മഞ്ഞുകാലത്ത് മാത്രമല്ല മഞ്ഞുരുകുമ്പോഴും ഫുൾ പവറിലാണ് ധ്രുവക്കരടികൾ. രണ്ടുപതിറ്റാണ്ടിനിടെ ആർട്ടിക് മേഖലയിൽ മഞ്ഞുപാളികൾ ചുരുങ്ങിയെങ്കിലും സ്വാൽബാർഡ് ദ്വീപസമൂഹത്തിന് ചുറ്റുമുള്ള ധ്രുവക്കരടികളുടെ ശരീരഭാരം വർധിച്ചതായാണ് പുതിയ പഠനം.1992 നും 2019 നും ഇടയിൽ സ്വാൽബാർഡിൽ നിന്നുള്ള 770 ധ്രുവക്കരടികളെ വിശകലനം ചെയ്ത ഗവേഷകരുടെ പഠനറിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നോർവെയിൽ ഇക്കുറിയും മഞ്ഞ് വീഴ്ച കുറവായിരുന്നു, ആവശ്യത്തിന് മഞ്ഞുപാളികളില്ലാത്തത് ഹിമകരടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് കരുതിയതെങ്കിലും സ്ഥിതി വ്യത്യസ്തമാണ്. മഞ്ഞ് കുറവാണെങ്കിലും ധ്രുവക്കരടികൾ ആരോഗ്യവാന്മാരാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കരടിയുടെ ശാരീരികാവസ്ഥ മെച്ചപ്പെട്ടതായും, കൊഴുപ്പിൻ്റെ അളവ് വർധിച്ചതായും ഗവേഷണത്തിൽ കണ്ടെത്തി.
1992 ലും 2019 ലും ഈ പ്രദേശത്ത് നിന്നും പിടികൂടിയ 780 ഓളം കരടികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മനുഷ്യർ അമിതമായി വേട്ടയാടിയിരുന്ന റെയിൻഡിയർ, വാൽറസ് തുടങ്ങിയ ജീവികളുടെ എണ്ണം വർധിച്ചതോടെ ആവശ്യമായ ഭക്ഷണം ലഭിക്കുന്നതും, മഞ്ഞുപാളികൾ ചുരുങ്ങിയതോടെ സീൽ പക്ഷികളെ സുലഭമായി വേട്ടയാടാൻ കഴിയുന്നതുമാണ് ഈ ആരോഗ്യപരമായ നിലനിൽപ്പിന് കാരണമെന്നാണ് പഠനറിപ്പോർട്ട്.
ഈ മാറ്റം നല്ലതാണെങ്കിലും മഞ്ഞുപാളികൾ ഇനിയും കുറയുന്നത് കരടികൾക്ക് ദോഷകരമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വേട്ടയാടലിനായി കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നത് ധ്രുവക്കരടികളുടെ ആരോഗ്യസ്ഥിതിയെ ബാധിച്ചേക്കാം. ഇങ്ങനെ യാത്ര ചെയ്യുമ്പോൾ കരടികളെ വീണ്ടും മെലിഞ്ഞു തുടങ്ങുമെന്നാണ് ഗവേഷകർ പറയുന്നത്.