LIFE

അതെന്താ മുട്ട പഫ്സിൽ പകുതി മുട്ട മാത്രം... സംഗതി സീക്രട്ടാണോ?

ഇറച്ചി, പച്ചക്കറി, മധുരം തുടങ്ങി പലതും ഫില്ലിംഗാക്കി പഫ്സ് ഉണ്ടാക്കാറുണ്ട്. എങ്കിലും മുട്ട പഫ്സിന്റെ തട്ട് താണ് തന്നെയിരിക്കും

Author : ന്യൂസ് ഡെസ്ക്

മനുഷ്യനെ നാണം കെടുത്തുന്ന ഭക്ഷണമാണ് മുട്ടപഫ്സ് എന്ന സിനിമാ ഡയലോഗ് ഒക്കെ ശരി തന്നെ. പക്ഷെ ആ ഡയോലോഗ് പോലെ അത്ര നാണക്കേടൊന്നും മലയാളിക്ക് മുട്ട പഫ്സ് കൊണ്ടില്ല. മാത്രവുമല്ല ഏറെപ്പേരുടെ ഇഷ്ട വിഭവം കൂടിയാണ് മുട്ട പഫ്സ്. അൺഹെൽത്തി ഫുഡ് എന്ന് ഫിറ്റ്നസ് ഫ്രീക്കുകൾ പറഞ്ഞാലും ശരാശരി മനുഷ്യരുടെ ചോറും കറികളും പലഹാരവുമെല്ലാം വച്ച് നോക്കിയാൽ അൽപ്പം മൈദ അത്ര അൺഹെൽത്തിയല്ല താനും.

ആള് വിദേശിയാണെങ്കിലും ഇന്ന് ദക്ഷിണേന്ത്യയിൽ താരമാണ് പഫ്സ്. യൂറോപ്യന്‍സിന്റെ കണ്ടുപിടുത്തമായ പഫ് പേസ്ട്രി കൊളോണിയല്‍ കാലഘട്ടത്തില്‍ ബ്രിട്ടീഷുകാരിലൂടെ ഇന്ത്യന്‍ ബേക്കറിയിലെത്തി. ആദ്യകാലത്ത് മാംസവും പച്ചക്കറികളും ചേർത്ത് ബേക്ക് ചെയ്തിരുന്ന പഫ്സുകളിൽ മസാല ചേർത്ത മുട്ട പരീക്ഷിച്ചതോടെ ആ രുചി ആളുകൾ ഏറ്റെടുത്തു. ബ്രിട്ടീഷുകാർ പോയെങ്കിലും പഫ്സ് ഇവിടെ താരമായി വളർന്നു വന്നു.

ഇനി മൈദയും മസാലയും മുട്ടയും എല്ലാം ചേർന്ന് ചെറിയ പൈസയ്ക്ക് ഒരു നേരം പിടിച്ച് നിൽക്കാൻ സഹായിക്കും എന്ന ഗുണവും മുട്ട പഫ്സിനുണ്ട്. ഇറച്ചി, പച്ചക്കറി, മധുരം തുടങ്ങി പലതും ഫില്ലിംഗാക്കി പഫ്സ് ഉണ്ടാക്കാറുണ്ട്. എങ്കിലും മുട്ട പഫ്സിന്റെ തട്ട് താണ് തന്നെയിരിക്കും. പൊതുവെ മുട്ടയുടെ പകുതിയും ബാക്കി മസാല ഫില്ലിംഗും ചേർത്താണ് മുട്ട പഫ്സ് തയ്യാറാക്കുന്നത്. അപൂർവമായി മാത്രം മുട്ട മുഴുവനായി ഉപയോഗിച്ച് പഫ്സ് ഉണ്ടാക്കുന്നവരുണ്ട്. പക്ഷെ ആരാധകർക്ക് മുട്ട പഫ്സ് എന്നാൽ പകുതി മുട്ട ചേരുന്നതാണ്.

എന്തുകൊണ്ടാണ് പൊതുവെ പകുതി മുട്ടമാത്രം മുട്ട പഫ്സിൽ ഉപയോഗിക്കുന്നത് എന്നാലോചിച്ചിട്ടുണ്ടോ?. ലാഭം നോക്കിയാകും എന്ന പതിവ് നിരീക്ഷണം പൂർണമായും തെറ്റല്ല. എന്നാൽ അതുമാത്രമല്ല കാര്യം. പുഴുങ്ങിയ മുട്ട മുഴുവനായി വച്ചാൽ മസാലയും ചേർത്ത് പഫ്സ് ബേക്ക് ചെയ്തെടുക്കാൻ പ്രയാസമാണ്. പോക്കറ്റ് സൈസ് സ്നാക്ക് ആയതുകൊണ്ടു തന്നെ പഫ്സിന്റെ ഷേപ്പ് നിലനിർത്താൻ പകുതി മുട്ട ഫില്ലിംഗിൽ വയ്ക്കുന്നതാണ് ഉചിതം.

പിന്നെ പഫ്സിന്റെ രുചിയേയും മുട്ട പകുതിയാക്കി വയ്ക്കുന്നത് സ്വാധീനിക്കും. പുഴുങ്ങിയ മുട്ട പകുതിയാക്കി വയ്ക്കുമ്പോൾ അത് മസാലയുമായി ചേർന്ന് രുചികരമാകുന്നു. എന്നാൽ മുട്ട് മുഴുവനുമായി വച്ചാൽ ആ രുചി കിട്ടില്ല. കച്ചവടത്തിലെ ലാഭം എന്നത് എടുത്തു പറയാൻ മാത്രം ഇല്ല. എങ്കിലും താരതമ്യേന മുട്ടയുടെ ചിലവ് കുറയും . കൂടുതൽ എണ്ണം ഉണ്ടാക്കാനും സാധിക്കും.

SCROLL FOR NEXT