Source: News Malayalam 24x7
LIFE

അച്ഛനമ്മമാർക്ക് ഇനി ഒഴിവുനേരങ്ങൾ ആഘോഷമാക്കാം; അമ്പലപ്പുഴ സ്നേഹവീട്ടിലേക്ക് കൊച്ചുസമ്മാനങ്ങളെത്തിച്ച് സാമൂഹികപ്രവർത്തകൻ

സാമൂഹിക പ്രവർത്തകനായ ഷാജി കെ. ഡേവിഡാണ് ഇവർക്ക് കൊച്ചുസമ്മാനങ്ങൾ എത്തിച്ചുനൽകിയത്.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: അമ്പലപ്പുഴ സ്നേഹവീട്ടിലെ അച്ഛനമ്മമാർക്ക് ഇനി ഒഴിവുനേരങ്ങളിൽ കാരംസും ചെസുമൊക്കെ കളിച്ച് ഹാപ്പിയായി ഇരിക്കാം. മറ്റ് സന്തോഷങ്ങളൊന്നുമില്ലാതെ വിരസതയോടെ ഇരിക്കേണ്ടിവരുന്ന അച്ഛനമ്മാമാരുടെ വിഷമം കണ്ട് സാമൂഹിക പ്രവർത്തകനായ ഷാജി കെ ഡേവിഡാണ് ഇവർക്ക് കൊച്ചുസമ്മാനങ്ങൾ എത്തിച്ചുനൽകിയത്.

ഹരിപ്പാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ ചെയർമാനാണ് ഷാജി കെ. ഡേവിഡ്. ഷാജിയുടെ നേതൃത്വത്തിൽ ഓണക്കാലത്ത് തെരുവിൽ അലഞ്ഞു നടക്കുന്നവർക്കും അനാഥർക്കുമൊക്കെ ഓണക്കോടി നൽകിയിരുന്നു. ഈ യാത്രക്കിടയിലാണ് അമ്പലപ്പുഴ ഇരട്ടക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന വയോജന പരിപാലന കേന്ദ്രമായ സ്നേഹവീട് അഭയ കേന്ദ്രത്തിലുമെത്തിയത്.

ഇവിടുത്തെ 25 ഓളം അഗതികൾക്ക് ഒരു വിനോദവുമില്ലാതെ കഴിയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അവരുടെ വിരസത അവസാനിപ്പിക്കാൻ ഷാജി തീരുമാനിച്ചത്. സ്നേഹവീട്ടിൽ നിറയെ സ്നേഹവുമായാണ് ഷാജി എത്തിയത്. ചെസ് ബോർഡും ക്യാരംസ് ബോർഡുമൊക്കെ നൽകുക മാത്രമല്ല അവർക്കൊപ്പം നേരം പങ്കിട്ട് കളിച്ചതിന് ശേഷമാണ് ഷാജിയും സംഘവും മടങ്ങിയത്.

SCROLL FOR NEXT