സാമ്പാർ Source : Meta AI
LIFE

സാമ്പാറില്ലാതെ മലയാളിക്ക് എന്താഘോഷം; പക്ഷേ,,, സാമ്പാർ മലയാളിയാണോ?

പച്ചക്കറികളും, പരിപ്പും, മാസലക്കൂട്ടിൽ കായവും എല്ലാം ചേർന്ന സാമ്പാർ ആളൽപ്പം ഹെൽത്തിയുമാണ്.

Author : ന്യൂസ് ഡെസ്ക്

മലയാളികളുടെ ഭക്ഷണ വിഭവങ്ങളിൽ സ്ഥിരം സാന്നിധ്യമാണ് സാമ്പാർ. പ്രാതലിനും, ഉച്ചയൂണിനും, ഇനി രാത്രിയായാലും, ഇടെനേരത്തായാലും സാമ്പാറിന് ചെലവുണ്ട്. ചോറിനും, ഇഡലി, ദോശ, വട തുടങ്ങി പല വിഭവങ്ങൾക്കും സാമ്പാർ കോംബോ ആണ്. പച്ചക്കറികളും, പരിപ്പും, മാസലക്കൂട്ടിൽ കായവും എല്ലാം ചേർന്ന സാമ്പാർ ആളൽപ്പം ഹെൽത്തിയുമാണ്.

കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും, ആന്ധ്രയിലും തുടങ്ങി തെന്നിന്ത്യൻ തീൻമേശകളിൽ സാമ്പാർ മുമ്പനാണ്. സാമ്പാർ മലയാളികളുടെ സ്വന്തമാണെന്നാണ് വയ്പ്പെങ്കിലും മലയാളി അല്ലെന്നാണ് കഥ. തഞ്ചാവൂര്‍ മാറാത്ത കൊട്ടാരത്തിലാണ് സാമ്പാറിന്റെ പിറവിയത്രേ. ശിവാജി മഹാരാജാവിന്റെ മകനും യോദ്ധാവുമായ സാംബാജി കൊട്ടാരത്തില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ കൊട്ടാരം പാചകക്കാര്‍ കൊക്കം ( പനംപുളി, പിനാര്‍ പുളി എന്നൊക്കെ അറിയപ്പെടുന്നു) ചേര്‍ത്ത മറാത്തി പരിപ്പ് വിഭവമായ ആംതി തയ്യാറാക്കി നൽകാൻ തീരുമാനിച്ചു.

എന്നാൽ പരിപ്പ് തിളച്ച് പാകമായപ്പോഴാണ് കൊക്കം തീർന്നുപോയ കാര്യം മനസിലാക്കുന്നത്. അതോടെ പെട്ടെന്നുള്ള പരിഹാരമെന്നോണം പച്ചക്കറികളും പരിപ്പും ഒക്കെ ചേര്‍ന്ന കൂട്ടിലേക്ക് പുളി ചേർത്തു പാകപ്പെടുത്തി. സാംബാജി അത് ആസ്വദിച്ച് കഴിച്ചു. സാംബാജി ആഹാർ എന്നറിയപ്പെട്ട് പിന്നീട് സാമ്പാർ ആയെന്നാണ് കഥ.

അന്നത്തെ രാജകീയ വിഭവം പിന്നീട് ദക്ഷിണേന്ത്യൻ വിഭവമായി മാറി. തമിഴ് നാട്ടിലും, കർണാടകയിലും, കട്ടികൂടിയ- മധുരമുള്ള എന്നിങ്ങനെ പലതരത്തിൽ തയ്യാറാക്കി. കേരളത്തിലെത്തിയപ്പോൾ തേങ്ങ വറുത്തരച്ചത്, പൊടി ചേർത്തത്, ഉള്ളി സാമ്പാർ, മുരിങ്ങക്ക സാമ്പാർ തുടങ്ങി പലവിധം സാമ്പാറുകളായി.

കഥയെന്തായാലും സാമ്പാർ താരമായി, വ്യത്യസ്ത രുചികളിൽ സാമ്പാർ ഇന്ന് ഇന്ത്യയുടെ പല ഭാഗത്തും തയ്യാറാക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് സാമ്പാർ പ്രധാനിയായിരിക്കുന്നത്.

SCROLL FOR NEXT