നിങ്ങൾ ഒരു ദിവസം ആരംഭിക്കുന്നത് എങ്ങനെയാണ്? പലരുടെയും ഉത്തരം ഫോണിലൂടെയെന്നായിരിക്കും. പല്ലുതേക്കുമ്പോഴും, ഓഫീസിലേക്ക് പോകാൻ റെഡിയാവുമ്പോഴുമെല്ലാം നമ്മൾ ഫോണിൽ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കും. ഒരു ദിവസം സ്ക്രോൾ ചെയ്താൽ പോലും തീരാത്തത്ര റീലുകൾ ഇൻസ്റ്റഗ്രാം ഫീഡിൽ നിറഞ്ഞിരിക്കുമ്പോൾ, നമ്മളെന്തിന് ഫോണെടുക്കാതിരിക്കണം? ജോലിയിൽ വരെ സോഷ്യൽ മീഡിയയ്ക്ക് അത്രയധികം പ്രാധാന്യമുള്ള ഈ കാലഘട്ടത്തിൽ ഫോൺ ഉപയോഗം പെട്ടെന്ന് കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇതിൻ്റെയെല്ലാം പരിണിതഫലം അൽപം കടുപ്പമാണ്. സ്ക്രീൻ ടൈം കൂടുന്നതിനൊപ്പം പുറം വേദന, കഴുത്ത് വേദന, സ്പോണ്ടിലൈറ്റിസ് എല്ലാം ഇതിനോടകം നിങ്ങളുടെ ഉറ്റ സുഹൃത്തുക്കളായി മാറിയിരിക്കും.
ശരീരവേദന തുടങ്ങിയെങ്കിലും ഇപ്പോഴും നിങ്ങൾ ഫോൺ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുകയാണോ? ഇതിൽ നിന്നും പുറത്തുകടക്കണമെന്ന ആഗ്രഹം തോന്നുന്നുണ്ടോ? ശരീരവേദനയെല്ലാം മാറ്റിയെടുത്ത് പുതിയൊരു ജീവിതം തുടങ്ങാനായി വീണ്ടും ശൈശവകാലത്തേക്ക് പോകുന്നത് നല്ലതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതെ, ശൈശവത്തിലേക്ക് ഒരു ടൈം ട്രാവൽ ആവശ്യമാണ്.
പറഞ്ഞുവരുന്നത് 'അഡൽട്ട് ടമ്മി ടൈം' എന്ന പേരിൽ ഇൻ്റർനെറ്റിൽ വൈറലാവുന്ന പുതിയ ടെക്നിക്കിനെക്കുറിച്ചാണ്. പണ്ടൊക്കെ നമ്മൾ വീട്ടിലെ കുഞ്ഞുങ്ങളെ വയറമർത്തി കമഴ്ത്തി കിടത്താറുണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ മസിലുകൾക്ക് ബലം വെയ്ക്കാനും, ശാരീരിക ഘടന മെച്ചപ്പെടുത്താനും, വളർച്ചയ്ക്കുമെല്ലാം ഇങ്ങനെ വയറമർത്തി കിടക്കുന്നത് നല്ലതാണെന്നാണ് ശാസ്ത്രം. കുഞ്ഞുങ്ങളെ പോലെ ഇങ്ങനെ വയറമർത്തി കിടക്കുകയാണെങ്കിൽ മുതിർന്നവർക്കും ശരീരവേദന മാറ്റിയെടുക്കാൻ കഴിയുമെന്നാണ് വിദഗ്ദർ പറയുന്നത്. ഇതുവഴി നിങ്ങളുടെ ശരീരത്തിൻ്റെ പോസ്ച്ചർ (Body Posture) ശരിയാക്കാമെന്നും, ശരീരവേദനമാറ്റാമെന്നും ആരോഗ്യവിദഗ്ദർ പറയുന്നു. ഇങ്ങനെ വയറമർത്തി കിടക്കുന്നത് വഴി ചിലപ്പോൾ നിങ്ങളുടെ ഫോൺ ഉപയോഗം തന്നെ കുറഞ്ഞേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
"ദേഹഭാവവുമായി (Body Posture) ബന്ധപ്പെട്ട് ബുദ്ധിമുട്ടുകളനുഭവിക്കുന്നവർക്കെല്ലാം ഈ രീതി ശ്രമിച്ച് നോക്കാവുന്നതാണ്. പുറം വേദന, നട്ടെല്ലിലുള്ള വേദന, ടെക്ക് നെക്ക് (കഴുത്ത് മുന്നോട്ട് നീണ്ടിരിക്കുന്ന അവസ്ഥ) തുടങ്ങിയ ബുദ്ധിമുട്ടനുഭവിക്കുന്നവരും തീർച്ചയായും അഡൽട്ട് ടമ്മി ടൈം ചെയ്യണം. ഇത്തരത്തിൽ വയറമർത്തി കിടക്കുന്നത് വഴി നിങ്ങളുടെ പുറംഭാഗം,അബ്ഡൊമൻ ഭാഗം എന്നിവ ശക്തിപ്പെടുകയും, മസിലുകൾ ബലപ്പെടുകയും ചെയ്യും," ഫിസിയോതെറാപ്പിസ്റ്റ് ഡോക്ടർ വന്ദന കുമാരിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. വ്യായാമം ചെയ്യാൻ കഴിയാത്ത, നടുവേദന അനുഭവിക്കുന്ന പൊണ്ണത്തടിയുള്ള (obesity) ആളുകൾക്കും ഇങ്ങനെ ചെയ്യുന്നത് വഴി ആശ്വാസം ലഭിച്ചേക്കാം.
അഡൽട്ട് ടമ്മി ടൈം ചെയ്യേണ്ട രീതിയും വളരെ എളുപ്പമാണ്: ആദ്യമായി നിങ്ങൾ വയറമർത്തിക്കിടക്കാൻ പാകത്തിന് പരുക്കനല്ലാത്ത പ്രതലം തിരഞ്ഞെടുക്കണം. ഇനി വയർ അമർത്തി കിടന്ന ശേഷം നിങ്ങളുടെ താടി വരെ നിലത്ത് അമത്തുക. തുടക്കത്തിൽ കുറച്ച് നേരം ഇങ്ങനെ കിടന്ന് പ്രാക്ടീസ് ചെയ്ത ശേഷം അഞ്ച് 5 മുതൽ 10 മിനിറ്റ് വരെ ഇങ്ങനെ കിടക്കുക. തുടർന്ന് ചെറുതായി തല ഉയർത്തുന്നതും പുറംഭാഗത്ത് വലിക്കുന്നതും അഡൽട്ട് ടമ്മി ടൈമിൻ്റെ ഗുണം വർധിപ്പിക്കും.