പ്രതീകാത്മക ചിത്രം Source: Meta AI
LIFE

കടുത്ത വ്യായാമങ്ങൾക്കിടെ ഹൃദയസ്തംഭനം.. ഫിറ്റ്നസ് പ്രേമികൾക്ക് മുന്നറിയിപ്പുമായി പഞ്ചാബ് സർക്കാർ

എനർജി ഡ്രിങ്കുകളും പ്രോട്ടീൻ പൗഡറുകളും പോലുള്ളവയുടെ അമിത ഉപയോ​ഗം ഒഴിവാക്കണമെന്നും ആരോ​ഗ്യവകുപ്പ്

Author : ന്യൂസ് ഡെസ്ക്

ചണ്ഡീഗഢ്: ജിമ്മുകളിൽ പോകുന്നവർക്കും എക്സ്ട്രീം വർക്കൗട്ടുകളിൽ മുഴുകുന്നവർക്കും ആരോ​ഗ്യ മുന്നറിയിപ്പുമായി പഞ്ചാബ് സർക്കാർ. കടുത്ത വ്യായാമങ്ങൾക്കിടെ ഹൃദയസ്തംഭനമുണ്ടാകുന്നത് കൂടിയതോടെയാണ് ആരോ​ഗ്യവകുപ്പ് പ്രസ്താവന ഇറക്കിയത്. കായികതാരങ്ങളടക്കമുള്ളവർ ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ വലിയ വ്യായാമ മുറകൾ പരിശീലിക്കാവൂ എന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ഡോ. ബൽബീർസിങ് പറഞ്ഞു. എനർജി ഡ്രിങ്കുകളും പ്രോട്ടീൻ പൗഡറുകളും പോലുള്ളവയുടെ അമിത ഉപയോ​ഗം ഒഴിവാക്കണം.

സുരക്ഷിതമായ രീതികളും ആരോഗ്യ മുൻകരുതലുകളും ഫിറ്റ്‌നസ് പ്രേമികളെ ഓർമിപ്പിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ജിമ്മുകളിലും സ്‌പോർട്‌സ് സെന്ററുകളിലും ആരോഗ്യ മുന്നറിയിപ്പ് നോട്ടീസ് പ്രദർശിപ്പിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു. ജിമ്മിൽ പോകുന്നവരും അത്‌ലറ്റുകളും വ്യായാമത്തിന് മുമ്പും ശേഷവും ശരിയായി വാം അപ്പ്, കൂൾ ഡൗൺ സ്റ്റെപ്പുകൾ ചെയ്യണമെന്നും, പതിവായി ആരോഗ്യ പരിശോധനകൾക്ക് വിധേയരാകണമെന്നും, സാക്ഷ്യപ്പെടുത്തിയതും പരീക്ഷിച്ചതുമായ സപ്ലിമെന്റുകൾ മാത്രം ഉപയോഗിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അടിയന്തര സാഹചര്യം തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്കാൻ ജിം ഉപയോക്താക്കൾ, പരിശീലകർ, അത്‌ലറ്റുകൾ എന്നിവർക്ക് സിപിആർ (കാർഡിയോപൾമണറി റെസസിറ്റേഷൻ), ബിഎൽഎസ് (ബേസിക് ലൈഫ് സപ്പോർട്ട്) എന്നിവയിൽ പരിശീലനം നൽകുന്നതിനുള്ള പദ്ധതിയും നടപ്പാക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം, ജിമ്മുകൾക്കുള്ളിലെ വായുവിന്റെ ഗുണനിലവാരം മോശമാണെന്നും വായുസഞ്ചാരക്കുറവും ഇൻഡോർ വായു മലിനീകരണവും പെട്ടെന്നുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

'സ്വസ്ത് പഞ്ചാബ് - സുരക്ഷിത് പഞ്ചാബ്' എന്ന ദൗത്യത്തിന്റെ ഭാഗമായുള്ള 'ജിമ്മിൽ പോകുന്നവരിലും കായികതാരങ്ങളിലും പെട്ടെന്നുള്ള ഹൃദയാഘാതം തടയൽ' എന്ന പരിപാടിയിലാണ് പഞ്ചാബ് ആരോഗ്യമന്ത്രി പ്രസ്താവന ഇറക്കിയത്. ജിമ്മുകളിൽ ശാരീരിക പരിമിതികൾ നീക്കി ഫിറ്റ്‌നസ് ജീവിതശൈലി സ്വീകരിക്കുന്നതിന് മുമ്പ് ജാഗ്രത പാലിക്കാൻ പൗരന്മാരെ ബോധവൽക്കരിക്കുക, സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് ഇതിൻ്റെ ലക്ഷ്യം.

SCROLL FOR NEXT