സാധാരണ ശരീര പരിപാലനത്തിനും ആരോഗ്യ സംരക്ഷണത്തിനുമൊക്കെ സ്ഥിരമായി വ്യായാമം ചെയ്യുകയാണ് എല്ലാവരും ചെയ്യാറുള്ളത്. പലരും ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യും. എന്നാൽ, ഇതിന് യാതൊരു വിധ സൗകര്യങ്ങളുമില്ലാത്ത ബഹിരാകാശനിലയത്തിൽ ശരീരപരിപാലനം നടത്തുന്നത് എങ്ങനെയാകും. അതിന് ഉത്തരം നൽകുകയാണ് ഐഎസ്ആർഒയുടെ പ്രഥമ ബഹിരാകാശ ദൗത്യം ഗഗൻയാൻ്റെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല. എക്സിൽ പങ്കുവെച്ച വീഡിയോയിലാണ് ശുഭാൻഷു പതിവായി ചെയ്യുന്ന വ്യായാമം എങ്ങനെയെന്ന് വിശദീകരിക്കുന്നത്.
മൈക്രോഗ്രാവിറ്റിയിൽ കഴിയുമ്പോൾ വ്യായാമം ചെയ്യേണ്ടത് എത്രത്തോളം നിർബന്ധമാണെന്നും ശുഭാൻഷു വീഡിയോയിൽ പറയുന്നു. പരമ്പരാഗത വ്യായാമ ഉപകരണങ്ങളും രീതികളും പ്രായോഗികമല്ലാത്ത ബഹിരാകാശത്ത് ബഹിരാകാശയാത്രികർ ആരോഗ്യത്തോടെയിരിക്കാൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ശുഭാൻഷു വിശദീകരിക്കുന്നു. ബഹിരാകാശത്ത് വർക്കൗട്ടിന് ജിം മെമ്പർഷിപ്പ് ആവശ്യമില്ലെന്ന് പറഞ്ഞാണ് ശുഭാൻഷു വീഡിയോ ആരംഭിക്കുന്നത്. ശുഭാൻഷു പെഡൽ ചവിട്ടി വ്യായാമം ചെയ്യുന്നത് വീഡിയോയിൽ കാണാം.
"ബഹിരാകാശ നിലയത്തിൽ CEVIS (വൈബ്രേഷൻ ഐസൊലേഷൻ സിസ്റ്റമുള്ള സൈക്കിൾ എർഗോമീറ്റർ) പോലുള്ള ഉപകരണങ്ങളാണ് വ്യായാമത്തിനായി ഉപയോഗിക്കുന്നത്. ഇതൊരു സ്പേസ് ബൈക്കിന് സമാനമാണ്. സൈക്കിൾ പെഡലിന് സമാനമായ പെഡലുകളുള്ള സൈക്കിളാണിത്. എന്നാൽ, സാധാരണ സൈക്കിളിൽ നിന്ന് വ്യത്യസ്തമായി ഈ സൈക്കിളിൽ സീറ്റില്ല. വ്യായാമം ചെയ്യുമ്പോൾ ഉണ്ടാകുന്ന വൈബ്രേഷനുകൾ ഈ മെഷീൻ ആഗിരണം ചെയ്യുകയും ചെയ്യും," ശുഭാൻഷു വീഡിയോയിൽ പറയുന്നു.
മൈക്രോഗ്രാവിറ്റിയിൽ വ്യായാമം ചെയ്യുകയല്ലാതെ വേറൊരു വഴിയുമില്ലെന്ന് ശുഭാൻഷു പറയുന്നു. ശരീരം മൈക്രോഗ്രാവിറ്റിയിൽ എത്തുമ്പോൾ, അത് അലസമായി പെരുമാറാൻ തുടങ്ങും - പേശികൾ ചുരുങ്ങുകയും അസ്ഥികൾ ദുർബലമാകുകയും സ്റ്റാമിന ഇല്ലാതാകുകയും ചെയ്യും. അതിനാൽ വ്യായാമം ചെയ്യുക തന്നെ വേണം, സീറോ ഗ്രാവിറ്റിയിൽ, സീറോ എക്സ്ക്യൂസാണെന്ന് ശുഭാൻഷു പറയുന്നു.