കൊല്ലം: ചടയമംഗലത്ത് ദളിത് യുവാവിനെ ആളുമാറി മർദിച്ച കേസിൽ അന്വേഷണം വഴിമുട്ടി. സുരേഷിനെയും ഭാര്യയെയുമാണ് കാട്ടാക്കട എസ്ഐ മനോജ് ക്വട്ടേഷൻ സംഘത്തിനൊപ്പം എത്തി വീട് കയറി ആക്രമിച്ചത്. എസ്ഐ മനോജിൻ്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി റിപ്പോർട്ട് പുറത്തുവന്നിട്ടും നടപടി എടുത്തില്ലെന്നാണ് ഇപ്പോൾ ഉയർന്നുവരുന്ന ആക്ഷേപം.
ചടയമംഗലം സ്വദേശി സുരേഷ് രാത്രിയിൽ കുടുംബത്തോടൊപ്പം ഇരിക്കുമ്പോഴാണ് കാട്ടാക്കട എസ്ഐ മനോജും ഗുണ്ടാസംഘവും വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ചത്. വിലങ്ങു വെച്ച ശേഷം ക്രൂരമായി തല്ലിച്ചതച്ചു. തടയാൻ ശ്രമിച്ച ഭാര്യക്കും മർദനമേറ്റിരുന്നു. 2024 ഓഗസ്റ്റ് മാസത്തിലായിരുന്നു അതിക്രമം നടന്നത്.
കാട്ടാക്കട സ്റ്റേഷൻ പരിധിയിൽ ഉണ്ടായ വെട്ട് കേസിലെ പ്രതി എന്ന് ആരോപിച്ചായിരുന്നു ആക്രമണം നടത്തിയത്. പൊലീസ് വാഹനത്തിൽ കയറ്റിയ ശേഷവും അക്രമം തുടർന്നുവെന്ന് സുരേഷ് പറഞ്ഞു. പിന്നീട് സുരേഷ് അല്ല പ്രതി എന്ന് തിരിച്ചറിഞ്ഞതോടെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ ചടയമംഗലം പൊലീസിൽ സുരേഷ് പരാതി നൽകി. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. അന്വേഷണത്തിൽ മനോജിൻ്റെ ഭാഗത്തു ഗുരുതരമായ ചട്ട ലംഘനം ഉണ്ടായതായി റിപ്പോർട്ട് നൽകിയെങ്കിലും, റിപ്പോർട്ടിൽ മേൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
നിലവിൽ കേസ് ഏതാണ്ട് അവസാനിച്ചനിലയിലാണ്. എസ്ഐ മനോജിൻ്റെയും ഗുണ്ടസംഘത്തിൻ്റെയും ഭീഷണി ഇപ്പോഴും ഉണ്ട്. നീതി ലഭിക്കാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കാനാണ് സുരേഷിൻ്റെ തീരുമാനം.