ബ്രേക്കപ്പിനെ കുറിച്ച് നേരിട്ട് പറയാതെ ബന്ധത്തിൽ നിന്നും ഒഴിഞ്ഞുമാറുന്ന രീതിയാണ് സോഫ്റ്റ് ഡംപിങ് source: Freepik
LIFE

മെസേജിനും ഫോൺകോളിനും കാത്തിരുന്ന് മടുക്കും; റിലേഷൻഷിപ്പിലെ വില്ലൻ ട്രെൻഡ് സോഫ്റ്റ് ഡംപിങ്!

ബന്ധം അവസാനിപ്പിക്കാൻ മുൻകൈ എടുക്കുന്നതിലൂടെ 'മോശം വ്യക്തി'യായി കാണപ്പെടുമെന്ന ഭയം മൂലമാണ് ആളുകൾ സോഫ്റ്റ് ഡംപിങ് തിരഞ്ഞെടുക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഇരുവശത്ത് നിന്നും ഒരുപോലെ പ്രയത്നങ്ങളുണ്ടായില്ലെങ്കിൽ ബന്ധങ്ങൾ വളരെ പെട്ടെന്ന് തകർന്നുപോയേക്കാം. പ്രത്യേകിച്ച് പ്രണയബന്ധങ്ങൾ. പ്രത്യക്ഷത്തിൽ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും നിങ്ങളുടെ ബന്ധം തകർച്ചയുടെ വക്കിലാണെന്ന് തോന്നാറുണ്ടോ? ഇതിനെക്കുറിച്ച് സംസാരിക്കുമ്പോഴും ഒരു പ്രശ്നവുമില്ലെന്നും എല്ലാം തോന്നലാണെന്നുമാണോ പങ്കാളിയുടെ മറുപടി, എങ്കിൽ ഒന്നു കരുതിയിരുന്നോളൂ നിങ്ങളുടെ പങ്കാളി ചിലപ്പോൾ 'സോഫ്റ്റ് ഡംപ്' ചെയ്യുകയായിരിക്കും.

മെസേജുകൾക്ക് പണ്ട് സെക്കൻ്റുകൾക്കുള്ളിൽ മറുപടി കിട്ടിയിരുന്നെങ്കിൽ ഇന്ന് മണിക്കൂറുകൾ കാത്തിരുന്ന് കിട്ടുന്നത് ഒരു മടുപ്പൻ ടെക്സ്റ്റ് മാത്രം. ആഴ്ചയിൽ മൂന്ന് തവണ കണ്ടിരുന്ന നിങ്ങൾ ഇപ്പോൾ ജോലിതിരക്ക് മൂലം കാണാറേയില്ല. മണിക്കൂറുകൾ നീണ്ട ഫോൺ സംഭാഷണമോ ഇപ്പോ ദാ മിനുറ്റകളിലേക്ക് ചുരുങ്ങി. ഇങ്ങനെയൊക്കെയാണ് നിങ്ങളുടെ ബന്ധത്തിൻ്റെ പോക്കെങ്കിൽ ഒന്ന് സൂക്ഷിക്കുന്നത് നല്ലതായാരിക്കുമെന്നാണ് പുതിയ ട്രെൻഡ് പറയുന്നത്.

എന്താണ് സോഫ്റ്റ് ഡംപിങ്?

വളരെ ചുരുക്കി പറയുകാണെങ്കിൽ ബ്രേക്കപ്പിനെ കുറിച്ച് നേരിട്ട് പറയാതെ ബന്ധത്തിൽ നിന്നും ഒഴിഞ്ഞുമാറുന്ന രീതിയാണ് സോഫ്റ്റ് ഡംപിങ്. കൃത്യമായി സംസാരിച്ച് ബന്ധം അവസാനിപ്പിക്കുന്നതിന് പകരം പെരുമാറ്റത്തിൽ വരുത്തുന്ന ചെറിയ ചെറിയ മാറ്റങ്ങളിലൂടെ അകൽച്ച സ്ഥാപിക്കലാണ് സോഫ്റ്റ് ഡംപിങ്ങിലെ ആദ്യ സ്റ്റെപ്പ്.

