ദേവഗിരി കോളേജിലെ കൂൺ കൃഷി Source: News Malayalam 24x7
LIFE

'ദേവ്‌ഷ്റൂം'- പഠനത്തിനിടയിൽ സ്വന്തമായി ബ്രാൻഡ്; ദേവഗിരി കോളേജ് വിദ്യാർഥികളുടെ കൂൺ കൃഷിയുടെ കഥ

2023ൽ മൂന്നാം വർഷ ബോട്ടണി വിദ്യാർഥികളാണ് കൂൺ കൃഷിക്ക് തുടക്കമിട്ടത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള പ്രവർത്തനത്തിലൂടെ സ്വന്തം ബ്രാൻഡ് വരെ ഒരുക്കി വിദ്യാർഥികൾ. കോഴിക്കോട് ദേവഗിരി കോളേജിലെ വിദ്യാർഥികളാണ് കലാലയത്തിന്റെ പേരിലുള്ള ബ്രാൻഡ് കൂൺ വിപണിയിലേക്ക് എത്തിക്കാൻ ഒരുങ്ങുന്നത്. പ്രാഥമിക പരീക്ഷണത്തിലെ വിളവെടുപ്പ് വിജയമായതോടെയാണ് 'ദേവ്ഷ്റൂം' എന്ന ബ്രാൻഡിൽ കൂൺ വിൽക്കാൻ കോളേജ് മാനേജ്‌മെന്റും തയ്യാറെടുക്കുന്നത്.

2023ൽ മൂന്നാം വർഷ ബോട്ടണി വിദ്യാർഥികളാണ് കൂൺ കൃഷിക്ക് തുടക്കമിട്ടത്. കോളേജ് മാനേജ്മെന്റ് പ്രത്യേകമായി സജ്ജീകരിച്ച് നൽകിയ മുറിയിൽ ബോട്ടണി വകുപ്പിന്റെ റിവോൾവിങ് ഫണ്ടിൽ നിന്നുള്ള പ്രാരംഭ മൂലധനം ഉപയോഗിച്ചായിരുന്നു ആരംഭം. 15 ബെഡ്ഡുകളുമായി തുടങ്ങിയ സംരംഭം ഇപ്പോൾ 90 ലധികം മഷ്‌റൂം ബെഡ്ഡുകളുള്ള യൂണിറ്റായി വളർന്നിരിക്കുന്നു. ബെഡ്ഡ് ഒരുക്കൽ, വിത്തുനിക്ഷേപം, പരിചരണം, വിളവെടുപ്പ്, പാക്കിങ്, വിപണനം തുടങ്ങി കൂൺ കൃഷിയുടെ ഓരോ ഘട്ടവും നിയന്ത്രിക്കുന്നത് വിദ്യാർഥികൾ തന്നെയാണ്.

എച്ച്‌യു സ്ട്രെയ്ൻ വിഭാഗത്തിലെ ചിപ്പിക്കൂണും പിങ്ക് ഓയിസ്റ്റർ കൂണുമാണ് കൃഷി ചെയ്യുന്നത്. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ അഗ്രി ബിസിനസ്‌ ഇൻക്യൂബേഷൻ സെന്ററാണ് വിത്തുകൾ നൽകുന്നത്. കഴിഞ്ഞ മാർച്ചിൽ 15 കിലോയിലധികം കൂണുകൾ വിദ്യാർഥികൾ വിപണിയിലെത്തിച്ചു. നൂറ് ഗ്രാമിന് നാൽപ്പത് രൂപയാണ് വില. ലാഭ വിഹിതം വിദ്യാർഥികൾ പങ്കിട്ടെടുക്കും. വരും വർഷങ്ങളിൽ കൃഷി കൂടുതൽ വിപുലമാക്കാനുള്ള ശ്രമത്തിലാണ് കോളേജ് മാനേജ്മെന്റ്.

നിലവിൽ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ നിന്നും വാങ്ങുന്ന കൂൺ വിത്തുകൾ സ്വന്തമായി ഉൽപ്പാദിപ്പിക്കാനുള്ള ശ്രമവും വിദ്യാർഥികൾ ആരംഭിച്ചു കഴിഞ്ഞു. ‘ദേവ്ഷ്റൂം’ ബ്രാൻഡ് ആയി ഇറക്കാനുള്ള ഭക്ഷ്യ സുരക്ഷാ വിഭാഗം ലൈസൻസും കോളേജിന് ലഭിച്ചിട്ടുണ്ട്. ഇവിടെ പഠനം മാത്രമല്ല, കൃഷിയും സെറ്റാണ് എന്ന് തെളിയിക്കുകയാണ് ഈ വിദ്യാർഥികൾ.

SCROLL FOR NEXT