LIFE

സൂര്യോദയവും സൂര്യാസ്തമയവും കാണുന്നത് മാനസികാരോഗ്യത്തിന് നല്ലത്! പഠനങ്ങൾ പറയുന്നത് ഇങ്ങനെ..

നെഗറ്റീവ് ചിന്തകളിൽ കുടുങ്ങുമ്പോൾ ഇത്തരം പ്രകൃതി ദൃശ്യങ്ങൾ ഒരു ‘റീസെറ്റ് ബട്ടൺ’ പോലെ പ്രവർത്തിക്കുമെന്നുമാണ് പഠനങ്ങൾ പറയുന്നത്

Author : ന്യൂസ് ഡെസ്ക്

എല്ലാകാലത്തും മാനസികാരോ​ഗ്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആഗോള തലത്തിൽ ജനങ്ങളുടെ മാനസികാരോഗ്യം പ്രതിസന്ധിയിലാണെന്ന കണക്കുകളാണ് കുറച്ച് നാളുകളായി പുറത്ത് വരുന്നത്. സമ്മർദം, ഉത്കണ്ഠ തുടങ്ങിയ മാനസികമായ ബുദ്ധിമുച്ചുകൾ മാറ്റാൻ പല വഴുകളും രീതികളും ഇന്ന് നമ്മൾ സ്വീകരിക്കാറുണ്ട്. അത്തരത്തിൽ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അത്യാവശ്യമായ ഒരു പ്രക്രിയയാണ് സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും കണ്ട് ആസ്വദിക്കുന്നത്. ഇത് മനുഷ്യന് അത്യാവശ്യമായ ഒരു പ്രക്രിയയാണെന്നാണ് വിദ​ഗ്ധർ പറയുന്നത്.

തിരക്കേറിയ ജീവിതത്തിനിടയിൽ പലപ്പോഴും നാം അവഗണിക്കുന്ന ഈ ‘സുവർണ നിമിഷങ്ങൾ’ നമ്മുടെ തലച്ചോറിനെയും ശരീരത്തെയും പോസിറ്റീവായി സ്വാധീനിക്കാൻ കഴിവുള്ളവയാണ്. വിസ്മയകരമായ കാഴ്ചകൾ കാണുമ്പോൾ നമ്മുടെ മനസിലുണ്ടാകുന്ന അത്ഭുതം, വ്യക്തിപരമായ സമ്മർദങ്ങളും ഉത്കണ്ഠകളും കുറയ്ക്കാൻ സഹായിക്കുന്നു. സൂര്യാസ്തമയം പോലുള്ള വിസ്മയകരമായ കാഴ്ചകൾക്ക് നമ്മുടെ ശ്രദ്ധയെ വർത്തമാനകാലത്തേക്ക് തിരികെ കൊണ്ടുവരാൻ കഴിയും. നെഗറ്റീവ് ചിന്തകളിൽ കുടുങ്ങുമ്പോൾ ഇത്തരം പ്രകൃതി ദൃശ്യങ്ങൾ ഒരു ‘റീസെറ്റ് ബട്ടൺ’ പോലെ പ്രവർത്തിക്കുമെന്നുമാണ് വിദ​ഗ്ധർ പറയുന്നത്.

തലച്ചോറിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിലും ഈ നിമിഷങ്ങൾക്ക് പങ്കുണ്ട്. വിസ്മയകരമായ കാഴ്ചകൾ കാണുന്നത് ഓർമശക്തിയും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും വർധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സാങ്കേതികവിദ്യയുടെ അതിപ്രസരം മൂലം ശ്രദ്ധ ചിതറിപ്പോകുന്ന ഇന്നത്തെ കാലത്ത്, പ്രകൃതിയുടെ ഇത്തരം അത്ഭുതങ്ങൾ നമ്മെ കൂടുതൽ ഏകാഗ്രതയുള്ളവരാക്കുന്നു. ഓരോ ദിവസവും ഇത്തരം നിമിഷങ്ങൾക്കായി സമയം കണ്ടെത്തുന്നത് മാനസിക സമ്മർദം കുറയ്ക്കാനും ജീവിതത്തിൽ കൂടുതൽ ലക്ഷ്യബോധം ഉണ്ടാക്കാനും സഹായിക്കും.

നമ്മുടെ ഉറക്കത്തെ ക്രമീകരിക്കുന്നതിൽ സൂര്യപ്രകാശത്തിന് വലിയ പങ്കുണ്ട്. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെയുള്ള പ്രകാശത്തിലെ മാറ്റങ്ങൾ നമ്മുടെ ശരീരത്തിന്റെ ‘സിർക്കാഡിയൻ താളത്തെ’ നിയന്ത്രിക്കുന്നു. സൂര്യാസ്തമയ സമയത്തെ മൃദുവായ വെളിച്ചം ശരീരത്തിന് വിശ്രമിക്കാനുള്ള സന്ദേശം നൽകുന്നു, ഇത് മെലറ്റോണിൻ ഉത്പാദനം വർധിപ്പിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ചുരുക്കത്തിൽ, സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും വെറുമൊരു പ്രകൃതി പ്രതിഭാസമല്ല, മറിച്ച് നമ്മുടെ ആന്തരിക ഘടികാരത്തെ സന്തുലിതമാക്കുന്ന പ്രകൃതിദത്തമായ മരുന്നാണ്. നിങ്ങളുടെ ഷെഡ്യൂളിൽ ഇതിനായി കുറച്ചു സമയം മാറ്റിവെക്കുന്നത് ആരോഗ്യത്തിനും സമാധാനത്തിനും വലിയ ഗുണം ചെയ്യും.

SCROLL FOR NEXT