ഇതുവഴി ബന്ധത്തിനോടുള്ള താൽപര്യം കുറഞ്ഞെന്ന് മറുപുറത്തുള്ള ആൾക്ക് സൂചന ലഭിക്കുമെന്നാണ് സോഫ്റ്റ് ഡംപ് ചെയ്യുന്നവരുടെ പ്രതീക്ഷ. ബന്ധം അവസാനിപ്പിക്കാൻ മുൻകൈ എടുക്കുന്നതിലൂടെ 'മോശം വ്യക്തി'യായി കാണപ്പെടുമെന്ന ഭയം മൂലമാണ് ആളുകൾ സോഫ്റ്റ് ഡംപിങ് തിരഞ്ഞെടുക്കുന്നത്. പെരുമാറ്റത്തിലെ മാറ്റം കണക്കിലെടുത്ത് പങ്കാളി തന്നെ ബന്ധത്തിൽ നിന്നും പിൻമാറിയേക്കാമെന്ന പ്രതീക്ഷയും ഇക്കൂട്ടർക്കുണ്ട്.

ബന്ധം അവസാനിപ്പിക്കുമ്പോൾ ഉണ്ടാകുന്ന കുറ്റബോധം ഒഴിവാക്കാനുള്ള മാർഗമാണ് ചിലരെ സംബന്ധിച്ചിടത്തോളം സോഫ്റ്റ് ഡംപിങ്

ബന്ധം അവസാനിപ്പിക്കുമ്പോൾ ഉണ്ടാകുന്ന കുറ്റബോധമോ വേദനയോ ഒഴിവാക്കാനുള്ള ഒരു മാർഗമാണ് ചിലരെ സംബന്ധിച്ചിടത്തോളം സോഫ്റ്റ് ഡംപിങ്. ബന്ധം തുടരണോ എന്ന ആശയക്കുഴപ്പത്തിൽ കഴിയുന്നവരും സോഫ്റ്റ് ഡംപ് ചെയ്യാറുണ്ട്. ബന്ധത്തിൽ നിന്നും പെട്ടെന്ന് അപ്രത്യക്ഷമാകുന്ന ഗോസ്റ്റിങ് പോലെ തന്നെയാണ് സോഫ്റ്റ് ഡംപിങ്ങെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. എന്നാൽ ഗോസ്റ്റിങ്ങിനേക്കാൾ ആശയക്കുഴപ്പങ്ങളുണ്ടാക്കാൻ സോഫ്റ്റ് ഡംപിങ്ങിന് കഴിയും.

വൈകാരിക അകലം ബന്ധത്തിൽ വ്യക്തമായി പ്രതിഫലിക്കുമെങ്കിലും, എല്ലാം ഒക്കെ ആണല്ലോ എന്നാകും നിങ്ങളുടെ ചോദ്യത്തിന് സോഫ്റ്റ് ഡംപ് ചെയ്യുന്നവർ നൽകുന്ന ഉത്തരം. ഇത് നിങ്ങൾക്ക് നൽകുന്ന മാനസികാഘാതവും വളരെ വലുതായാരിക്കും. മുന്നോട്ട് പോകും തോറും "ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ" എന്ന ചോദ്യത്തിലായിരിക്കും സോഫ്റ്റ് ഡംപ് ചെയ്യപ്പെടുന്നവർ എത്തിനിൽക്കുക.

നിങ്ങൾ സോഫ്റ്റ് ഡംപ് ചെയ്യുപ്പെടുകയാണെന്ന പേടിയിലാണോ? ഒന്ന് ശ്രദ്ധിച്ചോളൂ ഇതാണ് ലക്ഷണങ്ങൾ:

  • ആദ്യ ലക്ഷണം ടെക്സ്റ്റ് മെസേജുകളിൽ തന്നെയാണ് കാണുക. പണ്ട് സെക്കൻ്റുകൾക്കുള്ളിൽ മറുപടി ലഭിച്ചിരുന്നെങ്കിൽ, ഇന്ന് നിങ്ങൾക്ക് മണിക്കൂറുകൾ ഒരു റിപ്ലൈക്കായി കാത്തിരിക്കേണ്ടി വന്നേക്കും.

