'പാന്‍ക്രിയാറ്റിക് കാന്‍സര്‍' എന്നത് പാന്‍ക്രിയാസിൻ്റെ കലകളില്‍ മാരകമായ കോശങ്ങള്‍ രൂപം കൊള്ളുന്ന ഒരു രോഗാവസ്ഥയാണ്. ഈ രോഗം നേരത്തെ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ പലപ്പോഴും ആളുകള്‍ അവഗണിക്കുന്ന, തിരിച്ചറിയേണ്ട പാന്‍ക്രിയാറ്റിക് കാന്‍സറിൻ്റെ പ്രാരംഭ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ആദ്യഘട്ടത്തില്‍ വയറിന്റെ മുകള്‍ ഭാഗത്ത് വേദന അനുഭവപ്പെടാറുണ്ട്. ഇത് പുറം ഭാഗത്തേക്ക് നീങ്ങാം. ഈ വേദന കുറഞ്ഞും കൂടിയും ഇരിക്കാം, അല്ലെങ്കില്‍ സ്ഥിരമായി തുടരാം. പൊതുവെ ദഹനക്കേട് അല്ലെങ്കില്‍ സ്‌ട്രെസ് മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്ന് കരുതി നമ്മൾ അവഗണിക്കാറുണ്ട്. വേദന സ്ഥിരമായി തുടരുന്നുവെങ്കില്‍ ഡോക്ടറെ കണ്ട് രോഗനിര്‍ണയം നടത്തുക.
പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ശരീരത്തിന്റെ ദഹനപ്രക്രിയെ തടസപ്പെടുത്തുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയാന്‍ കാരണമാകുന്നു. ശരീരഭാരം കുറയുന്നതോടൊപ്പം വിശപ്പ് കൂടി കുറയുമ്പോള്‍, അത് ക്ഷീണത്തിനും ബലഹീനതയ്ക്കും കാരണമാകുന്നു.
പാന്‍ക്രിയാറ്റിക് കാന്‍സറില്‍, രക്തത്തില്‍ ബിലിറൂബിൻ അടിഞ്ഞുകൂടുന്നതിനാല്‍ ചര്‍മത്തിനും കണ്ണിനും മഞ്ഞനിറം അനുഭവപ്പെടുന്നു. ഇത് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നു. മഞ്ഞപ്പിത്തം ഉളളവരില്‍ ചര്‍മത്തിൻ്റെ നിറവ്യത്യാസം, ചൊറിച്ചില്‍ എന്നിവ അനുഭവപ്പെടാറുണ്ട്. ഇങ്ങനെ വ്യത്യാസം വന്നാല്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.
സാധാരണ ദഹന പ്രക്രിയയെ വലിപ്പം കൂടുന്ന മുഴകള്‍ തടസ്സപ്പെടുത്തുന്നു. ഇത് ഛര്‍ദ്ദി, ദഹനക്കേട്, മല വിസര്‍ജ്ജനത്തിലെ മാറ്റം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് വയറിളക്കമോ മലബന്ധമോ ഉണ്ടാക്കുന്നു. ഇത് ഏറെ നേരം തുടരുന്നുണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടുക.