കിട്ടുന്നതെന്തും എടുത്ത് വായിലിടുക, പല സാധനങ്ങളും വിഴുങ്ങുക തുടങ്ങി ചെറിയ കുട്ടികൾ മാതാപിതാക്കൾക്ക് നൽകുന്ന തലവേദന ചെറുതല്ല. കുറച്ചു വികൃതി കൂടിയ മക്കളാണെങ്കിലോ പറയുകയേ വേണ്ട. പലപ്പോഴും പല വസ്തുക്കളും വിഴുങ്ങി ആരോഗ്യപ്രശ്നങ്ങൾ വരുത്തിവച്ച് സർജറികൾ വരെ എത്തിയ സംഭവങ്ങളുണ്ട്. എന്നാൽ 12 വയസിലെ വികൃതിക്ക് 52 വർഷത്തിനപ്പുറം സർജറി നടത്തുക എന്ന പറഞ്ഞാൽ ആരും ഒന്ന് അതിശയിക്കും.
അതെ അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ചൈനയിൽ നിന്നും പുറത്തുവരുന്നത്. കിഴക്കൻ ചൈനയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 64 വയസുകാരൻ കഠിനമായ വയറു വേദനയെത്തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വിവിധ പരിശോധനകൾക്ക് ശേഷമാണ് രോഗിയുടെ ചെറുകുടലിൽ ടൂത്ത് ബ്രഷ് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്രേ.
12 വയസിൽ താൻ ഒരു ടൂത്ത് ബ്രഷ് വിഴുങ്ങിയെന്നും, അന്ന് മാതാപിതാക്കളെ പേടിച്ച് അത് പുറത്ത് പറയാതിരുന്നവെന്നും 64 കാരൻ ഡോക്ടറോട് സമ്മതിച്ചു. അത് ദഹിച്ച് പോകുമെന്ന വിശ്വാസത്തിലായിരുന്നു താൻ കഴിഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി.ഇതുമായി ബന്ധപ്പെട്ട് വേറെ ശാരീരിക അസ്വസ്ഥതകൾ ഒന്നും അതുവരെ അനുഭവപ്പെട്ടിരുന്നില്ല. അതിനാലാണ് താൻ ഡോക്ടറെ കാണാതിരുന്നതെന്നും ഇയാൾ പറഞ്ഞു.
ചെറുകുടലിലായി 17 സെന്റീമീറ്റർ നീളമുള്ള ടൂത്ത്ബ്രഷ് കേടുപാടുകൾ ഒന്നുമില്ലാതെ കുടുങ്ങിക്കിടക്കുന്നതായി ഡോക്ടർമാർ കണ്ടെത്തി. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന എൻഡോസ്‌കോപിക് ചികിത്സയിലൂടെ ടൂത്ത്ബ്രഷ് നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ.സാധാരണ ഇത്തരത്തിലുള്ള വസ്തുക്കൾ കുടലിലോ, ആമാശയത്തിലോ തുളഞ്ഞു കയറാൻ സാധ്യതയുണ്ട്. എന്നാൽ ഇവിടെ അത്തരത്തിൽ ഒന്നും തന്നെ സംഭവിച്ചിട്ടില്ല.
അതു മാത്രമല്ല 52 വർഷത്തോളം ഒരു ടൂത്ത് ബ്രഷ് കുടലിനകത്ത് കിടന്നിട്ട് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നു മാത്രമല്ല, ബ്രഷിനും കേടുപാടുകൾ സംഭവിച്ചിട്ടില്ല. ഇക്കാര്യമാണ് ഡോക്ടർമാരെയും , വാർത്ത വായിച്ച നെറ്റിസൺസിനേയും അതിശയിപ്പിക്കുന്നത്.