പ്രതീകാത്മ ചിത്രം Source: Freepik
LIFE

വ്യായാമവും ഡയറ്റും മാത്രമല്ല... ശരീരഭാരം കുറയ്ക്കാൻ നല്ല ഉറക്കവും വേണം!!

ആരോഗ്യകരമായ ശരീരഭാരവും സന്തുലിതമായ മെറ്റബോളിസവും നിലനിർത്തുന്നതിൽ ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

മാനസിക ഉല്ലാസം, പ്രതിരോധശേഷി, ഉൽപ്പാദനക്ഷമത എന്നിവയുമായി ബന്ധപ്പെടുത്തിയാണ് എപ്പോഴും ഉറക്കത്തെ കുറിച്ച് സംസാരിക്കാറുള്ളത്. എന്നാൽ ശരീരഭാരം, മെറ്റബോളിസം എന്നിവയിൽ അതിന്റെ സ്വാധീനം മിക്കപ്പോഴും നമ്മൾ തിരിച്ചറിയാറില്ല എന്നതാണ് സത്യം. ഭക്ഷണക്രമവും വ്യായാമവും നല്ല ആരോഗ്യത്തിന്റെ ഘടകങ്ങൾ തന്നെയാണ്. എന്നാൽ വിശപ്പ്, കൊഴുപ്പ് സംഭരണം, മെറ്റബോളിക് സന്തുലിതാവസ്ഥ എന്നിവയെ നിയന്ത്രിക്കുന്ന ഒരു ജൈവിക ശക്തിയാണ് ഉറക്കം എന്നാണ് സമീപകാല പഠനങ്ങൾ പറയുന്നത്. മതിയായ ഉറക്കം ലഭിക്കാതിരിക്കുക, സമയം തെറ്റി ഉറങ്ങുക എന്നിവ ഭക്ഷണത്തോടുള്ള ആസക്തി വർധിപ്പിക്കുക, കലോറി കത്തിക്കുന്നത് മന്ദഗതിയിലാക്കുകയും, ശരീരഭാരം കൂടുന്നതിലേക്ക് നയിക്കുകയും ചെയ്യും.

ആരോഗ്യകരമായ ശരീരഭാരവും സന്തുലിതമായ മെറ്റബോളിസവും നിലനിർത്തുന്നതിൽ ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് ​ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. നല്ല വിശ്രമം ഇല്ലാത്തത് ഗ്രെലിൻ, ലെപ്റ്റിൻ തുടങ്ങിയ ഹോർമോണുകളെ തടസപ്പെടുത്തുമെന്നും പഠനങ്ങൾ പറയുന്നു. മോശമായ ഉറക്കം ഗ്രെലിൻ വർധിപ്പിക്കുകയും ലെപ്റ്റിൻ കുറയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിന് അധിക കലോറി ആവശ്യമില്ലാത്തപ്പോഴും നമുക്ക് വിശപ്പ് അനുഭവപ്പെടാൻ ഇടയാക്കുന്നു.

മാത്രമല്ല ഉറക്കക്കുറവ് ഇൻസുലിൻ സംവേദനക്ഷമതയെ ദുർബലപ്പെടുത്തുകയും ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുകയും ചെയ്യും. ഇത് ഗ്ലൂക്കോസിനെ കൊഴുപ്പ് സംഭരണത്തിലേക്ക് നയികകുകയും വയറിലെ കൊഴുപ്പ് കൂടുക, പൊണ്ണത്തടി, മെറ്റബോളിക് സിൻഡ്രോം എന്നിവയുടെ സാധ്യത വർധിപ്പിക്കുന്നതിന് കാരണമാകുമെന്നും പഠനങ്ങൾ പറയുന്നു. മോശം ഉറക്കത്തിൽ നിന്നുള്ള ഉയർന്ന കോർട്ടിസോൾ ശരീരത്തിൽ കൊഴുപ്പ് സംഭരിക്കുകയും തൈറോയ്ഡ് പ്രവർത്തനത്തെ തടസപ്പെടുത്തുകയും ചെയ്യും. കൂടാതെ ഇത് മൈറ്റോകോൺ‌ഡ്രിയൽ പ്രവർത്തനം മന്ദഗതിയിലാക്കുകയും ചെയ്യും. ഇതുമൂലം സാധാരണ ഭക്ഷണശീലങ്ങൾ പോലും ശരീരഭാരം വർധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം.

അതായത് നല്ല ഉറക്കം എന്നത് ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു നല്ല ഉപകരണമാണ്. ഏഴ് മുതൽ ഒൻപത് മണിക്കൂർ നീണ്ട ഉറക്കത്തിന് മുൻഗണന നൽകുക. എന്നും ഒരേ സമയം ഉറങ്ങാൻ ശ്രമിക്കുക. ഉറങ്ങുന്നതിന് മുൻപുള്ള സ്‌ക്രീൻ ടൈം കുറയ്ക്കുക. കലോറി കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരിക എന്നതും പ്രധാനമാണ്. ശ്രദ്ധിക്കുക ഉറക്കം ശരീരത്തിന്റെ രാത്രികാല മെറ്റബോളിക് പുനഃസജ്ജീകരണമായാണ് പ്രവർത്തിക്കുന്നത്. ഹോർമോണുകൾ, ഗ്ലൂക്കോസ് സന്തുലിതാവസ്ഥ, വിശപ്പ്, കൊഴുപ്പ് കത്തിക്കുന്നതിന്റെ കാര്യക്ഷമത എന്നിവ നിയന്ത്രിക്കുന്നതിനും നല്ല ഉറക്കം ആവശ്യമാണ്.

SCROLL FOR NEXT