LIFE

ഫോട്ടോ അഡിക്റ്റ് ആണോ നിങ്ങൾ! വീട് ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കാറുണ്ടോ? പിന്നിൽ കാരണമുണ്ടെന്ന് സൈക്കോളജിസ്റ്റുകൾ

എന്നാൽ ചുവരുകളോ വീടുകളോ ഫോട്ടോകൾ കൊണ്ട് മൂടണമെന്ന് ഇതിനർഥമില്ല

Author : ന്യൂസ് ഡെസ്ക്

ഒരിക്കൽ ഒരഭിമുഖത്തിൽ ആലിയ ഭട്ട് തനിക്ക് ഒരു വലിയ ഫോട്ടോ ശേഖരം ഉണ്ടെന്നും അവയെ ജീവിതകാലം മുഴുവനും ഓർമകളായി നിലനിർത്തുമെന്നും പറഞ്ഞിരുന്നു. ഞാൻ ഫോട്ടോകൾ ശേഖരിക്കാൻ ഇഷ്ടപ്പെടുന്നയാളാണ്. ആ പ്രവൃത്തിയെ ഞാൻ വളരെ ആസ്വദിക്കുന്നുണ്ട്. പുതിയ വീട്ടിൽ ആ ഫോട്ടോകൾ കൊണ്ടുപോകും. ഞങ്ങളുടെ ഫോട്ടോകൾ, കുടുംബ ഫോട്ടോകൾ, കുഞ്ഞിന്റെ ഫോട്ടോകൾ തുടങ്ങി എല്ലാ ചിത്രങ്ങളും ഉൾപ്പെടുമ്പോൾ മാത്രമാണ് അതൊരു വീടാകുന്നത്. അല്ലെങ്കിൽ അവ വെറും ചുമരുകൾ മാത്രമാണ്, എന്നായിരുന്നു ആലിയയുടെ വാക്കുകൾ.

പലരും അവരുടെ വീടുകളിലോ, സ്വന്തമായുള്ള ഇടങ്ങളിലോ തങ്ങളുടെയോ അല്ലെങ്കിൽ പ്രിയപ്പെട്ട മറ്റെന്തെങ്കിലും ചിത്രങ്ങൾ സൂക്ഷിക്കാൻ ആ​ഗ്രഹിക്കുന്നവരാണ്. എന്നാൽ എന്തുകൊണ്ടാകും ആളുകൾ അവരുടെ ഇടങ്ങൾ ഫോട്ടോഗ്രാഫുകൾ കൊണ്ട് നിറയ്ക്കാൻ ഇഷ്ടപ്പെടുന്നത്? മനഃശാസ്ത്രപരമായി അതിന് എന്തെങ്കിലും കാരണങ്ങളുണ്ടോ? ഉണ്ടെന്നാണ് സൈക്കോളജിസ്റ്റുകൾ പറയുന്നത്.

ഭാവിയെപ്പറ്റിയും അടുത്തതായി എന്ത് സംഭവിക്കും എന്നിവയെക്കുറിച്ചുമെല്ലാം ആശങ്കാകുലരാകുന്ന ഈ ലോകത്ത്, ഇത്തരത്തിലുള്ള ഫോട്ടോഗ്രാഫുകൾ നമ്മളെ ഒരുപരിധിവരെ സന്തോഷവാന്മാരുക്കുമെന്നാണ് പറയുന്നത്. നമ്മൾ എവിടെ നിന്നാണ് ഇതുവരെ എത്തിയത്, നമ്മളുടെ ഇഷ്ടങ്ങൾ എന്തായിരുന്നു, ആരെ സ്നേഹിച്ചു, നമ്മളെ രൂപപ്പെടുത്തിയത് എന്താണ് എന്നൊക്കെ ഓർമിപ്പിക്കാൻ അവ നമ്മളെ സഹായിക്കും. അലങ്കാരങ്ങൾക്കപ്പുറത്ത് വൈകാരികമായ ഒന്നായാണ് ഫോട്ടോകൾ മാറുന്നതെന്നും സൈക്കോളജിസ്റ്റുകൾ പറയുന്നു.

മനഃശാസ്ത്രപരമായി നോക്കുമ്പോൾ മനുഷ്യർ സ്റ്റോറി ടെല്ലിങ് ക്രിയേച്ചറുകളാണ്. ഓർമകളിലൂടെയാണ് നമ്മൾ നമ്മുടെ ജീവിതത്തിന് അർഥം നൽകുന്നത്. അത്തരം ഓർമകൾ നിലനിർത്താനും ജീവിതത്തിലെ വൈകാരികമായ നിമിഷങ്ങൾ സംരക്ഷിക്കാനും ഫോട്ടോഗ്രാഫുകൾ സഹായിക്കുന്നു. ജീവിതത്തിലെ ദുഷ്‌കരമായ ഘട്ടങ്ങളിൽ ഇത് വളരെ സഹായകമാണെന്നും സൈക്കോളജിസ്റ്റുകൾ പറയുന്നു.

എന്നാൽ ചുവരുകളോ വീടുകളോ ഫോട്ടോകൾ കൊണ്ട് മൂടണമെന്ന് ഇതിനർഥമില്ല. നമുക്ക് പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഓർമപ്പെടുത്തുന്ന എന്തെങ്കിലും നമുക്ക് ചുറ്റുമുണ്ടായിരിക്കുക എന്നതാണ് അത് അർഥമാക്കുന്നത്. ചിലർക്ക് ചിത്രങ്ങളാകാം. മറ്റുചിലർക്ക് യാത്രകളിൽ നിന്ന് കിട്ടുന്ന വസ്തുക്കളോ സാധനങ്ങളോ ആകാം. ചിലർക്ക് കത്തുകളോ മറ്റു ചിലർക്ക് മറ്റെന്തെങ്കിലുമാകാം എന്നും സൈക്കോളജിസ്റ്റുകൾ വ്യക്തമാക്കുന്നു. ചിലപ്പോൾ അതുകൊണ്ടാകാം പലരും പ്രധാനപ്പെട്ട ദിവസങ്ങളിൽ നമുക്ക് ഫോട്ടോഗ്രാഫുകൾ കൈമാറുന്നത്. യഥാർഥത്തിൽ നമ്മൾ ആ ചിത്രങ്ങൾ വെറുതെ നോക്കുക മാത്രമല്ല ചെയ്യുന്നത്. നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന നിമിഷങ്ങളുമായി തിരിച്ച് വിളിക്കുക കൂടിയാണ്.

SCROLL FOR NEXT