Source: Social Media
LIFE

ചൂട് ചായ ഊതിക്കുടിച്ചില്ലെങ്കിലും ഏറെ വൈകിക്കരുത്; വിഷത്തേക്കാൾ അപകടം

നാല് മുതൽ അറുപത് ഡിഗ്രി സെൽഷ്യസ് താപനിലയിൽ ഇരുന്നാൽ പാൽച്ചായയിൽ ബാക്ടീരിയകൾ കുമിഞ്ഞു കൂടും.

Author : ന്യൂസ് ഡെസ്ക്

ചായപ്രേമികൾക്ക് നാട്ടിൽ ഒരു കുറവുമില്ല. ഇനി അതും പോരാഞ്ഞ് പല തരം ചായകളും ലഭ്യമാണ്. ഇനി ചായ കുടിക്കുന്ന കാര്യത്തിലാകട്ടെ പലരും പല തരത്തിലാണ്. ചൂട് ചായ ഊതിയൂതി കുടിക്കുന്നവർ, ചൂടോടെ കുടിക്കുന്നവർ, നന്നായി ആറ്റിത്തണുപ്പിച്ച് കുടിക്കുന്നവർ അങ്ങനെ പലതരത്തിലാണ് ആളുകൾ ചായ ആസ്വദിക്കുന്നത്. അമിതമായാൽ ആരോഗ്യത്തിന് നല്ലതല്ലെങ്കിലും മിതമായ അളവിൽ ചായ കുടിക്കുന്നതിൽ തെറ്റില്ല.

ഇനി ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഉണ്ടാക്കിവച്ച ചായ വീണ്ടും വീണ്ടും ചൂടാക്കി കുടിക്കുന്നുണ്ടോ എന്നതാണ്. ഉണ്ടെങ്കിൽ ആ ശീലം അപകടമാണ്. ചായ ഉണ്ടാക്കി കഴിഞ്ഞാൽ 15- 20 മിനിറ്റിനുള്ളിൽ കുടിച്ചിരിക്കണമെന്നാണ് ഇപ്പോൾ ആരോഗ്യ വിദഗ്ധർ പറയുന്നത്. ഏറെ വൈകും തോറും പഴകിയ ചായ ബാക്ടീരിയകളുടെ കൂടായി മാറുമത്രേ. ഈ ബാക്ടീരിയകൾ ആദ്യം ബാധിക്കുക ഗാസ്‌ട്രോഇന്റസ്റ്റീനിയൽ സിസ്റ്റത്തെയാണ്.

24 മണിക്കൂർ കഴിഞ്ഞ ചായയെ പാമ്പ് വിഷത്തേക്കാൾ അപകടകരമായാണ് ജപ്പാനിലെ ആളുകൾ കാണുന്നത്. ചൈനക്കാരും വിഷത്തിനു തുല്യമായാണ് പഴകിയ ചായയെ കാണുന്നത്. പാൽച്ചായയാണ് ഇത്തരത്തിൽ പഴകും തോറും അപകടകാരിയാകുക. നാല് മുതൽ അറുപത് ഡിഗ്രി സെൽഷ്യസ് താപനിലയിൽ ഇരുന്നാൽ പാൽച്ചായയിൽ ബാക്ടീരിയകൾ കുമിഞ്ഞു കൂടും. എക്‌സിൽ വന്ന ഒരു മുന്നറിയിപ്പ് പോസ്റ്റാണ്  ഇപ്പോൾ ഈ ചർച്ച തുടങ്ങിവച്ചത്.

കുടിക്കാതെ സൂക്ഷിക്കുന്ന ചായ കളയുന്നതാകും ഗുണകരം. എയർടൈറ്റ് കണ്ടെയ്‌നറിൽ ഫ്രിഡ്ജിനുള്ളിൽ 40ഡിഗ്രി ഫാരൻഹീറ്റിൽ സൂക്ഷിക്കുന്ന ചായ മൂന്ന് ദിവസം വരെ ഉപയോഗിക്കാം. അത് പക്ഷെ രുചികരമാണോയെന്ന് കഴിച്ചാൽ അറിയാം. അസിഡിറ്റി, ഡീഹൈഡ്രേഷൻ, ഇരുമ്പ് ആഗീരണം കുറയ്ക്കൽ, വണ്ണം വയ്ക്കുക എന്നീ അവസ്ഥ ഉണ്ടാകും. അതൊഴിവാക്കാൻ ഇഞ്ചി ചായയാണ് കുടിക്കുന്നതെങ്കിൽ പാലില്ലാത്ത ഇഞ്ചി ചായയാണ് സുരക്ഷിതമെന്നും പറയുന്നു.

SCROLL FOR NEXT