ബ്രേക്ക്അപ്പ് കഴിഞ്ഞ് പുതിയൊരു ബന്ധത്തിന് തയ്യാറെടുക്കുന്നവരാണോ നിങ്ങൾ. ആണെങ്കിൽ ഒരിക്കലെങ്കിലും ഡേറ്റിങ് ആപ്പുകളിൽ സൈൻ അപ്പ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കില്ല. ടിൻഡർ, ബംമ്പിൾ,ഹിഞ്ച് തുടങ്ങി 'അരികെ' വരെ നിരവധി ആപ്പുകൾ നിങ്ങളെ മാടി വിളിക്കും. ആപ്പുകളിൽ സൈൻ അപ്പ് ചെയ്യുന്നവരെല്ലാം പ്രൊഫൈൽ സജ്ജീകരിക്കാൻ കുറച്ചധികം സമയം ചിലവഴിക്കാറുണ്ട്.
ഡേറ്റിങ് ആപ്പുകളിൽ പ്രൊഫൈൽ നിർമിക്കുമ്പോൾ അത് കഴിയുന്നത്ര ആകർഷകമാക്കാൻ വളരെയധികം സമയവും പരിശ്രമവും ആവശ്യമാണ്. ആകർഷകമായ ബയോ ഉണ്ടാക്കാനായി എഐയെ വരെ ആശ്രയിക്കുന്നവരുണ്ട്. നിങ്ങളുടെ ഏറ്റവും മികച്ച ചിത്രങ്ങൾ തിരഞ്ഞെടുത്ത്, ബയോയിൽ ഇത്തിരി കള്ളമൊക്കെ കാണിച്ചായിരിക്കും പലരും പ്രൊഫൈൽ സജ്ജീകരിക്കുന്നത്.
ഫസ്റ്റ് ഇമ്പ്രഷന് ഒരുപാട് പ്രാധാന്യമുള്ള ഡേറ്റിങ് ആപ്പിൽ സ്വയം അവതരിപ്പിക്കുന്ന രീതി പെർഫെക്ടായിരിക്കണമെന്ന ചിന്തയാണ് ഇതിന് പിന്നിൽ. എന്നാൽ ജെൻ സീയുടെ രീതി വേറെയാണെന്നാണ് പുതിയ ട്രെൻ്റ് പറയുന്നത്. അതെ, നിങ്ങളുടെ ഏറ്റവും മോശം ചിത്രങ്ങളും സ്വഭാവങ്ങളും പങ്കുവെക്കുന്ന 'റിവേഴ്സ് ക്യാറ്റ് ഫിഷിങ്' എന്ന രീതിയാണ് ഇപ്പോൾ ഡേറ്റിങ് ആപ്പുകളിൽ തരംഗമാവുന്നത്
എന്താണ് 'റിവേഴ്സ് ക്യാറ്റ് ഫിഷിങ്'?
യഥാർഥ പ്രണയം കണ്ടെത്തണമെങ്കിൽ ഫിൽട്ടറുകളൊന്നും ഉപയോഗിക്കാതെ, നിങ്ങളുടെ ഏറ്റവും മോശം ചിത്രങ്ങൾ വരെ പോസ്റ്റ് ചെയ്യണമെന്നാണ് 'റിവേഴ്സ് ക്യാറ്റ്ഫിഷിങ്' പറയുന്നത്. നിങ്ങളുടെ തെറ്റുകുറ്റങ്ങളെല്ലാം കണ്ടും പ്രണയിക്കുന്നവരെ ഇതുവഴി കണ്ടെത്താമെന്നാണ് ജെൻ സീയുടെ പക്ഷം.
