നമുക്ക് കംഫേർട്ട് സോണായി തോന്നുന്നവരോട്, നമ്മുടെ പേഴ്സണൽ കാര്യങ്ങൾ പങ്കുവയ്ക്കുമ്പോൾ പെട്ടെന്ന് അത് മറന്നുപോകുന്നവരാണോ നിങ്ങൾ...
കുറേ കാലങ്ങൾ കൂടി കാണുന്ന ഫ്രണ്ടിനോട് പറയാനുള്ള കാര്യങ്ങൾ കണക്കുകൂട്ടി വയ്ക്കുകയും, എന്നാൽ നേരിൽ കാണുമ്പോൾ, പറയാൻ വന്ന കാര്യങ്ങൾ മറന്നുപോകുകയോ ചെയ്യാറുണ്ടോ.. എന്നാൽ നിങ്ങൾ കടന്നുപോകുന്നത് മൈൻഡ് വാണ്ടറിങ് എന്ന അവസ്ഥയിലൂടെയാണ്.
ഇതിപ്പോ പേഴ്സണൽ കാര്യങ്ങളിൽ മാത്രമല്ല കേട്ടോ, പബ്ലിക് സ്പേസുകളിലോ, എന്തെങ്കിലും മീറ്റിങ്ങുകളിൽ പങ്കെടുക്കുമ്പോഴോ ഈ അവസ്ഥയിലൂടെ കടന്നപോയേക്കാം. ചില സമയത്ത് കുറ്റപ്പെടുത്തലുകളും, കളിയാക്കലുകളും നേരിടേണ്ടിയും വന്നേക്കാം, ചിലപ്പോൾ അതിലും വലിയ നടപടികളും ഉണ്ടാകാം. അത് നമ്മളെ കൂടുതൽ സമ്മർദത്തിലാക്കയും ചെയ്തേക്കാം.
എന്നാൽ ഇതിൽ കുറ്റബോധം വിചാരിക്കാൻ ഇല്ലെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. സംസാരിച്ച് കൊണ്ട് ഇരിക്കുമ്പോൾ പെട്ടെന്ന് കാര്യങ്ങൾ മറന്നുപോകുന്നതിനെ കുറിച്ച് ഇനി മുതൽ ആശങ്കപ്പെടേണ്ടതില്ല. അതിൽ അസ്വഭാവികതയൊന്നും കരുതേണ്ടതില്ല. സിസ്റ്റം റീബൂട്ട് ചെയ്യും പോലെ, തലച്ചോറിനെ ഒന്ന് റിഫ്രഷ് ചെയ്യുന്നതായി കണ്ടാൽ മതി.
ചിന്തകൾ ഒന്നിന് പിറകേ ഒന്നായി വരുമ്പോൾ തലച്ചോർ ചെയ്യുന്ന ചെറിയൊരു റിഫ്രഷ്മെൻ്റ് പ്രക്രിയ മാത്രമാണിത്. ഇത് കഴിഞ്ഞ് ഉണ്ടാകുന്ന ചിന്തകൾക്കും പ്രവൃത്തികൾക്കും ഒരു ഫ്രഷ്നെസ് ഉണ്ടാകുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. തലച്ചോറിൻ്റെ ആരോഗ്യം സംരക്ഷിക്കാൻ മൈൻഡ് വാണ്ടറിങ് സഹായകമാണെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ദി ജേണൽ ഓഫ് ന്യൂറോ സയൻസിൽ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ചില ബ്രേക്കുകൾ നല്ലതാണ്. ചിന്തകൾ കൂടി ആശങ്കപ്പെടുന്നതിന് പകരം മൈൻഡ് ആകെ ഒന്ന് കറങ്ങിതിരിഞ്ഞ് വരുമ്പോഴെക്കും പുതിയ കാര്യങ്ങൾ ആലോചിക്കാനുള്ള ടൈമും സ്പേസും ലഭിക്കുന്നു. ഇത് ചെയ്യാനുള്ള ജോലികളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന് സഹായകരമാകുമെന്ന് പഠനത്തിൽ പറയുന്നു. അതുകൊണ്ട് തന്നെ മൈൻഡ് വാണ്ടറിങ് നല്ലൊരു ബ്രേക്കാണ് എന്നതിലേക്കാണ് പഠനങ്ങൾ വിരൽചൂണ്ടുന്നത്.