റെഡ്മി ടീം  Source: News Malayalam 24x7
LIFE

ആഘോഷങ്ങൾ ഏതുമാകട്ടെ ഒരു കോൾ മതി; കുടുംബശ്രീയുടെ റെഡ്മി ടീം റെഡിയാണ്

ഷൊർണൂർ നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്നും തിരഞ്ഞെടുത്ത 20 കുടുംബശ്രീ വനിതകളാണ് സംരംഭത്തിന് പിന്നിലുള്ളത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്‌: ആഘോഷങ്ങൾ ഏതുമാകട്ടെ ഒന്നു വിളിച്ചാൽ ഇനിമുതൽ കുടുംബശ്രീയുടെ റെഡ്മി ടീം ഓടിയെത്തും. ആഘോഷങ്ങൾക്കുള്ള പാചകം, വധുവിനെ ഒരുക്കാനുള്ള ബ്യൂട്ടീഷ്യൻ, വാഹനങ്ങൾ, കലാപരിപാടികൾ തുടങ്ങി ട്രാഫിക് നിയന്ത്രണം വരെ ചെയ്ത് ശ്രദ്ധ നേടുകയാണ് ഷൊർണൂർ നഗരസഭയുടെ കുടുംബശ്രീ സംരഭമായ റെഡ്മി ഇവന്റ് മാനേജ്മെൻ്റ് ടീം.ഷൊർണൂർ നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്നും തിരഞ്ഞെടുത്ത 20 കുടുംബശ്രീ വനിതകളാണ് സംരംഭത്തിന് പിന്നിലുള്ളത്.

സാധാരണക്കാര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരുക്കി മുന്നേറുന്ന ഷൊർണൂർ കുടുംബശ്രീ സിഡിഎസ് ചലനം മെൻ്റർഷിപ്പ് പ്രോഗ്രാമിൻ്റെ ഭാഗമായി രൂപീകരിച്ച പുതിയ സംരംഭമാണ് റെഡ്മി ഇവൻ്റ് മാനേജ്മെൻ്റ്. ജില്ലയിൽ ആദ്യമായാണ് ഇത്തരം ഒരു കുടുംബശ്രീ സംരംഭം ആരംഭിക്കുന്നത്. നഗരസഭയിലെ തിരഞ്ഞെടുത്ത 20 വനിതകളാണ് ഇതിന് നേതൃത്വം നൽകുന്നത്. കുടുംബശ്രീ മുഖേനയാണ് ഇവർക്ക് ആവശ്യമായ പരിശീലനം നൽകിയത്. നിലവിൽ ഭക്ഷണം വിളമ്പുക മാത്രമാണ് ഇവർ ചെയ്യുന്നത്. കൃത്യമായ പാചക പരിശീലനം നൽകുകയാണ് അടുത്ത ലക്ഷ്യം.

സംരഭം വിജയകരമായി മുന്നോട്ട് പോവുകയാണെങ്കിൽ ജോയിൻ്റ് അക്കൗണ്ട് തുടങ്ങി 20 അംഗങ്ങൾക്ക് വേതനം കൂടുതൽ നൽകും. കൂടാതെ ഒരു ഓഫീസ് തുറക്കാനും നഗരസഭ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നഗരസഭയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ റെഡ്മി ഇവന്റ് മാനേജ്മെന്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എം. കെ. ജയപ്രകാശ് നിർവഹിച്ചിരുന്നു.അതേ ചടങ്ങിൽ വച്ച് തന്നെ 20 അംഗങ്ങൾക്കുള്ള അംഗത്വ ബാഡ്‌ജുകളും നൽകി. റെഡ്മി ഇവൻ്റ് മാനേജ്മെൻ്റിന് ഇതിനോടകം തന്നെ വർക്ക്‌ ഓർഡറുകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

SCROLL FOR NEXT