ഇടവേളകളെടുക്കുന്നത് അത്യാവിശ്യമാണെന്ന് പറയുകയാണ് പുതിയ പഠനം Source: freepik
LIFE

ഇടവേളകളില്ലാതെ പണിയെടുക്കല്ലേ! ജോലിയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ ചെറിയൊരു ബ്രേക്കെടുക്കൂ

ഉൽപ്പാദനക്ഷമത വർധിപ്പിക്കാനായി 75/33 റൂൾ (75 മിനിറ്റ് ജോലി ചെയ്യുക, 33 മിനിറ്റ് വിശ്രമിക്കുക) പിന്തുടരണമെന്നാണ് പുതിയ പഠനം പറയുന്നത്

Author : ന്യൂസ് ഡെസ്ക്

9-5 ജോലിക്കിടെ വിശ്രമത്തെക്കുറിച്ച് ചിന്തിക്കാൻ സമയമില്ലാത്തവരാവും നമ്മളെല്ലാം. ഇടവേളകളില്ലാതെ ഒറ്റഇരിപ്പിൽ മണിക്കൂറുകളോളം ജോലി ചെയ്യേണ്ടിവന്നേക്കും. എന്നാൽ ഇടവേളകളെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടത് അത്യാവിശ്യമാണെന്ന് പറയുകയാണ് പുതിയ പഠനം.

ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള മാന്ത്രിക രഹസ്യം പുറത്തുവിട്ടിരിക്കുകയാണ് ടൈം ട്രാക്കിങ് ആപ്പായ ഡെസ്ക് ടൈം. ഇവരുടെ ഏറ്റവും പുതിയ പഠനം പ്രകാരം, കൂടുതൽ മണിക്കൂറുകൾ പണിയെടുക്കുന്നതല്ല, മറിച്ച് കൃത്യമായ ഇടവേളകളിൽ വിശ്രമിക്കുന്നതാണ് നിങ്ങളുടെ ഉൽപ്പാദനക്ഷമത കൂട്ടുന്നത്. ഇതിനായി 75/33 റൂൾ അവതരിപ്പിച്ചിരിക്കുകയാണ് ഡെസ്ക് ടൈം. കാര്യം സിമ്പിളാണ്. 75 മിനിറ്റ് ജോലി ചെയ്യുക, 33 മിനിറ്റ് വിശ്രമിക്കുക.

ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ട് അനുസരിച്ച്, ഡെസ്‌ക്‌ടൈം 2014ലും, 2021ലുമായി രണ്ടുതവണ വിശ്രമവേളകളുമായി ബന്ധപ്പെട്ട പഠനം നടത്തിയിട്ടുണ്ട്. വർഷങ്ങൾ കഴിയും തോറും ബ്രേക്ക് സൈക്കിളുകളിൽ മാറ്റം കാണാം. 2014ലെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കാര്യക്ഷമമായ തൊഴിലാളികൾ 52 മിനിറ്റ് ജോലിയും 17 മിനിറ്റ് വിശ്രമവും എന്ന സൈക്കിളാണ് പിന്തുടർന്നത്. 2021ൽ വർക്ക് ഫ്രം ഹോം ഉൾപ്പെടെ വർധിച്ച സാഹചര്യത്തിൽ പാറ്റേൺ 112/26 സൈക്കിളിലേക്ക് മാറി.

സ്ക്രീൻ ടൈം മൂലമുണ്ടാകുന്ന ക്ഷീണവും ഉൽപ്പാദനക്ഷമതയെ തകർക്കുന്ന വില്ലനാണ്

വർക്ക് ഫ്രം ഹോം, ഓഫീസ് വർക്കുകൾ സമിശ്രമായി വരുന്ന ഹൈബ്രിഡ് കൾച്ചറാണ് ഇന്ന് മിക്ക ഓഫീസുകളും പിന്തുടരുന്നത്. ഇതോടെയാണ് വിശ്രമത്തിനായി 75/33 റൂൾ ഡെസ്ക് ടൈം അവതരിപ്പിച്ചത്.

സ്ക്രീൻ ടൈം മൂലമുണ്ടാകുന്ന ക്ഷീണവും ഉൽപ്പാദനക്ഷമതയെ തകർക്കുന്ന വില്ലനാണ്. ഫോണുകളും കമ്പ്യൂട്ടറുകളും പുറപ്പെടുവിക്കുന്ന നീല വെളിച്ചം നിങ്ങളുടെ കണ്ണുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുക മാത്രമല്ല, നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.ഇതിന് പരിഹാരമായി 20/20/20 (ഓരോ 20 മിനിറ്റിലും, 20 സെക്കൻഡ് 20 അടി അകലെ നോക്കുക) നിയമം പിന്തുടരാൻ ശ്രമിക്കുക.

SCROLL FOR NEXT