News Malayalam 24x7
LIFE

മഴക്കാലം, രോഗകാലം; കുട്ടികളെ കരുതാം

മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികള്‍ക്കും കൂടി ഏറെ ശ്രദ്ധ ചെലുത്തേണ്ട സമയമാണ് മഴക്കാലം

Author : പ്രിയ പ്രകാശന്‍

ആശങ്കയുടെ പെരുമ്പറ മുഴക്കിയാണ് കേരളത്തില്‍ മഴ പെയ്യുന്നത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് ഇക്കുറി കാലവര്‍ഷം എത്തിയത്. കാറ്റും മഴയും, വെള്ളവും വെള്ളക്കെട്ടും, പ്രളയഭീതിയുമൊക്കെ പലപ്പോഴായി നാം അനുഭവിക്കുന്നതാണ്. അതിനാല്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ണമാണ്.

കേരളത്തെ സംബന്ധിച്ചിടത്തോളം മഴക്കാലം രോഗകാലം കൂടിയാണ്. വിവിധതരം പനികള്‍ മുതല്‍ ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ, എലിപ്പനി, ടൈഫോയ്ഡ്, കോളറ, വയറിളക്കം എന്നിങ്ങനെ അത് നീളുന്നു.

മഴക്കാലരോഗങ്ങളും ജലജന്യരോഗങ്ങളുമൊക്കെ സര്‍വവ്യാപിയാകുന്ന നാളില്‍, മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികള്‍ക്കും കൂടി ഏറെ ശ്രദ്ധ ചെലുത്തേണ്ട സമയമാണ് മഴക്കാലം. ജാഗ്രതാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പിന്തുടർന്നുമൊക്കെ രോഗങ്ങളെ ഒരു പരിധിവരെ നമുക്ക് അകറ്റിനിര്‍ത്താനാകും.

മഴക്കാലത്തെ ആരോഗ്യപരമായ വെല്ലുവിളികളെയും രോഗങ്ങളേയും മുതിര്‍ന്നവര്‍ക്ക് സ്വയം നേരിടാന്‍ സാധിക്കുമെങ്കിലും, കുട്ടികളുടെ കാര്യം അങ്ങനെയല്ല. അവർക്ക് എപ്പോഴും രക്ഷിതാക്കളുടെ സഹായം ആവശ്യമായി വരും. ഭക്ഷണ കാര്യങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തിയാൽ അടിക്കടിയുണ്ടാകുന്ന രോഗങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാനാവും.

ശുചിത്വ ശീലങ്ങൾ

ആരോഗ്യകാര്യങ്ങളിൽ മുതിർന്നവർ സ്വീകരിക്കുന്ന കാര്യങ്ങൾ കുട്ടികളെ കൂടി പഠിപ്പിക്കേണ്ടതുണ്ട്. വ്യക്തി ശുചിത്വത്തിനൊപ്പം പരിസര ശുചിത്വവും പ്രധാനമാണ്. വീടും പരിസരവുമൊക്കെ മാലിന്യമുക്തമായിരിക്കണം. സ്കൂളില്‍ പോകുമ്പോഴും, വന്നതിനുശേഷവും കുട്ടികള്‍ കുളിക്കുന്നത് ഉറപ്പാക്കണം. അലക്കി ഉണക്കിയ വസ്ത്രങ്ങള്‍ മാത്രം ധരിക്കാനും ശ്രദ്ധിക്കണം.

ആഹാരത്തിന് മുമ്പും ശേഷവും, കൈ നന്നായി കഴുകണം,ചുരുങ്ങിയത് 20 സെക്കന്‍ഡ് കൈകഴുകിക്കാൻ ശ്രദ്ധിക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും എങ്ങനെയാണ് പാലിക്കേണ്ടതെന്നും മനസിലാക്കി കൊടുക്കണം. രക്ഷിതാക്കൾ ചെയ്യുന്നത് കണ്ടാണ് കുട്ടികൾ വളരുന്നത്. ഈ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുത്താൽ ഒരു പരിധി വരെ മഴക്കാല രോഗങ്ങളിൽ നിന്നും മുക്തിനേടാൻ സാധിക്കുകയുള്ളൂ.

