Source: Freepik
LIFE

കാക്കക്കുളി പോര കേട്ടോ, രോഗം പിറകേ വരും,  ഈ ഭാഗങ്ങൾ വൃത്തിയായില്ലെങ്കിൽ

ചുമ്മാ ഒന്ന് നനഞ്ഞ് കുളിച്ചെന്ന് വരുത്തുന്ന കാക്കക്കുളി പക്ഷെ ആരോഗ്യത്തിന് അത്ര നല്ലതല്ല.

Author : ന്യൂസ് ഡെസ്ക്

വ്യക്തി ശുചിത്വത്തിന്റെ ഭാഗാണ് കുളി. ശരീരം വൃത്തിയായി സൂക്ഷിക്കുന്നതാണ് ആരോഗ്യത്തിനും ഉന്മേഷത്തിനും നല്ലത്. ദിവസവും രണ്ടു നേരവും കുളിച്ചാൽ അത്രയും നല്ലതെന്നാണ് പറയുക. എന്നാൽ കുളി എന്ന് പറഞ്ഞാൽ അത്ര താൽപര്യമില്ലാത്ത വിരുതരും ഉണ്ട്. ഇടവിട്ട ദിവസങ്ങളിൽ കുളിക്കുക. പലദിവസം കൂടുമ്പോൾ കുളിക്കുക, പരമാവധി കുളിക്കാതിരിക്കുക. ഇനി കുളിച്ചാലേ പറ്റൂ എന്നാണെങ്കിൽ രണ്ടു മിനിറ്റിൽ കാക്കക്കുളി നടത്തുക ഇങ്ങനെ പലതരത്തിലാണ് കുളികൾ.

ചുമ്മാ ഒന്ന് നനഞ്ഞ് കുളിച്ചെന്ന് വരുത്തുന്ന കാക്കക്കുളി പക്ഷെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ശരീരം നന്നായി വൃത്തിയാക്കണം. പ്രത്യേകിച്ചു ശരീരത്തിലെ ചില ഭാഗങ്ങൾ വൃത്തിയാക്കിയെന്ന് ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് കാത്തിരിക്കുന്നത്. കാൽവിരലുകൾ, പൊക്കിൾ, ചെവി മടക്കുകളുടെ പിറകിലുള്ള ഭാഗം എന്നിവ വൃത്തിയാക്കിയില്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കും.

ശരീരത്തിൽ വളരെ വേഗത്തിൽ അഴുക്കുകൾ നിറഞ്ഞ് അണുബാധ ഉണ്ടാവാൻ സാധ്യതയുള്ള ഭാഗങ്ങളാണിവ. ഇവിടങ്ങളിൽ എണ്ണമയവും ഈർപ്പവും തങ്ങിനിൽക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഈ ഭാഗങ്ങള്‍ വൃത്തിയാക്കിയില്ലെങ്കില്‍ ഇവിടെ സൂക്ഷ്മാണുക്കളുടെ സാന്നിധ്യമുണ്ടാവും. ഇത് ചർമത്തെയും സാരമായി ബാധിക്കുകയും ചെയ്യും.

ഇത് നിസാരമായി കാണരുതെന്നും ഗുരുതര രോഗങ്ങൾക്കുള്ള സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്. അതുകൊണ്ട് ഇനി കുളിക്കുമ്പോൾ ശരീരം നന്നായി വൃത്തിയായി എന്ന് ഉറപ്പുവരുത്തണം. മാത്രമല്ല നമ്മുടെ ശരീരത്തിലെ ഈ മൂന്ന് ഭാഗങ്ങൾ വൃത്തിയാക്കിയ ശേഷമേ ബാത്റൂമിന് പുറത്തിറങ്ങാന്‍ പാടുള്ളു.

SCROLL FOR NEXT