ഫിൽട്ടറുകളും എഫക്ടുകളും ഉപയോഗിച്ച് മറ്റൊരാളായി, വ്യാജ വ്യക്തിത്വം കെട്ടിചമയ്ക്കുന്ന ക്യാറ്റ്ഫിഷിങ് എന്ന വാക്കിൽ നിന്നാണ് റിവേഴ്സ് ക്യാറ്റ്ഫിഷിങ്ങിൻ്റെ ഉത്ഭവം. ഇത്തരത്തിൽ മറ്റുള്ളവരെ ഒരു ബന്ധത്തിലേക്ക് ആകർഷിക്കുകയാണ് ക്യാറ്റ്ഫിഷിങ്ങിൻ്റെ ലക്ഷ്യം. വൈകാരിക ബന്ധം സ്ഥാപിക്കാനും, ചിലപ്പോൾ സാമ്പത്തിക തട്ടിപ്പിനായി പോലും ആളുകൾ ക്യാറ്റ്ഫിഷിങ് ചെയ്യാറുണ്ട്.
എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് റിവേഴ്‌സ് ക്യാറ്റ്ഫിഷിങ്ങിലൂടെ പുതിയ തലമുറ ഉദ്ദേശിക്കുന്നത്. പ്രൊഫൈൽ കഴിയുന്നത്ര 'റിയലായി' നിലനിർത്താനും, ചിലപ്പോൾ കുറവുകളായി കരുതുന്ന സ്വഭാവവിശേഷങ്ങൾ എടുത്തുകാണിക്കാനും റിവേഴ്സ് ക്യാറ്റ്ഫിഷിങ് ചെയ്യുന്നവർ ശ്രമിക്കും. യഥാർഥത്തിൽ ആരാണെന്ന് അറിഞ്ഞ് ഇഷ്ടപ്പെടുന്ന ഒരാളെ കണ്ടെത്തുക എന്നതാണ് റിവേഴ്സ് ക്യാറ്റ്ഫിഷിങ്ങിൻ്റെ ആത്യന്തിക ലക്ഷ്യം.
ഡേറ്റിംഗ് ആപ്പായ ക്വാക്ക് ക്വാക്കിന്റെ ഏറ്റവും പുതിയ സർവേ പ്രകാരം, അഞ്ച് ജെൻ സീ ഉപയോക്താക്കളിൽ 2 പേർ ഇപ്പോൾ 'റിവേഴ്സ് ക്യാറ്റ്ഫിഷിങ്' രീതി സ്വീകരിക്കുന്നുണ്ട്. ഏപ്രിൽ ആദ്യവാരം മുതലായിരുന്നു ക്വാക്ക് ക്വാക്കിന്റെ സർവേ. 18 നും 27 നും ഇടയിൽ പ്രായമുള്ള 7,463 ഡേറ്റർമാർക്കിടയിലാണ് സർവേ നടത്തിയത്.
"ചിത്രത്തിൽ കാണുന്ന 'സുന്ദരിയായ സ്ത്രീ' യെക്കാൾ, എന്നെ ശരിക്കും അറിയാൻ ആഗ്രഹിക്കുന്ന പുരുഷന്മാരെ കണ്ടെത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനാൽ എൻ്റെ ഡേറ്റിങ് ആപ്പുകളിൽ ഗ്ലാമറസ് കുറഞ്ഞ ഒരു പ്രൊഫൈൽ ആണ് നിങ്ങൾ കാണുക. ഈ സമീപനം സ്വീകരിച്ചതുമുതൽ, മാച്ചുകൾ കുറഞ്ഞെങ്കിലും, ഞാൻ ഉണ്ടാക്കിയ ബന്ധങ്ങളെല്ലാം യഥാർഥമായിരുന്നു," ബാംഗ്ലൂരിൽ നിന്നുള്ള ഫിറ്റ്നസ് പരിശീലകയായ അനുജ ഡേറ്റിംഗ് ആപ്പ് ടീമുമായി അനുഭവം പങ്കിടുന്നു.
തൻ്റെ വ്യക്തിത്വം എങ്ങനെയാണോ അതേപടി സ്വീകരിക്കുന്ന ഒരാളെ കണ്ടെത്താനാണ് ജെൻ സീ ശ്രമിക്കുന്നത്. ഡേറ്റിങ് ആപ്പിലൂടെ തെറ്റായ വ്യക്തിയെ ആകർഷിക്കുക എന്നതല്ല, ശരിയായ പങ്കാളിയെ കണ്ടെത്തുക എന്നതാണ് അവരുടെ ലക്ഷ്യം.