LIFE

ഇഡ്ഡലിയോട് നോ പറയാൻ വരട്ടെ... മികച്ച ബ്രേക്ക്ഫാസ്റ്റ് ആണെന്ന് ആരോഗ്യ വിദഗ്ധർ

ഇഡ്ഡലി, സാമ്പാർ, തേങ്ങാ ചട്ണി എന്നിവയുടെ ചേരുവകളും തയ്യാറാക്കുന്ന രീതിയും വ്യത്യസ്ത ആരോഗ്യ ഗുണങ്ങൾ നൽകുമെന്നാണ് ഡോ. സൗരഭ് സേഥി പറയുന്നത്

Author : ന്യൂസ് ഡെസ്ക്

എന്നും ഇഡ്ഡലിയാണ്.. ഇഡ്ഡലി കഴിച്ചു മടുത്തു.... അധികമാളുകളും പരാതി പറയുന്ന ഒന്നാണ് ഇത്. എന്നാൽ ഇഡ്ഡലിയോട് നോ പറയാൻ വരട്ടെ. ഇഡ്ഡലിക്ക് ഒരുപാട് ആരോ​ഗ്യ ​ഗുണങ്ങൾ ഉണ്ടെന്നേ. കുടലിന് അനുയോജ്യമായതും ആരോഗ്യകരവുമായ പ്രഭാതഭക്ഷണങ്ങളിൽ ഏറ്റവും മുൻപന്തിയിലാണ് ഇഡ്ഡലിയുടെ സ്ഥാനം. ഇഡ്ഡലി, സാമ്പാർ, തേങ്ങാ ചട്ണി എന്നിവയുടെ ചേരുവകളും തയ്യാറാക്കുന്ന രീതിയും വ്യത്യസ്ത ആരോഗ്യ ഗുണങ്ങൾ നൽകുമെന്നാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി പറയുന്നത്.

രുചിയുടെ കാര്യത്തിലും ആവിയിൽ ഉണ്ടാക്കിയെടുക്കുന്ന ആഹാരം എന്ന നിലയിലും ഇഡ്ഡലിയുടെ ആരോഗ്യഗുണങ്ങൾ വളരെയേറെയാണ്. ഇത് ദഹിക്കാൻ എളുപ്പമാണ്. കൂടാതെ ശരീരത്തിന് ആവശ്യമായ ഊർജവും നൽകും. ശരീരത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റ്, കാൽസ്യം, ഇരുമ്പ് എന്നിവയും ഇഡ്ഡലി കഴിക്കുന്നതിലൂടെ ലഭിക്കും. ഭാരം കുറയ്ക്കാൻ പോലും ഇഡ്ഡലി കഴിക്കുന്നത് ശീലമാക്കുന്നതോടെ സാധിക്കും.

നല്ല ദഹനം

ഇഡ്ഡലി പുളിപ്പിച്ച് ഉണ്ടാക്കുന്നതുകൊണ്ട്, ദഹനത്തിന് സഹായിക്കുന്ന പ്രോബയോട്ടിക്കുകൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കാനും സഹായിക്കും.

ശരീരഭാരം കുറയ്ക്കും

എണ്ണയുടെ ഉപയോഗം ലവലേശം ഇല്ലാതെയാണ് ഇഡ്ഡലി ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ കാലറി തീരെ കുറവുള്ള ആഹാരം എന്ന നിലയിലും ആവിയിൽ പാകം ചെയ്‌തെടുക്കുന്ന ഭക്ഷണം എന്ന നിലയിലും ഇഡ്ഡലിക്കുള്ള ആരോഗ്യഗുണങ്ങൾ വളരെയേറെയാണ്. കൂടാതെ നാരുകളാൽ സമ്പുഷ്ടവുമാണ്. ഇത് വിശപ്പ് കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

പ്രമേഹ രോഗികൾക്കും കഴിക്കാം

പ്രമേഹമുള്ളവർക്ക് കഴിക്കാൻ പറ്റിയ ഒരു ഭക്ഷണമാണ് ഇഡ്ഡലി. ഇതിൽ പഞ്ചസാരയുടെ അളവ് കുറവായതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

ശരീരത്തിന് ഊർജ്ജം നൽകും

ഇഡ്ഡലിയിൽ കാർബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകും.

ഹൃദയാരോഗ്യത്തിന് നല്ലത്

ഇഡ്ഡലിയിൽ കൊളസ്ട്രോൾ കുറവായതുകൊണ്ട് ഹൃദയാരോഗ്യത്തിന് നല്ലതാണ്.

ധാതുക്കളുടെയും വിറ്റാമിനുകളുടെയും കലവറ

ഇഡ്ഡലിയിൽ ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ ബി തുടങ്ങിയ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആരോഗ്യകരമായ പ്രവർത്തനങ്ങൾക്ക് ആവശ്യമാണ്.

അതേസമയം, ഇഡ്ഡലിമാവ് തയ്യാറാക്കുമ്പോൾ അരി ഉപയോഗിക്കുന്നതിൽ പലർക്കും ആശങ്ക കാണും. അരി ശരീരത്തിൽ കർബോഹൈഡ്രേറ്റിന്റെ അളവ് വർധിപ്പിക്കുമെന്നതാണ് പേടി. എന്നാൽ അരിയോടൊപ്പം അരയ്ക്കുന്ന ഉഴുന്ന് ഇതിനൊരു പരിഹാരമാണ്.

SCROLL FOR NEXT