
എറണാകുളം: യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസില്‍ പരാതി. എറണാകുളം സെൻട്രൽ പൊലീസിലാണ് പരാതി ലഭിച്ചത്. അഭിഭാഷകനായ ഷിൻ്റോ സെബസ്റ്റ്യനാണ് പരാതിക്കാരൻ. നിർബന്ധിത ഗർഭച്ഛിദ്രം നടത്താൻ പ്രേരിപ്പിച്ചതിന് കേസെടുക്കണമെന്നാണ് പരാതി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബാലാവകാശ കമ്മീഷനും പരാതി ലഭിച്ചിട്ടുണ്ട്. ഗർഭച്ഛിദ്രം സംബന്ധിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. കുട്ടിയുടെ ജീവിക്കാനുള്ള അവകാശം നിഷേധിച്ചതായാണ് പരാതി.
തനിക്കെതിരെ നിയമപരമായി ഒരു പരാതിയും ഇല്ലെന്ന് ആയിരുന്നു രാജിവച്ച ശേഷമുള്ള രാഹുലിന്റെ ന്യായീകരണം. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഗർഭച്ഛിദ്രം ആവശ്യപ്പെടുന്ന ശബ്ദരേഖയെ കുറിച്ച് കൃത്യമായ മറുപടി നൽകാനും രാഹുൽ തയാറായിരുന്നില്ല.
ഇന്നലെ യുവനടിയും മുന്‍ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പരാതി പ്രവാഹമായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ശബ്ദരേഖയാണ് ഇതില്‍ പ്രധാനം.
രാഹുലിനെതിരെ എഐസിസിക്ക് ഒൻപതിലധികം പരാതികളാണ് കിട്ടിയത് എന്നാണ് പുറത്തുവരുന്ന വിവരം. ഒരു സ്ത്രീക്ക് രാഹുൽ മാങ്കൂട്ടത്തിൽ അശ്ലീലസ്വരത്തിൽ തുടർച്ചയായി അയച്ച സാമൂഹിക മാധ്യമ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഫോൺ നമ്പർ ചോദിച്ച് സ്ത്രീയെ രാഹുൽ ശല്യപ്പെടുത്തുന്നത് ചാറ്റിൽ കാണാം.
മോശം ഉദ്ദേശ്യത്തോടെ തൻ്റെ ചാറ്റ് ബോക്സിൽ രാഹുൽ മാങ്കൂട്ടത്തിൽ എത്തിയെന്ന് പ്രവാസി എഴുത്തുകാരിയായ ഹണി ഭാസ്കരൻ സാമൂഹിക മാധ്യമ പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. ശ്രീലങ്കൻ യാത്രക്കിടെ എടുത്ത ചിത്രത്തിന് പ്രതികരണവുമായി രാഹുൽ ഇൻബോക്സിൽ എത്തി. പിന്നെ വിടാതെ പുറകേ കൂടിയെന്നും മറുപടി നൽകാതെ താൻ ഒഴിവാക്കിയെന്നുമായിരുന്നു ഹണി ഭാസ്കറിന്റെ വെളിപ്പെടുത്തല്‍.