ഇന്ത്യയിൽ ഗർഭച്ഛിദ്രം അഥവാ അബോര്‍ഷൻ നിയമത്തിൻ്റെ ചരടുകളാൽ ബന്ധിതമാണ്. അനാവശ്യമായ അബോര്‍ഷൻ കേസുകൾ ഒഴിവാക്കുന്നതിനായി ശക്തമായ നിയമസംവിധാനങ്ങളാണ് രാജ്യത്ത് നിലനിൽക്കുന്നത്. അതേസമയം, ഗർഭിണിയായ സ്ത്രീയുടെയും കുഞ്ഞിൻ്റെയും മാനസിക ആരോഗ്യാവസ്ഥകളും കുഞ്ഞിൻ്റെ വളർച്ചയുടെ കാലയളവും കൂടി പരിഗണിച്ചാണ് നിയമപ്രകാരം ഗർഭച്ഛിദ്രം നടത്താനാകൂ.
രാജ്യത്ത് അബോര്‍ഷൻ നിയമവിധേയമാണ്. എന്നാൽ ഇതിനപ്പുറം ഗർഭം അലസിപ്പിക്കണമെന്ന് ഗർഭിണിയായ സ്ത്രീയുടേയും പങ്കാളിയുടെയും കൂട്ടായ തീരുമാന പ്രകാരമായിരിക്കണം. കൂടാതെ ഗർഭിണിയാകുന്ന സ്ത്രീയുടെ പൂർണസമ്മതം ഉറപ്പാക്കിയ ശേഷം മാത്രമെ ഗർഭച്ഛിദ്രം നടത്താവൂയെന്നും രാജ്യത്തെ നിയമം അനുശാസിക്കുന്നു.
സ്ത്രീകളുടെ ഗർഭപാത്രത്തിൽ ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിനെ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പുറത്തുകളയുന്ന ശാസ്ത്രീയമായ രീതിയാണ് അബോർഷൻ അഥവാ ഗർഭച്ഛിദ്രം. ഇന്ത്യയിൽ 1860 മുതൽ ഐപിസിയുടെ സെക്ഷൻ 312 മുതൽ 316 വരെയുള്ള വകുപ്പുകൾ പ്രകാരം ഗർഭച്ഛിദ്രം ക്രിമിനൽ കുറ്റമായി പരിഗണിക്കപ്പെട്ടിരുന്നത്.
പിന്നീട് 1971ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്‌നൻസി ആക്റ്റ് പ്രകാരം അബോർഷൻ നിയമവിധേയമായി അനുവദിച്ചു തുടങ്ങി. പിന്നീട് 2021ൽ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്‌നൻസി ആക്റ്റ് ഭേദഗതി ചെയ്യപ്പെട്ടു. ഗർഭിണികളായ സ്ത്രീകളുടെ അകാലമരണം പോലുള്ള സാഹചര്യങ്ങളെ കുറയ്ക്കാനും ഈ നിയമങ്ങൾ പ്രയോജനകരമായിരുന്നു.
ഈ നിയമപ്രകാരം അബോർഷൻ നടത്താവുന്ന ഗർഭകാല പരിധി 20 ആഴ്ചയിൽ നിന്ന് 24 ആഴ്ചയായി ഉയർത്തി. ഈ നിയമപ്രകാരം അംഗീകൃത രജിസ്ട്രേഷനുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണർക്ക് പരമാവധി 20 ആഴ്ച വരെ ഗർഭച്ഛിദ്രം നടത്താനാകും. 24 ആഴ്ച വരെയെത്തിയ ഗർഭത്തിൻ്റെ കാര്യത്തിൽ, ബലാത്സംഗം, ബന്ധുക്കൾക്കിടയിലെ ലൈംഗിക ബന്ധം, ലൈംഗികാതിക്രമം, പ്രായപൂർത്തി ആകാത്തവർ തമ്മിലുള്ള സെക്സ്, ഗർഭിണി ആയിരിക്കെ സ്ത്രീകൾ വിവാഹബന്ധം ഒഴിയുന്ന സാഹചര്യം, ശാരീരിക വൈകല്യമുള്ള സ്ത്രീകൾ, മാനസിക രോഗികളായ സ്ത്രീകൾ, പ്രസവസമയത്ത് ഉണ്ടാകുന്ന സങ്കീർണതകൾ, ഗുരുതരമായ വൈകല്യത്തിലേക്ക് നയിച്ചേക്കാവുന്ന ശാരീരികമോ മാനസികമോ ആയ അസാധാരണത്വങ്ങൾ എന്നിവ ഉൾപ്പെടുന്ന കേസുകളിൽ അബോർഷൻ നടത്താൻ രണ്ട് രജിസ്റ്റർ ചെയ്ത ഡോക്ടർമാരുടെ ആവശ്യമുണ്ട്.
