നേട്ടങ്ങള്‍ക്കോ പ്രശസ്തിക്കോ വേണ്ടിയല്ലാതെ ഒറ്റയ്ക്ക് പ്രകൃതി സംരക്ഷണത്തിനായി ഇറങ്ങി തിരിക്കുന്ന ചില മനുഷ്യരുണ്ട് ഇപ്പോഴും നമുക്കിടയില്‍. സര്‍ക്കാരിനെയോ സിസ്റ്റത്തെയോ മനുഷ്യരെയോ പോലും കുറ്റം പറയാതെ, സ്വന്തം മണ്ണില്‍ തങ്ങളാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്ത് ചുറ്റുമുള്ള പ്രകൃതിയെ തിരികെ പിടിച്ചവര്‍. അവരിലൊരാളാണ് ജാദവ് മോലായി പായെങ്.
അസമിലെ മജുലി എന്ന ദ്വീപിലാണ് ജാദവിന്റെ വീട്. ബ്രഹ്‌മപുത്ര നദിയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. 1979ല്‍ ഒരു വെള്ളപ്പൊക്കത്തില്‍ നദിയിലെ വലിയ മണല്‍തിട്ടയില്‍ പെട്ടുപോയ കുറച്ചു പാമ്പുകള്‍ വെയിലില്‍ വെന്തു ചത്ത് കിടക്കുന്നത് കണ്ടതാണ് ജാദവിന്റേയും ആ ദ്വീപിന്റെയും കഥ കീഴ്‌മേല്‍ മറിച്ചത്.
തരിശായ ആ പ്രദേശത്ത് തണല്‍ ഉണ്ടാക്കണമെന്ന് ജാദവ് ഉറപ്പിച്ചു. ആദ്യം അവിടെ ഇരുപത് മുളകള്‍ നട്ടു. വീട്ടില്‍ നിന്നും രണ്ട് മണിക്കൂര്‍ അകലെയാണ് ഈ തരിശു ഭൂമി, എങ്കിലും ആഴ്ചയില്‍ ഒരു തവണ അവിടെയെത്തി ജാദവ് അവ നനച്ചു പരിപാലിച്ചു. നട്ട ചെടികള്‍ക്ക് വേരു പിടിച്ചപ്പോള്‍ ജാദവിന് ആവേശമായി. അടുത്ത 30 വര്‍ഷങ്ങള്‍ അയാള്‍ അവിടെ തൈകള്‍ നട്ടു കൊണ്ടേയിരുന്നു. തരിശു ഭൂമിയില്‍ തേക്കും ഗുല്‍മോഹറുമൊക്കെയായി ഒരു കാട് പതിയെ വളര്‍ന്നു വന്നു.
2008 ആയപ്പോഴേക്കും അതൊരു ചെറിയ വനമായി. നദിക്ക് അക്കരെ നിന്നും ആനകള്‍ അവിടേക്ക് എത്തി തുടങ്ങി. പതിയെ ജാദവിന്റെ കാട് വന്യജീവികള്‍ വാസസ്ഥലമാക്കി. ഇതേ സമയത്താണ് ജാദവിനെ പുറം ലോകം അറിയുന്നത്. ഒരു ലോക്കല്‍ ആസാമീസ് പത്രത്തില്‍ ജാദവിന്റെ വനത്തേക്കുറിച്ച് വന്ന ഒരു റിപ്പോര്‍ട്ട് രാജ്യമൊട്ടാകെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. 30 വര്‍ഷങ്ങള്‍ നിശബ്ദമായി ഒരു കാട് നട്ടു പിടിപ്പിച്ച ജാദവ് മോലായി പാലെങ്ങിനെ അങ്ങനെ ലോകമറിഞ്ഞു. ഒറ്റയ്ക്ക് കാടുണ്ടാക്കിയ ജാദവിന്റെ കഥ കേട്ട് ഇന്ത്യയുടെ പല ഭാഗത്തുനിന്നും പുറത്തുനിന്നുമൊക്കെ മാധ്യമങ്ങള്‍ ജാദവിനെ തേടി വന്നു..
2010 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന് 'ഫോറസ്റ്റ് മാന്‍' എന്ന പേര് നല്‍കി ആദരിച്ചു.. ഇന്ന് ലോകമെമ്പാടും ജാദവ് അറിയപ്പെടുന്നത് ഈ പേരിലാണ്. 2015 ല്‍ രാജ്യം അദ്ദേഹത്തെ പത്മ ശ്രീ നല്‍കി ആദരിച്ചു. 1979 ല്‍ ജാദവ് ഇരുപത് മുളകള്‍ നട്ട തരിശു ഭൂമി ഇന്ന് 'മോലായി ഫോറെസ്റ്റ്' എന്നറിയപ്പെടുന്ന 1360 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന നിറയെ വന്യ ജീവികളുള്ള നിബിഡ വനമാണ്.
പരിസ്ഥിതി സംരക്ഷണത്തിന് ഞാന്‍ മാത്രം വിചാരിച്ചാല്‍ എന്ത് നടക്കാനാണ് എന്ന് ചിന്തിക്കുന്നവര്‍ക്ക് ജാദവ് നല്ലൊരു ഉത്തരമാണ്. രൂക്ഷമായ കാലാവസ്ഥാ മാറ്റങ്ങളിലേക്കാണ് ഭൂമി കടക്കുന്നത് എന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ഇനിയങ്ങോട്ട് നടുന്ന ഓരോ മരങ്ങളും പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാലമാണ് വരാന്‍ പോകുന്നത്. ഒരു വനമൊന്നും നട്ടു വളര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ഒരാള്‍ ഒരു മരം വച്ച് നട്ടുവളര്‍ത്തിയാല്‍ പോലും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ 8 ബില്യണ്‍ മരങ്ങള്‍ പുതുതായി വരും. നമുക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയ കാര്യങ്ങളാകും ചിലപ്പോള്‍ വരും തലമുറയ്ക്ക് വലിയ ആശ്വാസമായി മാറുന്നത്.