ജയ്പൂരിൽ നടന്ന 2025 മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ കിരീടം ചൂടിയിരിക്കുകയാണ് രാജസ്ഥാൻ സ്വദേശി മണിക വിശ്വകർമ. മിസ്സ് യൂണിവേഴ്സ് ഇന്ത്യ 2024 റിയ സിംഗ തന്റെ കിരീടം മണികയ്ക്ക് കൈമാറി. 48 മത്സരാര്‍ഥികളെ പിന്നിലാക്കിയാണ് മണിക കിരീടം ചൂടിയത്. ഉത്തര്‍ പ്രദേശ് സ്വദേശി താന്യ ശര്‍മ ഫസ്റ്റ് റണ്ണറപ്പും ഹരിയാനയില്‍ നിന്നുള്ള മെഹക് ധിംഗ്ര സെക്കന്റ് റണ്ണറപ്പുമായി. ഈ വര്‍ഷം അവസാനം തായ്‌ലന്‍ഡില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ മണിക.
മിസ് യൂണിവേഴ്സ് ഇന്ത്യ ഗ്രാൻഡ് ഫിനാലെയിൽ, മണികയുടെ വിജയം ഉറപ്പിച്ചത് അവരുടെ യുക്തിബോധം തന്നെയായിരുന്നു. വെല്ലുവിളി നിറഞ്ഞ ചോദ്യം തന്നെയാണ് മണികയ്ക്ക് അവസാനഘട്ടത്തിൽ അഭിമുഖീകരിക്കേണ്ടി വന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി വാദിക്കുക, ദരിദ്ര കുടുംബങ്ങൾക്ക് ഉടനടി സാമ്പത്തിക സഹായം നൽകുക- ഇതിൽ ഒന്ന് തിരഞ്ഞെടുക്കാനായിരുന്നു മണികയോടുള്ള ചോദ്യം.
ഒട്ടും പതറാതെ ബുദ്ധിയും യുക്തിയും സംയോജിപ്പിച്ച് മണിക ഉത്തരം നൽകി. "ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ," തിരഞ്ഞെടുപ്പിന്റെ സങ്കീർണ്ണതയെ അംഗീകരിച്ചുകൊണ്ടാണ് മണിക ഉത്തരം പറയാൻ തുടങ്ങിയത്. സാമ്പത്തിക സഹായത്തെ പൂർണമായും തള്ളാതെ, കൂടുതൽ കാലം നിലനിൽക്കുന്ന ഒരു പരിഹാരമായി മണിക സ്ത്രീ വിദ്യാഭ്യാസത്തെ തിരഞ്ഞെടുത്തു. "ഒരു വ്യക്തിയുടെ ജീവിതം മാത്രമല്ല ഇത് മാറ്റുക, ഈ രാജ്യത്തിന്റെ, ലോകത്തിന്റെ ഭാവിയുടെ മുഴുവൻ തലങ്ങളെയും ഇത് മാറ്റും. അതിനാൽ ഞാൻ തിരഞ്ഞെടുക്കുന്നത് സ്ത്രീകളുടെ വിദ്യാഭ്യാസമാണ്," അവർ വിശദീകരിച്ചു. വളരെക്കാലമായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട 50% ജനസംഖ്യയെ പഠിപ്പിക്കുകുമ്പോൾ രാജ്യത്തെ പല സാധ്യതകളും അൺലോക്ക് ചെയ്യുമെന്നും അതിന്റെ മൂലധനം ദാരിദ്ര്യത്തെ നേരിടാൻ സഹായിക്കുമെന്നും മണിക പറയുന്നു. ഇതോടെ വിധികർത്താക്കളും പ്രേക്ഷകരും വലിയ കയ്യടിയോടെ മണികയുടെ ഉത്തരം സ്വീകരിച്ചു.
ആരാണ് മണിക വിശ്വകർമ?
രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ സ്വദേശിയായ മണിക, നിലവിൽ ഡൽഹിയിലാണ് താമസിക്കുന്നത്. പൊളിടിക്കൽ സയൻസ്, സാമ്പത്തികശാസ്ത്രം എന്നിവയിൽ അവസാന വർഷ ബിരുദ വിദ്യാർഥിയാണ് മണിക. സൗന്ദര്യമത്സരവും പഠനവും ഒരുപോലെ കൊണ്ടുപോകുന്ന മണിക, കഴിഞ്ഞ വർഷം മിസ് യൂണിവേഴ്‌സ് രാജസ്ഥാന്‍ കിരീടം ചൂടിയിരുന്നു.
അക്കാദമിക് രംഗത്തെ മികവിന് പുറമെ, മാണിക ക്ലാസിക്കൽ നൃത്തത്തിലും ചിത്രകലയിലും പരിശീലനം നേടിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഒരു അന്താരാഷ്ട്ര സംരംഭമായ ബിംസ്റ്റെക് സെവോകോണിൽ ഇന്ത്യ പ്രതിനിധീകരിച്ചതും അവരാണ്.
സാമൂഹിക മാറ്റത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരാൾ കൂടിയാണ് മണിക. ന്യൂറോ ഡൈവേർജൻസിനെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന പ്ലാറ്റ്‌ഫോമായ ന്യൂറോനോവയുടെ സ്ഥാപകയാണ് അവർ. ഈ സംരംഭത്തിലൂടെ, എഡിഎച്ച്‌ഡി പോലുള്ള അവസ്ഥകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ മണികയ്ക്ക് കഴിഞ്ഞു. വൈകല്യങ്ങളേക്കാൾ അതുല്യമായ ശക്തിയാണ് ഇത്തരം അവസ്ഥകളെന്നാണ് മണികയുടെ പക്ഷം.