ഭക്ഷണവും ഉറക്കവും

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് പോഷകസമൃദ്ധമായ ഭക്ഷണക്രമമാണ്. ശരീരത്തിന് ചൂട് തരുന്ന ഭക്ഷണം കഴിക്കണം. തണുത്തത്തോ, ഫ്രിഡ്ജില്‍ നിന്ന് നേരിട്ടെടുത്തതോ ആയ ഭക്ഷണം ഉപയോഗിക്കുന്നത് ഒഴിവാക്കണം. ചെറു ചൂടുള്ള ഭക്ഷണം കഴിക്കുന്നതാണ് എപ്പോഴും നല്ലത്.

പഴവര്‍ഗങ്ങളുമൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. രോഗപ്രതിരോധശേഷിക്ക് തടസം സൃഷ്ടിക്കുന്ന ഭക്ഷണവും ഭക്ഷണശീലവും ഒഴിവാക്കണം പെട്ടെന്ന് കേടാകുന്ന തരത്തിലുള്ള ഭക്ഷണം സ്കൂളുകളില്‍ കൊടുത്തുവിടരുത്. എളുപ്പത്തിനായി ഒരു പാത്രത്തില്‍ തന്നെ എല്ലാ വിഭവങ്ങളും കൊടുത്തുവിടുന്നതും ഒഴിവാക്കേണ്ടതാണ്. ഭക്ഷണം കൊടുത്തുവിടുന്നതിനായി ചൂട് നില്‍ക്കുന്ന തരം പാത്രം ഉപയോഗിക്കുന്നതാണ് ഉചിതം.

വസ്ത്രധാരണം

മഴക്കാലത്ത് ആളുകൾ നേരിടുന്ന പ്രധാന പ്രശ്നം വസ്ത്രങ്ങൾ കൃത്യമായി ഉണങ്ങത്തതാണ്. ഈർപ്പമുള്ള വസ്ത്രങ്ങൾ കുട്ടികളിൽ ജലദോഷവും പനിയും വരാനുള്ള സാധ്യത വർധിപ്പിക്കും.അലക്കിയിടുന്ന വസ്ത്രങ്ങള്‍ നന്നായി ഉണങ്ങിയതിനുശേഷം മാത്രം ഉപയോഗിക്കണം.

മഴക്കാല യാത്രകളില്‍, വായും സഞ്ചാരമുളളതും, ഭാരം കുറഞ്ഞതും, പെട്ടെന്ന് ഉണങ്ങുന്നതുമായ വസ്ത്രം ധരിപ്പിക്കാൻ ശ്രദ്ധിക്കണം. യൂണിഫോമുകളുടെ കാര്യത്തിലും ഇത് പിന്തുടരണം. ഉണങ്ങാത്ത വസ്ത്രങ്ങള്‍ ധരിച്ച് ദിവസം മുഴുവന്‍ ക്ലാസിലിരിക്കുന്നത് കുട്ടികളില്‍ പലവിധ രോഗങ്ങള്‍ക്ക് കാരണമാകും. റെയിന്‍ കോട്ട്, ചെരുപ്പ്, സോക്സ് എന്നിവ ഉപയോഗിക്കുമ്പോഴും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ കയ്യിൽ ടിഷ്യു പേപ്പറോ,തൂവാലയോ കരുതണം. എന്തെങ്കിലും കാരണവശാൽ ഇതെടുക്കാൻ മറന്നാൽ കൈമുട്ട് ഉപയോഗിച്ച് മറ്റൊരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതും അനിവാര്യമാണ്.

സാമൂഹിക അകലം

രോഗപ്രതിരോധത്തിന് സഹായിക്കുന്ന ഒന്നാണ് സാമൂഹ്യ അകലം പാലിക്കുക എന്നത്. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്ന ആളുകളിൽ നിന്ന് പരമാവധി അകലം പാലിക്കുക. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നിന്നാണ് അണുക്കൾ മറ്റൊരാളുടെ ശരീരത്തിലേക്ക് എത്തുന്നത്. തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ കയ്യിൽ ടിഷ്യു പേപ്പറോ,തൂവാലയോ കരുതണം. എന്തെങ്കിലും കാരണവശാൽ ഇതെടുക്കാൻ മറന്നാൽ കൈമുട്ട് ഉപയോഗിച്ച് മറ്റൊരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതും അനിവാര്യമാണ്.

