പ്രതീകാത്മക ചിത്രം  Source: Meta AI
LIFE

ഇങ്ങനെ ബാം വാരി പുരട്ടിയാൽ തലവേദന മാറുമോ? ചിലപ്പോൾ മറ്റ് കാരണങ്ങൾ ഉണ്ടായിരിക്കും!

മാനസികമായി നമുക്ക് തോന്നുന്ന ആശ്വാസത്തിനപ്പുറം ബാമുകൾ തലവേദനയെ മാറ്റുന്നുണ്ടോ? ഈ ചോദ്യങ്ങൾ ഒന്ന് സ്വയം ചോദിച്ചു നോക്കൂ?

Author : ന്യൂസ് ഡെസ്ക്

തലവേദന എന്ന് പറഞ്ഞാൽ പൊതുവെ എല്ലാവർക്കും വരുന്ന അസുഖമാണ്. കാലാവസ്ഥയോ, യാത്രയോ, ഉറക്ക പ്രശ്നമോ, ഭക്ഷണമോ തുടങ്ങി ചെറിയ ടെൻഷൻ ആയാൽ പോലും സാധാരണ ഗതിയിൽ ആദ്യം ബാധിക്കുക തലവേദനയിലൂടെയാകും. ഇനി കണ്ണിനു പ്രശ്നം വന്നാലും തലവേദന വരാം. അങ്ങനെ പല കാരണം കൊണ്ടും, ഇനിയിപ്പോ പ്രത്യേകിച്ച് കാരണമൊന്നുമില്ലെങ്കിലും കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ പോലും തലവേദന വന്നേക്കും.

അത്രയും സാധാരണമായ ഒരസുഖം എന്ന് പറയുമ്പോഴും പലപ്പോഴും അവഗണിച്ചു വിട്ടാൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളെ തിരിച്ചറിയാനായില്ലെന്നും വരും. ലോകമെമ്പാടുമുള്ള മനുഷ്യരിൽ ഭൂരിഭാഗവും തലവേദന എന്നു പറഞ്ഞാൽ ആദ്യം അശ്രയിക്കുന്നത് ബാമുകളെയാണ്. ഇന്ന് വിപണിയിൽ പല തരം ബാമുകൾ തലവേദയെ ചെറുക്കുമെന്ന പേരിൽ ലഭ്യമാണ്. പലപ്പോഴും അതിന്റെ സാന്നിധ്യമോ, ഗന്ധമോ ആശ്വാസം നൽകുകയും ചെയ്യും.

തലവേദന വന്നാലും ഇല്ലെങ്കിലും ഒരു ബാം കയ്യിൽ കരുതുന്ന നിരവധിപ്പേരുണ്ട്. പക്ഷെ ഇങ്ങനെ ബാമുകൾ വാരി പുരട്ടിയതുകൊണ്ട് കാര്യമുണ്ടോ?, മാനസികമായി നമുക്ക് തോന്നുന്ന ആശ്വാസത്തിനപ്പുറം ബാമുകൾ തലവേദനയെ മാറ്റുന്നുണ്ടോ? ഈ ചോദ്യങ്ങൾ ഒന്ന് സ്വയം ചോദിച്ചു നോക്കൂ? ഉറപ്പായും നമ്മൾ ആശയക്കുഴപ്പത്തിലാകും. എല്ലാ തലവേദനയ്ക്കും ബാം പരിഹാരമാകില്ലെന്നറിയുക.

സൈനസൈറ്റിസ് എന്നത് സാധാരണയായി നിരവധി ആളുകളിൽ കണ്ടുവരുന്ന രോഗമാണ്. മൂക്കൊലിപ്പ്, ശ്വസനത്തിലെ ബുദ്ധിമുട്ട്, മുഖത്ത് വേദന, തലവേദന തുടങ്ങിയവയാണ് സൈനസൈറ്റിസിന്റെ സാധാരണ ലക്ഷണങ്ങൾ.മിക്കവാറും സൈനസ് ഗ്രന്ഥിയിലുണ്ടാകുന്ന അണുബാധയോ, അനുബന്ധ പ്രശ്‌നങ്ങളോ ആയിരിക്കാം ഇത്തരം തലവേദനയ്ക്ക് കാരണം. അതുകൊണ്ടു തന്നെ കൃത്യമായി പരിശോധിച്ച് ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്.

മറ്റൊന്ന് മൈഗ്രെയ്ൻ ആണ്. അത് ഒരവസ്ഥയാണ്. തലച്ചോറിൻ്റെയും തലയോട്ടിയുടെയും ഇടയിലുള്ള നാഡീവ്യൂഹത്തിന് ഉണ്ടാകുന്ന വീക്കം മൂലമാണ് തലവേദന അനുഭവപ്പെടുന്നത്. ശബ്ദമോ, ഗന്ധമോ, പ്രകാശമോ ഒക്കെ അതിനെ കഠിനമാക്കാൻ സാധ്യതയുണ്ട്. ചികിത്സയേക്കാൾ കൂടുതലായി രോഗ ലക്ഷണങ്ങൾ നിയന്ത്രിക്കാനുള്ള മരുന്നുകൾ ലഭ്യമാണ്. പൂർണമായും ഭേദപ്പെടുത്താൻ വിദഗ്ധ ചികിത്സ എടുക്കേണ്ടതായും വരും.

ഇതിനെല്ലാം പുറമേ പകർച്ച വ്യാധികളുടെ ലക്ഷണമായും തലവേദന വരാവുന്നതാണ്. അതുകൊണ്ട് പനി പോലുള്ള അസുഖങ്ങളോടൊപ്പം വിട്ടുമാറാത്ത തലവേദന വന്നാൽ കാര്യമായി ചികിത്സ തേടുക. ഇനി സ്ക്രീൻ ഉയോഗം, വായന എന്നിവയ്ക്ക് ബുദ്ധിമുട്ടുകൾ നേരിട്ടാൽ കണ്ണ് പരിശോധനകൾ നടത്തുക. ഇടവിട്ടുവരുന്നതോ, അതുമല്ലെങ്കിൽ വിട്ടു മാറാത്തതോ ആയ തലവേനകൾ ഉള്ളവർ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക.

SCROLL FOR NEXT