നിയമത്തിൻ്റെ ചട്ടക്കൂട്ടുകൾക്കുള്ളിൽ നിൽക്കുമ്പോൾ തന്നെ, ഉദരത്തിലുള്ള പൂർണ വളർച്ച എത്താത്ത കുഞ്ഞിനെ ഗർഭച്ഛിദ്രത്തിലൂടെ ഇല്ലാതാക്കണമോ എന്ന് തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം ഗർഭിണിയായ സ്ത്രീയുടേതാണ്. എന്നാൽ ഗർഭിണിയായ സ്ത്രീയുടെ അനുമതി കൂടാതെ അവരുടെ ഗർഭച്ഛിദ്രം നടത്തുന്നതോ, ബലം പ്രയോഗിച്ചോ മാനസികമായി സമ്മർദ്ദം ചെലുത്തി അവരെ അതിന് നിർബന്ധിക്കുന്നതോ ആയ സാഹചര്യവും കുറ്റകരമാണ്.
1860ലെ ഐപിസി സെക്ഷൻ 313 പ്രകാരം, ഗർഭിണിയായ സ്ത്രീയുടെ അനുമതി കൂടാതെ അവരുടെ കുഞ്ഞിനെ അബോർഷനിലൂടെ ഇല്ലാതാക്കുന്നത്, 10 വർഷം വരെ തടവും ഒപ്പം പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരത്തിലുള്ള കുറ്റവാളിയുടെ പ്രവൃത്തി അമ്മയുടെ ജീവൻ രക്ഷിക്കാനല്ല എന്ന് കണ്ടെത്തിയാൽ, 1860ലെ ഐപിസി സെക്ഷൻ 315 പ്രകാരം 10 വർഷം വരെ തടവോ അല്ലെങ്കിൽ പിഴയോ, അതുമല്ലെങ്കിൽ രണ്ടും ചേർന്നോ അനുഭവിക്കേണ്ടി വരും.
ഗർഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക് അവർ വിവാഹിതയായാലും അവിവാഹിതയായാലും, ആ ഗർഭം നിലനിർത്തണോ അതോ ഗർഭച്ഛിദ്രം ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. നിയമം അനുവദിക്കുന്ന കാരണങ്ങൾ മുൻനിർത്തി ഒരു സ്ത്രീ ആവശ്യപ്പെട്ടാൽ അത് ചെയ്തു കൊടുക്കാൻ ഡോക്ടർമാർ തയ്യാറാവേണ്ടതുമാണ്. അത് ആർട്ടിക്കിൾ 21 പ്രകാരമുള്ള സ്ത്രീകളുടെ മൗലികാവകാശമാണ്.
ഗർഭം നിലനിർത്തുക എന്നത് പോലെ നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളിൽ ഗർഭച്ഛിദ്രം നടത്തുക എന്നതും സ്ത്രീയുടെ അവകാശമാണ്. 1971ലെ ഗർഭച്ഛിദ്ര നിയമപ്രകാരം ഗർഭച്ഛിദ്രത്തിനുള്ള പരമാവധി കാലയളവ് 20 ആഴ്ചയായിരുന്നു. ഇത് 24 ആഴ്ചയായി ഉയർത്തിയ കേന്ദ്ര ഭേദഗതി നിലവിൽ വന്നത് 2021ലാണ്. പ്രസ്തുത നിയമപ്രകാരം താഴെ പറയുന്ന സാഹചര്യങ്ങളിൽ സ്ത്രീയ്ക്ക് ഗർഭച്ഛിദ്രം നടത്താൻ അവകാശമുണ്ട്.
ഗർഭാവസ്ഥ തുടരുന്നതിലൂടെ ഗർഭിണിയുടെ ശാരീരിക മാനസിക ആരോഗ്യമോ ജീവൻ തന്നെയോ അപകടത്തിലാകുന്ന അവസ്ഥയുള്ളപ്പോൾ. (ഗർഭിണിയുടെ നിലവിലുള്ള അവസ്ഥയോ ഭാവിയിൽ മുൻകൂട്ടി കാണാവുന്ന അവസ്ഥയോ പ്രതികൂല സാഹചര്യം ഉണ്ടാക്കുന്നുണ്ടെങ്കിൽ അതും കണക്കിലെടുക്കേണ്ടതാണ്.)
ഭ്രൂണത്തിന് എന്തെങ്കിലും തരത്തിലുള്ള തകരാറുകളുണ്ടെന്ന സാഹചര്യമുള്ളപ്പോൾ.
ഗർഭനിരോധന മാർഗങ്ങൾ ഫലം കാണാതെയുണ്ടാകുന്ന അപ്രതീക്ഷിത ഗർഭം ഗർഭിണിയുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യമുള്ളപ്പോൾ.
ബലാത്സംഗത്തിലൂടെ ഗർഭം ധരിക്കുകയും അതുമൂലം ഗർഭിണിയുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നതുമായ സാഹചര്യമുള്ളപ്പോൾ.