകത്ത് സ്വവര്‍ഗ്ഗ ലൈംഗികത സാധാരണമാണെന്ന് തെളിയിക്കുന്നതാണ് റോയിയുടെയും സിലോയുടേയും കഥ. ഇണയോടുള്ള സ്‌നേഹവും, കുട്ടികളെ വളര്‍ത്താനുള്ള താല്പര്യവും ലിംഗഭേദമില്ലാതെ മൃഗങ്ങള്‍ക്കും ഉണ്ടെന്നും തെളിയിക്കുന്നതാണ് ഈ പെന്‍ഗ്വിനുകളുടെ കഥ.

SCROLL FOR NEXT