  • ഡ്രൈ ടെക്സ്റ്റുകളാകും പലപ്പോഴും ലഭിക്കുക. 'Ok, Hmm, Mmm' തുടങ്ങി എത്രയും പെട്ടെന്ന് ചാറ്റ് അവസാനിപ്പിക്കാൻ അവർ ശ്രമിക്കും. ചുരുക്കി പറഞ്ഞാൽ നിങ്ങൾ അർഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടുന്നത് കുറയും.

  • ബന്ധത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഗൗരവമായി സംസാരിക്കാൻ ശ്രമിക്കുമ്പോഴെല്ലാം പങ്കാളി ഒഴിഞ്ഞുമാറിയേക്കും. ബന്ധം നിലനിർത്തുക എന്നത് നിങ്ങൾക്ക് മാത്രം ആവശ്യമുള്ള കാര്യമായി തോന്നിയേക്കും.

  • നിങ്ങള്‍ക്കൊപ്പമുണ്ടെങ്കിൽ പോലും നിങ്ങളെ ശ്രദ്ധിക്കാൻ അവർ മറക്കും. മറ്റുപല കാര്യങ്ങളിലുമാകും പങ്കാളിയുടെ ശ്രദ്ധ.

  • വ്യക്തപരമായതും വേദനിപ്പിക്കുന്നതുമായ പരാമർശങ്ങളും പ്രകോപിപ്പിക്കുന്ന പ്രതികരണങ്ങളും നല്‍കിയേക്കാം

സോഫ്റ്റ് ഡംപ് ചെയ്യപ്പെട്ടാൽ എന്തു ചെയ്യണം?

ലക്ഷണങ്ങളെല്ലാം കാണുന്നുണ്ടെന്നാണെങ്കിലും ഭയം വേണ്ട ജാഗ്രത മതിയെന്നാണ് മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്. ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ബന്ധം തകർന്നുകൊണ്ടിരിക്കുകയാണെന്ന കാര്യം സ്വയം അംഗീകരിക്കുക എന്നതാണ്. നിങ്ങളുടെ പങ്കാളി ഒഴിവാക്കാൻ ശ്രമിക്കുന്നതെന്താണോ അത് ആരംഭിക്കുക എന്നതാണ് അടുത്ത സ്റ്റെപ്പ്. അതെ, അവരോട് തുറന്ന് സംസാരിക്കുക.

ബന്ധത്തിൽ താൽപ്പര്യമുണ്ടോ എന്ന് നേരിട്ട് വ്യക്തമായി ചോദിക്കുക. ബന്ധത്തിൽ വ്യക്തത തേടുക. എന്നിട്ടും തുറന്നുപറയാൻ അവർ തയ്യാറാവുന്നില്ലെന്നാണെങ്കിൽ, ബൗണ്ടറി സൈറ്റ് ചെയ്യുക. വൈകാരികമായി പങ്കാളി അകന്നുപോയെന്ന് ഉറപ്പായാൽ നിങ്ങൾ ആ ബന്ധത്തിൽ കുടുങ്ങിക്കിടക്കേണ്ടതില്ല.

വ്യക്തതയില്ലാത്ത ബന്ധത്തിൽ തുടരുന്നതിലും നല്ലത് ബ്രേക്ക്അപ്പ് തന്നെയാണെന്നാണ് മാനസികാരോഗ്യവിദഗ്ദർ പറയുന്നത്

ബ്രേക്ക് അപ്പ് എന്ന ഓപ്ഷൻ പറയുന്നത്ര എളുപ്പമല്ലെങ്കിലും സോഫ്റ്റ് ഡംപിങ് നിങ്ങളുടെ മാനസികാരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും. മറുപുറത്തുള്ള വ്യക്തിക്ക് ബന്ധത്തിൽ താൽപര്യം കുറയുന്നെന്ന് തോന്നുമ്പോഴെല്ലാം സെൽഫ് ഡൗട്ട്, ഓവർതിങ്കിങ് തുടങ്ങിയ വില്ലൻമാർ നിങ്ങളെ കുഴക്കിയേക്കും. വ്യക്തതയില്ലാത്ത ബന്ധത്തിൽ തുടരുന്നതിലും നല്ലത് ബ്രേക്ക്അപ്പ് തന്നെയാണെന്നാണ് മാനസികാരോഗ്യവിദഗ്ദർ പറയുന്നത്.

SCROLL FOR NEXT