എല്ലാ പച്ചക്കറികളും ഫ്രിഡ്ജിൽ വയ്ക്കരുതേ; കേടാകുമെന്ന് മാത്രമല്ല പണിയും കിട്ടും!

അങ്ങനൊരു മാജിക് ബോക്സാണോ ഫ്രിഡ്ജ് എന്നു ചോദിച്ചാൽ അല്ലേയല്ല എന്നുമാത്രമല്ല ഒരു കാരണവശാലും ഫ്രിഡ്ജിൽ സൂക്ഷിക്കരുതാത്ത പല സാധനങ്ങളും ഉണ്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം Source; Meta AI
Published on

വീട്ടിൽ ഒരു റഫ്രിജറേറ്റർ ഉണ്ടെങ്കിൽ അതിലും വല്യ ആശ്വാസം ഇല്ലെന്നാണ് പലരുടേയും കരുതൽ. എല്ലാം കേടാകാതിരിക്കാൻണ ഫ്രിഡ്ജിൽ വച്ചാൽ മതിയെന്ന് വിചാരിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. അത്യാവശ്യം പച്ചക്കറിയോ പഴങ്ങളോ പാലോ , ഫ്രീസ് ചെയ്യേണ്ട സാധനങ്ങളോ വയ്ക്കാനെന്ന് കരുതിയാലും സാധാരണ വീടുകളിൽ ഉപ്പു മുതൽ കർപ്പൂരം വരെ ഫ്രിഡ്ജിൽ ഉണ്ടാകുമെന്നാണ് പരാതി.

പുറത്തുള്ള പ്രാണികളെയും പാറ്റകളേയും പേടി. അധികം വരുന്ന ഭക്ഷണം കളയാതിരിക്കാനുള്ള വഴി. ദിനംപ്രതി പാചകം ചെയ്യാതെ ഇരിക്കുവാനുള്ള എളുപ്പവഴി, പച്ചക്കറികളും മറ്റും കേടാകാതിരിക്കാനുള്ള മാർഗം. തണുത്തിരുന്നാൽ ഫ്രഷായിരിക്കുമെന്ന വിശ്വാസം ഫ്രിഡ്ജിനെ വീടുകൾക്ക് പ്രിയപ്പെട്ടതാക്കുന്ന കാരണങ്ങൾ നിരവധിയാണ്.

പക്ഷെ അങ്ങനൊരു മാജിക് ബോക്സാണോ ഫ്രിഡ്ജ് എന്നു ചോദിച്ചാൽ ഒന്ന് ചിന്തിക്കണം. അല്ലേയല്ല എന്നുമാത്രമല്ല ഒരു കാരണവശാലും ഫ്രിർ്ജിൽ സൂക്ഷിക്കരുതാത്ത പല സാധനങ്ങളും ഉണ്ട്. നിത്യജീവിതത്തിൽ പാചകത്തിനുപയോഗിക്കുന്ന പല വസ്തുക്കളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനീകരമാണ്.

പ്രതീകാത്മക ചിത്രം
ജോലിത്തിരക്കിനിടയിലും ആസ്വദിച്ച് കഴിച്ചോളൂ; ഈ ലഘുഭക്ഷണങ്ങൾ സൂപ്പറാണ്!

ഉദാഹരണത്തിന് ഉരുളക്കിഴങ്ങ്. ഏറെ നേരം തണുത്ത താപനിലയില്‍ ഉരുളക്കിഴങ്ങ് സൂക്ഷിച്ചാല്‍ അതിലടങ്ങിയിരിക്കുന്ന അന്നജം സൊലാനൈന്‍ ആയി മാറും. ഇത് ഭക്ഷ്യവിഷബാധയ്ക്കുവരെ കാരണമാകും. അതുപോലെ തന്നെ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഉരുളക്കിഴങ്ങ് മധുരിച്ച് പോകും. അത്തരത്തിലുള്ള ഉരുളക്കിഴങ്ങ് ഭക്ഷിച്ചാൽ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

അതുപോലെ തന്നെ സവാളയും തണുപ്പിച്ച് സൂക്ഷിക്കേണ്ട ഒന്നല്ല.തണുത്ത താപനിലയിൽ സവാളയുടെ ഫ്രഷ്നസ് ഇല്ലാതാകും. പൂപ്പൽ പോലുള്ളവ ഭാദിക്കുവാനും കാരണമാകും. വായുസഞ്ചാരമുള്ള പ്രതലത്തില്‍ സവാള സൂക്ഷിക്കുന്നതാണ് നല്ലത്. ഇനി പാചകത്തിന് ഉപയോഗിച്ച് ബാക്കിയായ സവാള ഫ്രിഡ്ജിൽ സൂക്ഷിക്കുന്നെങ്കിൽ എയര്‍ടൈറ്റായ ഒരു കണ്ടെയ്‌നറില്‍ അടച്ച് സൂക്ഷിക്കേണ്ടതാണ്.

സവാള പോലെതന്നെ വെളുത്തുള്ളിയും വായുസഞ്ചാരമുള്ള പ്രതലത്തിലാണ് സൂക്ഷിക്കേണ്ടത്. റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നത് പൂപ്പല്‍ ബാധയ്ക്ക് കാരണമാകും. തന്നെയുമല്ല വെളുത്തുള്ളി മുളവരാനും റബര്‍ പോലെയാകാനും കാരണമായേക്കും. അത് പാചകത്തിനുപയോഗിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. എന്നാൽ വെളുത്തുള്ളി തൊലി കളഞ്ഞ് എയര്‍ടൈറ്റായ കണ്ടെയ്‌നറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിൽ പ്രശ്നമില്ല.

ഇഞ്ചിയും ഇത്തരത്തിൽ തണുപ്പിൽ സൂക്ഷിച്ചാൽ പൂപ്പൽ ബാധിക്കാവുന്നതാണ്. അത് പാചകത്തിനുപയോഗിച്ചാൽ കിഡ്‌നി, കരള്‍ എന്നിവയെ ബാധിക്കും. ആവശ്യമെങ്കിൽ പേപ്പര്‍ ടവലുകളില്‍ മുറുക്കി പൊതിഞ്ഞ് ഇഞ്ചി ഫ്രിഡ്ജിൽ സൂക്ഷിക്കാം. അല്ലെങ്കില്‍ ഫ്രീസ് ചെയ്തും ഉപയോഗിക്കാം. ക്യാരറ്റ്, കുക്കുമ്പർ തുടങ്ങിയവയെല്ലാം പേപ്പർ ടവലുകളിൽ പൊതിഞ്ഞോ കണ്ടെയ്നറുകളിൽ അടച്ചോ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കൂടുതൽ കാലം കേടാകാതിരിക്കാൻ സഹായിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com