കുടിവെള്ളം

മഴക്കാലം ആണെങ്കിൽ കൂടിയും കുട്ടികളുടെ ശരീരത്തില്‍ ആവശ്യമായ ജലാംശം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ജലജന്യ രോഗങ്ങളുടെ സാധ്യത കൂടി കണക്കിലെടുത്ത് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ആവശ്യത്തിനുള്ള വെള്ളം ലഭിക്കുന്നത് ഉറപ്പാക്കാന്‍ തണ്ണിമത്തൻ, ഓറഞ്ച് പോലുള്ള പഴവർഗങ്ങളും നല്‍കാം. പഴങ്ങള്‍ കഴിക്കാന്‍ മടിയുള്ളവര്‍ക്ക് അവ ജ്യൂസ് രൂപത്തിലും നല്‍കാവുന്നതാണ്.

വാക്സിനേഷൻ

കൃത്യമായ ഇടവേളകളിൽ എടുക്കുന്ന വാക്സിനേഷൻ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം കുട്ടികളുടെ വാക്സിനേഷൻ യഥാസമയം സ്വീകരിക്കണം.

വിശ്രമം, ഉറക്കം

സ്കൂളും പഠനവും മാത്രമായി സ്കൂള്‍ കാലം മാറരുത്. ആവശ്യത്തിന് കളിയും വിശ്രമവും കുട്ടികള്‍ക്ക് ആവശ്യമാണ്. സ്കൂളില്‍നിന്ന് വന്നയുടന്‍ വീണ്ടും പാഠപുസ്തകത്തിലേക്ക് പോകാതെ, കുറച്ചുസമയം കളികള്‍ക്കായി മാറ്റിവയ്ക്കണം. അതിനുശേഷം ഹോംവര്‍ക്കുകള്‍ തീര്‍ക്കണം.

രാത്രിഭക്ഷണം നേരത്തെ കഴിക്കാന്‍ ശ്രദ്ധിക്കണം. ഭക്ഷണം കഴിച്ചയുടന്‍ കുട്ടികളെ ഉറങ്ങാന്‍ വിടരുത്. അത് ദഹനക്കേട് ഉള്‍പ്പെടെ പ്രശ്നങ്ങള്‍ക്ക് കാരണമാകും. കുറച്ചുനേരം വായനയ്ക്കോ ടിവി കാഴ്ചയ്‌ക്കോ ശേഷം ഉറങ്ങാന്‍ അനുവദിക്കുക. കുട്ടികളുടെ പ്രായം അനുസരിച്ച്, എട്ട് മുതല്‍ 10 മണിക്കൂര്‍ വരെ അവര്‍ക്ക് ഉറക്കം ആവശ്യമാണ്.അത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

രോഗം അറിഞ്ഞ് മാത്രം ചികിത്സ നല്‍കണം. ഇത്തരത്തില്‍ ജാഗ്രത പുലര്‍ത്തിയാല്‍ മഴക്കാലത്തെ സ്കൂള്‍ കാലം കൂടുതല്‍ ആരോഗ്യപൂര്‍ണമാക്കാം.

കൃത്യമായ മുൻകരുതലിനൊപ്പം, നല്ല ആരോഗ്യശീലങ്ങളും പുലർത്തിയാല്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാം. എന്നിട്ടും രോഗംവന്നാൽ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ സഹായം തേടാൻ പ്രത്യേകം ശ്രദ്ധിക്കണം.

സാധാരണ നല്‍കുന്നതോ, ഒരിക്കല്‍ വാങ്ങിയതോ ആയ മരുന്ന് വീണ്ടും വീണ്ടും കുട്ടികള്‍ക്ക് കൊടുക്കുന്ന ശീലവും അവസാനിപ്പിക്കണം. രോഗം അറിഞ്ഞ് മാത്രം ചികിത്സ നല്‍കണം. ഇത്തരത്തില്‍ ജാഗ്രത പുലര്‍ത്തിയാല്‍ മഴക്കാലത്തെ സ്കൂള്‍ കാലം കൂടുതല്‍ ആരോഗ്യപൂര്‍ണമാക്കാം.

SCROLL FOR NEXT