ഇന്ന് അന്താരാഷ്ട്ര യോഗാദിനം.യോഗയുടെ ആരോഗ്യ നേട്ടങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ആളുകളെ ബോധവൽക്കരിക്കുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. 'ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ' എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനാചരണത്തിൻ്റെ പ്രമേയം. ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഇന്ന് 191 രാജ്യങ്ങളിലാണ് യോഗാ ദിനാചരണം സംഘടിപ്പിക്കുന്നത്.
അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി നടക്കുന്ന യോഗാസംഗമം പ്രധാനമന്ത്രി നരേന്ദ്ര മോദി വിശാഖപ്പട്ടണത്ത് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഒരു ലക്ഷത്തിലധികം കേന്ദ്രങ്ങളിൽ ഇന്ന് യോഗാഭ്യാസപരിപാടികൾ നടക്കും. ഇന്ത്യയുടെ ആഭിമുഖ്യത്തിൽ 191 രാജ്യങ്ങളിൽ യോഗാ ദിനാചരണം നടക്കും.
വിശാഖപട്ടണത്തെ രാമകൃഷ്ണ ബീച്ച് മുതൽ ഭോഗപുരം വരെയുള്ള 26 കിലോമീറ്റർ ദൂരത്തിലാണ് മെഗാ പരിപാടി നടക്കുന്നത്. ഏകദേശം അഞ്ച് ലക്ഷം പേരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്തുടനീളം രണ്ട് കോടിയിലധികം ആളുകൾ യോഗ പരിപാടികളിൽ പങ്കെടുക്കുമെന്ന് ആന്ധ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചു.
യോഗ ലോകത്തെ മുഴുവൻ ഒന്നിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ദിന പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. യോഗ മനുഷ്യരെ ബന്ധിപ്പിക്കുന്നു. സംഘർഷഭരിതമായ ലോകത്ത് സമാധാനം കൊണ്ടുവരാൻ യോഗക്ക് സാധിക്കുമെന്നും മോദി പ്രതികരിച്ചു.
യോഗാദിനത്തോട് അനുബന്ധിച്ച് രാജ്യത്തെങ്ങും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. യോഗയുടെ ഭാഗമായി കേന്ദ്രമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പരിപാടികളിൽ പങ്കെടുക്കും. സംസ്ഥാനത്തും യോഗ ദിനാചരണം സംഘടിപ്പിക്കും.
അഹമ്മദാബാദിനടുത്തുള്ള പ്രശസ്തമായ അദലാജ് വാവ് പടിക്കിണറിൽ നടക്കുന്ന യോഗ പരിപാടിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്നുത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ജമ്മു കശ്മീരിലെ ഉധംപൂരിലാണ് യോഗാദിന പരിപാടിയിൽ പങ്കെടുക്കുന്നത്. യോഗാ ദിനത്തിൻ്റെ ഭാഗമാകാൻ കേന്ദ്രമന്ത്രി സുരേഷ്ഗോപി കൊച്ചി ബോൾഗാട്ടി പാലസിൽ എത്തി.
മോഹൻലാലിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിന് യോഗാ ദിനമായ ഇന്ന് തുടക്കം കുറിക്കും. ഒരു വർഷം നീളുന്ന ബി എ ഹീറോ പരിപാടിയാണ് സംഘടിപ്പിക്കുന്നത്. മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷൻ ആണ് പരിപാടിയുടെ സംഘാടകർ.
2014 സെപ്റ്റംബര്‍ 27-ന് ഐക്യരാഷ്ട്രസഭയുടെ 69-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 'അന്താരാഷ്ട്ര യോഗ ദിനം' എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. ഡിസംബര്‍ 11-ന് ലോക രാഷ്ട്രങ്ങളുടെ അംഗീകാരത്തോടെ ഐക്യരാഷ്ട്രസഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചു. 2015-ലാണ് ആദ്യമായി അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചത്. കഴിഞ്ഞ വർഷം ലോകവ്യാപകമായി 24.53 കോടി ആളുകളാണ് യോഗ ദിനാചരണത്തിൽ പങ്കുചേര്‍ന്നത്.