വീടുവൃത്തിയാക്കുക, അടുക്കള ക്ലീൻ ചെയ്യുക എന്നൊക്കെ പറഞ്ഞാൽ അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇടയ്ക്കൊക്കെ നന്നായി വൃത്തിയാക്കി, പിന്നീട് അത് കൃത്യമായി പരിപാലിച്ചാൽ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. മൊത്തം വീട് ക്ലീൻ ചെയ്യുന്നതുപോലെ തന്നെ സമയമെടുക്കും നന്നായി ഉപയോഗിക്കുന്ന അടുക്കള വൃത്തിയാക്കാനും. അടുക്കളയിലാകട്ടെ പാചകത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സ്റ്റൗ വൃത്തിയാക്കുക എന്ന ചടങ്ങിൽ പലരും പിറകോട്ടുമാണ്.
ഗ്യാസ് സ്റ്റൗ വൃത്തിയാക്കാൻ ഇത്ര പാടില്ലല്ലോ, പാചകം കഴിയുമ്പോ ഉടൻ തന്നെ ഒന്ന് തുടച്ചിട്ടാൽ പോരെയെന്ന് ചോദിക്കുന്ന നിരവധിപ്പേരുണ്ട്. അതുപോലെ കുക്കിംഗ് കഴിഞ്ഞ് ഉടൻ തന്നെ തുണി നനച്ച് സ്റ്റൗ തുടയ്ക്കുന്നവരും കുറവല്ല. പക്ഷെ അങ്ങനെയാണോ ഗ്യാസ് സ്റ്റൗ വൃത്തിയാക്കേണ്ടത്. അല്ലേയല്ല. അതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
അൽപ്പം ബുദ്ധിമുട്ടിയാലും ഗ്യാസ് സ്റ്റൗ വേണ്ടരീതിയിൽ വൃത്തിയാക്കിയാൽ അത് ആരോഗ്യകരമായ പാചത്തിന് ഗുണം ചെയ്യും. മാത്രവുമല്ല ഗ്യാസ് സ്റ്റൗവിന് ഉണ്ടാകുന്ന തകരാറുകളും ശരിയായി ക്ലീൻ ചെയ്താൽ പരിഹരിക്കാവുന്നതേയുള്ളൂ. കൂടുതൽ കാലം ഉപയോഗിക്കാനും സാധിക്കും.
പാചകം കഴിഞ്ഞയുടൻ സ്റ്റൗ തുടച്ചിടുന്ന പതിവ് രീതി തന്നെ അപകടമാണ്. കൈകൾക്ക് പൊള്ളലേൽക്കുന്നതിന് പുറമെ ഗ്യാസ് സ്റ്റൗവിന്റെ ഉപരിതലത്തിൽ കേടുപാടുകൾ സംഭവിക്കുന്നതിന് ഇത് കാരണമാകും. ബർണറുകൾ ചൂടാറിയ ശേഷം മാത്രം വൃത്തിയാക്കുക. ഡ്രിപ്പ് പാനുകളും പ്രത്യേകം എടുത്ത് വൃത്തിയാക്കേണ്ടതാണ്. ബർണറുകൾ നേരിയ ചൂടുവെള്ളത്തിൽ 20 മിനിറ്റെങ്കിലും മുക്കിവച്ചതിനു ശേഷം വൃത്തിയാക്കാം. ഇനി കുക്കിംഗ് ടോപ്പുകളാണ് ഉപയോഗിക്കുന്നതെങ്കിൽ അവയിലുള്ള ലിഫ്റ്റ് ഫീച്ചർ ഉപയോഗിക്കാൻ മടിക്കരുത്. ഇത് ക്ലീനിംഗ് എളുപ്പമാക്കും.
ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം ക്ലീനർ തെരഞ്ഞെടുക്കുന്നതിലാണ്. അമോണിയ/ബ്ലീച്ച് പോലുള്ള കഠിനമായ രാസവസ്തുക്കൾ അടങ്ങിയ ക്ലീനറുകൾ ദയവായി ഒഴിവാക്കുക. അത് സ്റ്റൗവിന്റെ ഉപരിതലത്തിൽ തകരാറുകൾ വരുത്തും. പരമാവധി വീര്യം കുറഞ്ഞവ തെരഞ്ഞെടുക്കുക. ഡിഷ് സോപ്പും വെള്ളവും പോലുള്ളവ ഉപയോഗിക്കാവുന്നതാണ്.
അതുപോലെ തന്നെ കഴുകിത്തുടച്ച് വൃത്തിയാക്കിയ ഉടൻ തന്നെ ഭാഗങ്ങൾ കൂട്ടി യോജിപ്പിക്കരുത്. നന്നായി ഉണക്കി ജലാംശം കളഞ്ഞ് വേണം കൂട്ടിയോജിപ്പിക്കാൻ. മൈക്രോഫൈബർ പോലുള്ള തുണികൾ ഉപയോഗിച്ച് വൃത്തിയാക്കുന്നത് ഏളുപ്പത്തിൽ ജലാംശം കളയാൻ സഹായിക്കും.