LIFE

ഒരിക്കൽ ശ്മശാനം, ഇന്ന് ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം, ആ നിഗൂഢ തീരം ഇതാണ്

പകരം ലളിതവും ശാന്തവും ഒരൽപ്പം നിഗൂഢവുമാണിവിടം

Author : ന്യൂസ് ഡെസ്ക്

മറ്റേതൊരു കടൽതീരത്തേയും പോലെ തിരമാലകൾ ആഞ്ഞടിക്കുന്ന കടൽത്തീരം, പക്ഷേ സ്വർണനിറത്തിലുള്ള മണൽത്തരികൾക്ക് പകരം ഇവിടെ മണലിന് കറുത്ത നിറമാണ്. ഗുജറാത്തിലെ നിഗൂഢ തീരമായ ഡുമാസ് ബീച്ച് കുറച്ചു വ്യത്യസ്തമാണ് . സൂറത്തിൽ നിന്നും ഏകദേശം ഇരുപത് കിലോമീറ്ററുണ്ട് ഡുമാസ് ബീച്ചിലേക്ക്. എന്നാൽ ഗോവയോ മറ്റേതെങ്കിലും ബീച്ചോ പോലെ ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമല്ല ഡുമാസ് ബീച്ച്. പകരം ലളിതവും ശാന്തവും ഒരൽപ്പം നിഗൂഢവുമാണിവിടം.

ഡുമാസിലെ ഇരുണ്ട കറുത്ത മണൽത്തരികൾ തീരത്തിന് നാടകീയവും സിനിമാറ്റിക്കുമായ ഒരു ചിത്രം നൽകുന്നു. ഇന്ത്യയിലെ പ്രേതബാധയുള്ള പ്രദേശങ്ങളിൽ ഒന്നായാണ് ഡുമാസ് ബീച്ച് വിശ്വസിക്കപ്പെടുന്നത്, ഇവിടുത്തെ ഇരുണ്ട മണൽത്തരികൾ ഈ വിശ്വാസത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു.

പ്രദേശവാസികൾ പറയുന്നതനുസരിച്ച് ഈ തീരം ഒരുകാലത്ത് ഹിന്ദു സമൂഹത്തിൻ്റെ ശവസംസ്കാര കേന്ദ്രമായിരുന്നു. കാലക്രമേണ പല കഥകളും ഇവിടം കേന്ദ്രീകരിച്ച് വളരാൻ തുടങ്ങി. സൂര്യാസ്തമയത്തിനു ശേഷം കാറ്റിൽ ആരോ മന്ത്രിക്കുന്ന ശബ്ദങ്ങൾ കേൾക്കുന്നതായും, ആരോ തങ്ങളെ നിരീക്ഷിക്കുന്നതു പോലുള്ള വിചിത്രമായ സംഭവങ്ങൾ അനുഭവിച്ചിട്ടുള്ളതായും പലരും അവകാശപ്പെട്ടിട്ടുണ്ട്. ചിലരാവട്ടെ നായ്ക്കൾ ഇവിടെ വളരെ വിചിത്രമായി പെരുമാറുന്നതായും പറയുന്നു. ഇത്തരം സംഭവങ്ങൾക്കൊന്നും യഥാർഥത്തിൽ തെളിവുകളൊന്നുമില്ലെങ്കിലും ആളുകളെ കാണാതാകുന്ന കഥകൾ ഇന്നും പ്രചരിക്കുന്നുണ്ട്. ഈ ബീച്ചിനെ ചുറ്റിപ്പറ്റിയുള്ള ഇത്തരം കഥകളാണ് പലപ്പോഴും ആളുകളെ ഈ പ്രദേശത്തേക്ക് ആകർഷിക്കുന്നത്. പകൽ സമയം,ഈ കടൽത്തീരം എത്രയേറെ ഉണർന്നിരിക്കുന്നുവോ രാത്രിയിൽ അത്രതന്നെ ഇരുണ്ടതും ശാന്തവും നിഗൂഢവുമായി മാറുന്നു. എന്നിരുന്നാലും തീരവുമായി ബന്ധപ്പെട്ടുള്ള കഥകൾ കാരണം പലരും ഇരുട്ടുന്നതിനു മുമ്പേ തിരികെ പോകാറാണ് പതിവ്.

ഇത്തരം കഥകളിലൊന്നും വിശ്വാസമില്ലെങ്കിൽ പോലും ഒരിക്കലെങ്കിലും നിങ്ങൾ ഡുമാസ് ബീച്ച് സന്ദർശിക്കേണ്ടതുണ്ട്. നീലക്കടലിൻ്റെ തീരത്തോട് ചേർന്നു കിടക്കുന്ന ഇരുണ്ട മണൽത്തരികൾ വ്യത്യസ്തമാർന്ന ദൃശ്യഭംഗിയാണ് ഈ ബീച്ചിന് സമ്മാനിക്കുന്നത്. തിരക്കേറിയ മറ്റ് ബീച്ചുകളിൽ നിന്നും വ്യത്യസ്തമായി വളരെ ശാന്തമായൊരു വൈകുന്നേരം ആസ്വദിക്കാൻ പറ്റിയൊരിടം.

SCROLL FOR NEXT